മണിയുടെ ഓര്‍മ്മയ്ക്കായ് സ്ഥാപിച്ച കെടാവിളക്ക് പോലീസ് അടിച്ച് തകര്‍ത്തു?
തൃശൂര്‍: അന്തരിച്ച പ്രശസ്ത നടന്‍ കലാഭവന്‍ മണിയുടെ ഓര്‍മ്മയ്ക്കായി സ്ഥാപിച്ച കെടാവിളക്ക് പോലീസ് അടിച്ച് തകര്‍ത്തെന്ന് പരാതി. കലക്ടറുടെ ഉത്തരവിനെ തുടര്‍ന്നാണ് അടിച്ചു തകര്‍ത്തത്. രണ്ടരവര്‍ഷമായി ചാലക്കുടിക്ക് സമീപം പ്രവര്‍ത്തിക്കുന്ന കലാഭവന്‍ മണി സേവ സമിതി ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തിലായിരുന്നു കെടാവിളക്ക് സ്ഥാപിച്ചത്.
ഇരുന്നൂറോളം പ്രവര്‍ത്തകരാണ് സമിതിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നത്. റോഡപകടങ്ങളില്‍പ്പെട്ടവരെയും മറ്റ് സഹായങ്ങള്‍ അഭ്യര്‍ത്ഥിച്ച് വരുന്നവരെയും സഹായിക്കുന്ന സമിതി പ്രദേശവാസികള്‍ക്ക് ഏറെ ആശ്വാസം പകരുന്നതായിരുന്നു. ഈ സമിതി മികച്ച രീതിയില്‍ മുന്നോട്ട് പോകുന്നതിനിടയിലാണ് കലാഭവന്‍ മണി മരിച്ചത്.

സമീപവാസികള്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയോടെ കെട്ടിടവും സാമഗ്രികളും പൊക്ലെയിന്‍ ഉപയോഗിച്ച് നിരപ്പാക്കിയത്. കെടാവിളക്ക് മാറ്റി സ്ഥാപിക്കണമെന്ന് നേരത്തെ പോലീസ് ആവശ്യപ്പെട്ടിരുന്നു. കെടാവിളക്ക് മാറ്റി സ്ഥാപിക്കാന്‍ സാവകാശം ചോദിച്ചിരുന്നതായി സമിതി അംഗങ്ങള്‍ പറയുന്നു.
എന്നാല്‍ അത് അനുവദിക്കാതെ കെടാവിളക്കും അന്നദാനത്തിന് ഉപയോഗിക്കുന്ന പാത്രങ്ങളും സഹിതം അടിച്ചുടച്ചത് പ്രതിഷേധാര്‍ഹമാണെന്ന് സമിതി അംഗങ്ങള്‍ കുറ്റപ്പെടുത്തുന്നു. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് സമിതിക്ക് പുതിയ കെട്ടിടം ലഭിച്ചത്. അതിനാല്‍ തന്നെ എല്ലാ സാധനങ്ങളും മാറ്റാന്‍ സാധിച്ചില്ല. കെടാവിളക്കും അണച്ചിരുന്നില്ല.












Click it and Unblock the Notifications