കുറ്റപത്രം വന്നാല്‍ രാജിവെക്കും; സൂചന നല്‍കി കെ എം മാണി
തിരുവനന്തപുരം: ബാര്‍കോഴക്കേസില്‍ വിജിലന്‍സ് തനിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചാന്‍ രാജിവെച്ചേക്കുമെന്ന് കെ എം മാണി സൂചന നല്‍കി. നേരത്തെ ഒരു ചാനലിനു നല്‍കിയ അഭിമുഖത്തില്‍ കുറ്റപത്രം നല്‍കിയാലും താന്‍ രാജിവെക്കില്ലെന്നായിരുന്നു കെ എം മാണിയുടെ നിലപാട്. ഇതേ തുടര്‍ന്ന് മാണിക്കെതിരെ യുഡിഎഫ് നേതാക്കള്‍ പ്രതിഷേധം അറിയിച്ചതോടെ കുറ്റപത്രം വന്നാല്‍ രാജിവെക്കില്ലെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് മാണി പറഞ്ഞു.
കുറ്റപത്രത്തില്‍ തന്റെ പേരുണ്ടാവില്ലെന്ന് ഉറപ്പുള്ളതുകൊണ്ടാണ് അങ്ങിനെ പറഞ്ഞതെന്ന് മാണി ന്യായീകരിക്കുന്നു. കുറ്റം ചെയ്യാത്ത തനിക്കെതിരെ ഒരു തെളിവുകളും ഇല്ല. അതുകൊണ്ടുതന്നെ പ്രതിയാക്കപ്പെടുമെന്ന ഭയമില്ലെന്നും മാണി വ്യക്തമാക്കി. കുറ്റപത്രത്തില്‍ പേരുവന്നാല്‍ അപ്പോള്‍ അതേക്കുറിച്ച് പ്രതികരിക്കും. ഒരു തെറ്റും താന്‍ ചെയ്തിട്ടില്ലെന്നും മാണി ആവര്‍ത്തിച്ചു.

ജോണി നെല്ലൂര്‍ അടക്കമുള്ള യുഡിഎഫ് നേതാക്കള്‍ രാജിവെക്കില്ലെന്ന മാണിയുടെ നിലപാടിനെതിരെ രംഗത്തെത്തിയിരുന്നു. അധാര്‍മികമാണ് മാണിയുടെ നിലപാടെന്നായിരുന്നു നേതാക്കളുടെ അഭിപ്രായം. ഇതിനു പിന്നാലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയിലും മാണിക്കെതിരെ കടുത്ത പ്രതിഷേധം ഉയര്‍ന്നു വരികയും ചെയ്തു.
കഴിഞ്ഞദിവസം സോണിയാ ഗാന്ധിയെ സന്ദര്‍ശിച്ച ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കെ എം മാണിക്കെതിരെ തെളിവുള്ള കാര്യം സോണിയാ ഗാന്ധിയെ ധരിപ്പിച്ചതായാണ് വിവരം. മാണി രാജിവെച്ചില്ലെങ്കില്‍ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ അഴിമതിക്കെതിരെ പ്രതികരിക്കുമെന്ന് കോണ്‍ഗ്രസിന്റെ എംപിമാരും സോണിയാ ഗാന്ധിയെ ധരിപ്പിച്ചിട്ടുണ്ട്.












Click it and Unblock the Notifications