അച്ഛന്റെ പ്രായമുളള പ്രമുഖ മലയാളി സംവിധായകൻ, മുറിയിലേക്ക് വിളിച്ച് ദുരുപയോഗം ചെയ്തു, വെളിപ്പെടുത്തി നടി അശ്വനി
മലയാളി സംവിധായകനില്‍ നിന്നും പീഡനം നേരിട്ടതായുളള നടി അശ്വിനി നമ്പ്യാരുടെ വെളിപ്പെടുത്തല്‍ ചര്‍ച്ചയാകുന്നു. മലയാളത്തിലെ അറിയപ്പെടുന്ന സംവിധായകന്‍ മുറിയിലേക്ക് വിളിച്ച് വരുത്തി മോശമായി പെരുമാറിയെന്നാണ് അശ്വിനിയുടെ ആരോപണം.
മണിച്ചിത്രത്താഴ്, ധ്രുവം അടക്കമുളളള ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് രുദ്ര എന്ന അശ്വിനി നമ്പ്യാര്‍. ഇന്ത്യ ഗ്ലിറ്റ്‌സ് തമിഴിന് നല്‍കിയ അഭിമുഖത്തിലാണ് നടിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍.
''ഇത്രയും വര്‍ഷമായി ഈ വിഷയത്തെ കുറിച്ച് ആരോടും പറഞ്ഞിട്ടില്ല. കഴിഞ്ഞ വര്‍ഷമാണ് ഇതേക്കുറിച്ച് ഒരു ടിവി ഷോയില്‍ ആദ്യമായി സംസാരിച്ചത്. അത് കാസ്റ്റിംഗ് കൗച്ച് ആണെന്ന് പറയാനാകില്ല. അത്തരമൊരു സാഹചര്യത്തില്‍ താന്‍ പെട്ട് പോയി എന്നേ പറയാനൊക്കൂ. ആളുടെ പേര് താന്‍ പറയുന്നില്ല. മറന്ന് മാപ്പ് കൊടുക്കാം, അശ്വിനി പറഞ്ഞു''.

''അയാള്‍ അറിയപ്പെടുന്ന ഒരു സംവിധായകന്‍ ആണ്. എന്തോ സംസാരിക്കാനുണ്ട് എന്ന് പറഞ്ഞ് തന്നോട് ഓഫീസിലേക്ക് ചെല്ലാന്‍ പറഞ്ഞു. അക്കാലത്ത് താന്‍ എവിടെ പോയാലും അമ്മ കൂടെ ഉണ്ടാകുമായിരുന്നു. അമ്മ ഒരു ഉരുക്ക് വനിത ആയിരുന്നു. അന്നത്തെ ദിവസം അമ്മയ്ക്ക് സുഖമില്ലായിരുന്നു. തന്നോട് ഹെയര്‍ ഡ്രസ്സര്‍ ആയ സ്ത്രീക്കൊപ്പം പോയി വരാന്‍ പറഞ്ഞു.
ആ സംവിധായകന്റെ ഓഫീസും വീട്ടില്‍ തന്നെ ആയിരുന്നു. താഴെ ഓഫീസും മുകളില്‍ വീടും ആയിരുന്നു. ഞങ്ങള്‍ ഓഫീസില്‍ അദ്ദേഹത്തെ കാത്തിരുന്നു. അപ്പോള്‍ പറഞ്ഞു അദ്ദേഹം മുകളിലാണ് അങ്ങോട്ട് പോയി കണ്ടോളൂ എന്ന്. ഒപ്പം വന്ന സ്ത്രീ മുകളിലേക്ക് വന്നില്ല. അന്ന് താന്‍ വളരെ ചെറുപ്പമായിരുന്നു. മുകളില്‍ പോയപ്പോള്‍ ആരെയും കണ്ടില്ല.
