ഇടുക്കി സീറ്റില്‍ വിട്ടുവീഴ്ചയില്ലെന്ന് മാണി
തിരുവനന്തപുരം: ഇത്തവണത്തെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് രണ്ട് സീറ്റുകള്‍ വേണമെന്ന ആവശ്യത്തില്‍ കേരള കോണ്‍ഗ്രസ് എമ്മും കെഎം മാണിയും ഉറച്ച് തന്നെ. കോട്ടയത്തിന് പുറമേ ഇടുക്കി സീറ്റും തങ്ങള്‍ക്ക് കിട്ടിയേ തീരൂ എന്നാണ് പാര്‍ട്ടിയുടെ ആവശ്യം.
കഴിഞ്ഞ ദിവസം കോട്ടയത്ത് ചേര്‍ന്ന് പാര്‍ട്ടി ഉന്നതാധികാര സമിതി യോഗത്തിലാണ് പാര്‍ട്ടി നിലപാടില്‍ ശക്തമായി നില്‍ക്കാന്‍ തീരുമാനിച്ചത്. അടുത്ത ദിവസം നടക്കുന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ ഇക്കാര്യം വീണ്ടും ഉന്നയിക്കും.

നിലവില്‍ കോട്ടയം സീറ്റ് മാത്രമാണ് കേരള കോണ്‍ഗ്രസ് എമ്മിനുള്ളത്. മാണിയുടെ മകന്‍ ജോസ് കെ മാണിയാണ് ഇവിടത്തെ എംപി. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിലും ജോസ് കെ മാണി തന്നെയായിരിക്കും കേരള കോണ്‍ഗ്രസിന്റെ കോട്ടയം സ്ഥാനാര്‍ത്ഥി.
എന്നാല്‍ എല്‍ഡിഎഫ് വിട്ട് കെഎം മാണിക്കൊപ്പം ചേര്‍ന്ന പിജെ ജോസഫ് വിഭാഗത്തെ തൃപ്തിപ്പെടുത്താനാണ് ഇടുക്കി സീറ്റിന് വേണ്ടി ആവശ്യപ്പെടുന്നത്. നേരത്തെ ഇടുക്കി എംപിയായിരുന്ന ഫ്രാന്‍സിസ് ജോര്‍ജ്ജിന് ഇത്തവണ ഇടുക്കി സീറ്റ് നല്‍കണം എന്നാണ് ജോസഫിന്റെ ആവശ്യം. ഇക്കാര്യം അംഗീകരിച്ചില്ലെങ്കില്‍ പാര്‍ട്ടി പിളരുമെന്ന സൂചനയും പിജെ ജോസഫ് നേരത്തെ നല്‍കിയിരുന്നു.
ഇടുക്കി സീറ്റ് കേരള കോണ്‍ഗ്രസ്സിന് കിട്ടണം എന്ന് ജോസഫ് വിഭാഗത്തിന്റെ ആവശ്യത്തിനെതിരെ സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജ്ജ് രംഗത്ത് വന്നിരുന്നു. ഇടുക്കി സീറ്റിനെച്ചൊല്ലി പിസി ജോര്‍ജ്ജും ഫ്രാന്‍സിസ് ജോര്‍ജ്ജും തമ്മിലുള്ള പ്രസ്താവനായുദ്ധം അതിര് വിടുമെന്ന ഘട്ടത്തിലാണ് പാര്‍ട്ടി ചെയര്‍മാന്‍ കെഎം മാണി ഇടപെട്ടത്.
സിറ്റിങ് സീറ്റ് ആയ ഇടുക്കി വിട്ടുകൊടുക്കാന്‍ കോണ്‍ഗ്രസ് തയ്യാറാവില്ലെന്നാണ് സൂചന.












Click it and Unblock the Notifications