മാണി ഗ്രൂപ്പ് ഇടതുപക്ഷത്തേക്ക്; നിലപാട് കടുപ്പിക്കുന്നു; യുഡിഎഫിനെ കണ്ണടച്ച് വിശ്വസിക്കില്ല
യുഡിഎഫില്‍ നിന്ന് അകലം പാലിക്കാനാണ് മാണി ഗ്രൂപ്പിന്റെ തീരുമാനം. ഇപ്പോള്‍ നിയമസഭയില്‍ സ്വതന്ത്ര ബ്ലോക്കായാണ് മാണി ഗ്രൂപ്പ് തുടരുന്നത്.
തിരുവനന്തപുരം: പ്രതിപക്ഷമായ യുഡിഎഫിനോട് അത്ര അടുപ്പം വേണ്ടെന്ന് കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന്റെ തീരുമാനം. പ്രതിപക്ഷത്തിന്റെ എല്ലാ നിലപാടുകളെയും ഇനി കണ്ണടച്ച് വിശ്വസിക്കില്ല. പിന്തുണയ്ക്കുമ്പോള്‍ രണ്ടുതവണ ആലോചിക്കും.
യുഡിഎഫില്‍ നിന്ന് അകലം പാലിക്കാനാണ് മാണി ഗ്രൂപ്പിന്റെ തീരുമാനം. ഇപ്പോള്‍ നിയമസഭയില്‍ സ്വതന്ത്ര ബ്ലോക്കായാണ് മാണി ഗ്രൂപ്പ് തുടരുന്നത്. ബാര്‍ കോഴ വിവാദത്തെ തുടര്‍ന്ന് യുഡിഎഫിലെ ഇരട്ട നീതി ചോദ്യം ചെയ്താണ് മാണി ഗ്രൂപ്പ് മുന്നണി വിട്ട് സ്വതന്ത്ര ബ്ലോക്കായി ഇരിക്കാന്‍ തീരുമാനിച്ചത്.

സംസ്ഥാനത്ത് ഭരണസ്തംഭനം ചൂണ്ടിക്കാട്ടി കഴിഞ്ഞദിവസം പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപോയിരുന്നെങ്കിലും മാണി ഗ്രൂപ്പ് സഹകരിച്ചിരുന്നില്ല. അവര്‍ സഭയില്‍ തന്നെ തുടര്‍ന്നു. ഇത് പുതിയ തീരുമാനത്തിന്റെ ഭാഗമാണെന്നാണ് വിലയിരുത്തല്‍.

പ്രത്യേക ബ്ലോക്കായി ഇരിക്കുന്നുണ്ടെങ്കിലും യുഡിഎഫിന്റെ പൊതു നിലപാടുകളോട് അവര്‍ യോജിച്ചിരുന്നു. ഇനി ഇത്തരമൊരു പൊരുത്തം ഉണ്ടാവില്ലെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. കടുത്ത തീരുമാനത്തിലെത്താന്‍ യുഡിഎഫ് നേതാക്കളുടെ ചില സമീപനങ്ങള്‍ തന്നെയാണെന്ന് അവര്‍ കുറ്റപ്പെടുത്തുന്നു.

കാരുണ്യ പദ്ധതി റദ്ദാക്കുന്നതിനെതിരേ കെ എം മാണി സെക്രട്ടേറിയറ്റ് പടിക്കല്‍ കഴിഞ്ഞാഴ്ച ഉപവാസ സമരം നടത്തിയിരുന്നു. ഈ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് യുഡിഎഫ് നേതാക്കളാരും എത്താത്തതാണ് മാണിയെ പ്രകോപിപ്പിച്ചത്. എന്നാല്‍ ഭരണകക്ഷിയുമായുള്ള മാണി ഗ്രൂപ്പിന്റെ അടുപ്പമാണ് പ്രതിപക്ഷ സമരങ്ങളെ പിന്തുണയ്‌ക്കേണ്ടെന്ന നിലപാടിലെത്താന്‍ കാരണമെന്നും റിപോര്‍ട്ടുണ്ട്.

കോട്ടയം ജില്ലയിലെ പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പുകളില്‍ മാണി ഗ്രൂപ്പിലെ സ്ഥാനാര്‍ഥികള്‍ ജയിച്ചത് സിപിഎമ്മിന്റെ സഹകരണത്തോടെയാണെന്ന് യുഡിഎഫ് നേതാക്കള്‍ പറയുന്നു. ഇതിനുള്ള പ്രത്യുപകാരമായാണ് മാണി പ്രതിപക്ഷ നീക്കങ്ങളോട് സഹകരിക്കാതിരിക്കുന്നതത്രെ. മാണി വിഭാഗം എല്‍ഡിഎഫിനോട് അടുപ്പം നിലനിര്‍ത്തുന്ന സമീപനമായിരിക്കും ഇനി സ്വീകരിക്കുക എന്നാണ് വിവരം.

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരില്‍ ധനമന്ത്രിയായിരുന്ന കെഎം മാണി ബാറുകള്‍ അനുവദിക്കുന്നതിന് ബാര്‍ മുതലാളിമാരില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്ന ആരോപണമാണ് പിന്നീട് വന്‍ കോളിളക്കം സൃഷ്ടിച്ച ബാര്‍കോഴ കേസ് ആയി മാറിയത്. തുടര്‍ന്ന് അന്നത്തെ പ്രതിപക്ഷമായ എല്‍ഡിഎഫ് സമരവുമായി രംഗത്തെത്തുകയും കോടതി നടപടികളിലേക്ക് സംഭവം നീങ്ങുകയും ചെയ്തതോടെ മാണി രാജിവയ്ക്കുകയായിരുന്നു.

കോഴക്കേസ് കത്തി നില്‍ക്കുമ്പോള്‍ മാണിയെ പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസ് നേതാക്കളോ മറ്റു യുഡിഎഫ് നേതാക്കളോ എത്തിയില്ലെന്നാണ് മാണി പക്ഷത്തിന്റെ ആരോപണം. പിന്നീട് ആരോപണ പ്രത്യാരോപണങ്ങള്‍ നടക്കവെയാണ് യുഡിഎഫ് സര്‍ക്കാര്‍ നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിട്ടത്. അപ്പോഴുള്ള രാഷ്ട്രീയ തരംഗം ഇടതുപക്ഷത്തിന് അനുകൂലമാവുകയും ചെയ്തു.

കേസ് ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്. മാണിക്കെതിരായ അന്വേഷണത്തിന്റെ തല്‍സ്ഥിതി റിപ്പോര്‍ട്ട് ഹാജരാക്കാന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി കഴിഞ്ഞ മാസം ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരം പ്രത്യേക റിപ്പോര്‍ട്ട് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ഹാജരാക്കി. ഇതിന് പുറമെ കോഴിക്കടത്തിന് കൈക്കൂലി വാങ്ങിയെന്ന ആരോപണവും മാണി നേരിടുന്നുണ്ട്.












Click it and Unblock the Notifications