പള്ളിമേടയില്‍ സിസിടിവി!അള്‍ത്താര ബാലികമാര്‍ വേണ്ട,വസ്ത്രം മാറാന്‍ പ്രത്യേകമുറി!രൂപതയുടെ തീരുമാനം
മുന്‍കരുതല്‍ നടപടികള്‍ പൊതുജനമധ്യത്തില്‍ ചര്‍ച്ചയ്ക്കിടയാക്കാതെ എത്രയും പെട്ടെന്ന് നടപ്പിലാക്കണമെന്നാണ് രൂപതയുടെ തീരുമാനം.
കല്‍പ്പറ്റ: വൈദികന്‍ പ്രതിയായ കൊട്ടിയൂര്‍ പീഡനക്കേസിന്റെ പശ്ചാത്തലത്തില്‍ പള്ളികളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ മാനന്തവാടി രൂപതയുടെ തീരുമാനം. വൈദികരെയും സന്യസ്തരെയും സംബന്ധിച്ച പരാതികള്‍ കൈകാര്യം ചെയ്യാന്‍ എല്ലാ ഇടവകകളിലും പ്രശ്‌നപരിഹാര സമിതി രൂപീകരിക്കാനും, പള്ളിമേടകളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്.
മാനന്തവാടി രൂപതയിലെ വൈദികരുടെയും പാസ്റ്ററല്‍ കൗണ്‍സിലിന്റെയും യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. എന്നാല്‍ കഴിഞ്ഞ തിങ്കളാഴ്ച ചേര്‍ന്ന രൂപതാ യോഗത്തിലെ തീരുമാനങ്ങള്‍ പരസ്യമായി പ്രഖ്യാപിച്ചിട്ടില്ലെന്നും മംഗളം ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. രൂപതയുടെ ഈ മുന്‍കരുതല്‍ നടപടികള്‍ പൊതുജനമധ്യത്തില്‍ ചര്‍ച്ചയ്ക്കിടയാക്കാതെ എത്രയും പെട്ടെന്ന് നടപ്പിലാക്കണമെന്നാണ് രൂപതയുടെ തീരുമാനം.

പ്രശ്‌നപരിഹാര സമിതി...
കൊട്ടിയൂര്‍ പീഡനം രൂപതയ്ക്കാകെ നാണക്കേടുണ്ടാക്കിയ പശ്ചാത്തലത്തിലാണ് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. എത്രയും പെട്ടെന്ന് എല്ലാ ഇടവകകളിലും പ്രശ്‌നപരിഹാര സമിതി രൂപീകരിക്കണമെന്നാണ് നിര്‍ദേശം. വൈദികര്‍, കന്യാസ്ത്രീകള്‍, എന്നിവര്‍ക്ക് പുറമേ അല്‍മായ പ്രതിനിധികളെയും സമിതിയില്‍ ഉള്‍പ്പെടുത്തണം.

നിര്‍മ്മാണ പ്രവൃത്തികള്‍ നിര്‍ത്തിവെയ്ക്കണം...
പള്ളിമേടകളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കും. പള്ളിമുറിയുടെ ഓഫീസ് ഇടങ്ങളിലാണ് ക്യാമറകള്‍ സ്ഥാപിക്കുന്നത്. ഇതിലൂടെ പള്ളിമേടകളിലെ സന്ദര്‍ശകര്‍ ആരൊക്കെയാണെന്ന് മനസിലാക്കാനാകും. ഇടവകകളിലെ എല്ലാ നിര്‍മ്മാണ പ്രവര്‍ത്തികളും നിര്‍ത്തിവെയ്ക്കാനും തീരുമാനമായി. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന അത്യാവശ്യമുള്ള പ്രവര്‍ത്തികല്‍ മാത്രം പൂര്‍ത്തിയാക്കും. പിരിവിന്റെയോ സംഭാവനയുടെയോ പേരില്‍ ശിക്ഷാ നടപടികള്‍ പാടില്ലെന്നും നിര്‍ദേശമുണ്ട്.

പള്ളിമുറിയില്‍ സ്ത്രീകള്‍ക്ക് നിയന്ത്രണം...
പള്ളികളില്‍ അള്‍ത്താര ബാലികമാര്‍ അനിവാര്യമല്ലെന്നും യോഗം വിലയിരുത്തി. അള്‍ത്താര ബാലികമാരുണ്ടെങ്കില്‍ അവര്‍ക്ക് വസ്ത്രം മാറാന്‍ പള്ളിയില്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തണം. പള്ളിമുറികളില്‍ സ്ത്രീകള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തണം. ഇടവകയിലെ വികാരിയെയും അസിസ്റ്റന്റ് വികാരിയെയും മാത്രമേ രാത്രിയില്‍ പള്ളിമുറിയില്‍ തങ്ങാന്‍ അനുവദിക്കുകയുള്ളു.

വിദേശത്തേക്ക് കൊണ്ടുപോകുന്നതിന് നിരോധനം...
തുറന്ന സ്ഥലങ്ങളിലേ ഇനിമുതല്‍ കൗണ്‍സിലിംഗ് നടത്താകൂ. ഗ്രൂപ്പുകള്‍, വ്യക്തികള്‍ എന്നിവരെ വിദേശയാത്രയ്ക്ക് കൊണ്ടുപോകുന്നതിനും രൂപത നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വൈദികരെ സംബന്ധിച്ച് വിശ്വാസികള്‍ക്ക് ആക്ഷേപങ്ങളുണ്ടെങ്കില്‍ പരാതി അറിയിക്കാം. കുര്‍ബാനയ്ക്കിടെ വ്യക്തികളെ തോജാവധം ചെയ്യുന്നത് വൈദികര്‍ അവസാനിപ്പിക്കണമെന്നും നിര്‍ദേശമുണ്ട്. സംഭാവന നല്‍കാത്തതിന്റെ പേരില്‍ മാമോദിസ,വിവാഹം,മരണാനന്തരകര്‍മ്മങ്ങള്‍ എന്നിവ നിഷേധിക്കരുതെന്നും യോഗത്തില്‍ തീരുമാനിച്ചു.

മുന്‍കരുതല്‍ നടപടികള്‍ വേണം...
വൈദികരും സന്യസ്തരും ആഡംബര ജീവിതത്തിലേക്ക് വഴിമാറുന്നത് ഗൗരവത്തോടെ കാണണമെന്ന് യോഗം വിലയിരുത്തി. ഒരു വൈദികന്‍ കാരണം രൂപതയ്ക്കാകെ നാണക്കേടുണ്ടാക്കിയതിന്റെ പശ്ചാത്തലത്തില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു.

മൗനം പാലിച്ചു...
കൊട്ടിയൂര്‍ സംഭവത്തില്‍ ധാര്‍മിക ഉത്തരവാദിത്വം രൂപതാ കേന്ദ്രത്തിനാണെന്നും, ഫാദര്‍ റോബിനെ കുറിച്ച് നിരവധി പരാതികളുയര്‍ന്നിട്ടും രൂപതാ അധികൃതര്‍ മൗനം പാലിച്ചുവെന്നുമാണ് അല്‍മായ പ്രതിനിധികള്‍ യോഗത്തില്‍ അഭിപ്രായപ്പെട്ടത്. എന്നാല്‍ സംഭവത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ അനുവദിക്കാതെ മുന്‍കരുതല്‍ നടപടികള്‍ വേഗത്തില്‍ നടപ്പിലാക്കാനാണ് യോഗത്തില്‍ തീരുമാനമുണ്ടായത്.












Click it and Unblock the Notifications