അപ്പോള്‍ തന്നെ അയാള്‍ മുറിക്ക് അകത്തേക്ക് വിളിച്ചു. ഇദ്ദേഹത്തിന്റെ കൂടെ നേരത്തെ താന്‍ ഒരു സിനിമ ചെയ്തിട്ടുളളതാണ്. മലയാളം സിനിമയായിരുന്നു. പരിചയമുളള ആളായത് കൊണ്ട് താന്‍ മുറിക്ക് അകത്തേക്ക് പോയി. മുറിയില്‍ വെച്ച് അയാള്‍ തന്നോട് മോശമായി പെരുമാറി. മുറിക്ക് അകത്തേക്ക് പോയത് പോലെ അല്ല താന്‍ തിരികെ വന്നത്. എന്താണ് നടന്നത് എന്ന് തനിക്ക് മനസ്സിലായില്ല.
താന്‍ ആണോ തെറ്റ് ചെയ്തത് അതോ അയാള്‍ ആണോ, ഞാന്‍ അവസരം കൊടുത്തതാണോ എന്നൊക്കെ ഉളള ആശക്കുഴപ്പത്തില്‍ ആയിരുന്നു. താഴെ വന്ന് ഒപ്പം വന്ന സ്ത്രീയോട് വീട്ടിലേക്ക് പോകാമെന്ന് പറഞ്ഞു. വീട്ടിലെത്തിയപ്പോള്‍ അമ്മ ചോദിച്ചു എന്ത് പറ്റി ആകെ വിഷമിച്ചിരിക്കുന്നു എന്ന്. അമ്മയോട് എന്ത് പറയണം എന്ന് തനിക്ക് അറിയില്ലായിരുന്നു. കാരണം ഇത്ര നാള്‍ ഒരു ബോഡി ഗാര്‍ഡിനെ പോലെ തന്നെ സംരക്ഷിച്ചിരുന്നത് അമ്മ ആയിരുന്നു. അമ്മയോട് എങ്ങനെ പറയും തനിക്ക് ഇങ്ങനെ ഒന്ന് സംഭവിച്ചു എന്ന്.
പക്ഷേ പറയാതെ വേറെ വഴി ഇല്ലായിരുന്നു. അമ്മയോട് താന്‍ കാര്യം പറഞ്ഞു. അമ്മയ്ക്ക് സഹിക്കാനായില്ല. തകര്‍ന്ന് പോയി. അമ്മ കുറേ കരഞ്ഞു. ഞാന്‍ കാരണമാണല്ലോ ഇങ്ങനെ ഉണ്ടായത് എന്നൊക്കെ പറഞ്ഞ് കരഞ്ഞു. അമ്മയെ താന്‍ വേദനിപ്പിച്ചു എന്നായിരുന്നു തന്റെ തോന്നല്‍. അങ്ങനെ അന്ന് രാത്രി താന്‍ ഉറക്ക ഗുളിക എടുത്ത് കഴിഞ്ഞു. ആശുപത്രിയില്‍ എത്തിച്ചത് കൊണ്ട് ജീവന്‍ രക്ഷപ്പെട്ടു.
അതിന് ശേഷം അമ്മ പറഞ്ഞു, ഇത് നിന്റെ തെറ്റല്ല. അങ്ങനെ ഒരിക്കലും ചിന്തിക്കരുത്. അത് അയാളുടെ തെറ്റാണ് എന്ന്. അയാള്‍ തന്റെ അച്ഛന്റെ പ്രായമുളള ആളായിരുന്നു. അതൊരു വലിയ പാഠമായിരുന്നു. ആ സംഭവം തന്നെ കരുത്തയാക്കി. അതിന് ശേഷം അമ്മയുടെ തുണ ഇല്ലാതെ തന്നെ പതുക്കെ പതുക്കെ ഷൂട്ടിനൊക്കെ പോയിത്തുടങ്ങി. എന്ത് വന്നാലും നേരിടും എന്നൊരു ധൈര്യം കിട്ടിയത് അതിന് ശേഷമാണ് എന്നും അശ്വിനി നമ്പ്യാര്‍ പറഞ്ഞു.












Click it and Unblock the Notifications