മാണി രാജിവെക്കേണ്ട; തുടരന്വേഷണം നടക്കട്ടെ, നിയമസഭാകക്ഷി യോഗത്തിന്റെ പിന്തുണ
തിരുവനന്തപുരം: മന്ത്രി കെ.എം.മാണി രാജിവെക്കേണ്ടതില്ലെന്ന് കേരള കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ തീരുമാനം . വിജിലന്‍സ് കോടതിവിധിയുടെ പശ്ചാത്തലത്തിലായിരുന്നു യോഗം. കോടതി നിര്‍ദേശിച്ച തുടരന്വേഷണം നടക്കട്ടെയെന്ന് യോഗത്തിനുശേഷം വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ.ജോസഫ് പറഞ്ഞു. മാണിയുടെ ഔദ്യോഗികവസതിയില്‍ ചേര്‍ന്ന യോഗം അദ്ദേഹത്തിന് പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു.
മാണി രാജിവെക്കേണ്ട ആവശ്യമില്ല. ഒറ്റക്കെട്ടായി ഇത് നേരിടുമെന്ന് തോമസ് ഉണ്ണിയാടനും മോന്‍സ് ജോസഫും പറഞ്ഞു. പ്രതിപക്ഷം കെ എം മാണിയുടെ രാജി ആവശ്യപ്പെടുന്ന സാഹചര്യത്തിലാണ് യോഗം ഇത്തരത്തിലുള്ള തീരുമാനമെടുത്തത്.

എന്നാല്‍ മുഖ്യമന്ത്രി ഒഴികെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് രാജി വേണ്ടെന്ന നിലപാട് പരസ്യമാക്കാത്തതും യോഗത്തില്‍ ചര്‍ച്ചയായി. വരുംദിവസങ്ങളില്‍ കോണ്‍ഗ്രസില്‍നിന്നടക്കം ഉണ്ടാകാവുന്ന അഭിപ്രായപ്രകടനങ്ങളും വിലയിരുത്തി.
കെ.എം.മാണി അധ്യക്ഷനായി. ഡെപ്യൂട്ടി ചെയര്‍മാന്‍ സി.എഫ്.തോമസ്, എം.പി.മാരായ ജോസ് കെ.മാണി, ജോയ് എബ്രഹാം, ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍, എം.എല്‍.എ.മാരായ മോന്‍സ് ജോസഫ്, ടി.യു.കുരുവിള, റോഷി അഗസ്റ്റിന്‍, എന്‍.ജയരാജ് എന്നിവര്‍ പങ്കെടുത്തു.












Click it and Unblock the Notifications