മണിപ്പൂരിലെ ഒരു എഞ്ചിന്‍ പൈലറ്റ് രാജിവെച്ചു: അടുത്തയാള്‍ എന്നാണ് രാജിവെക്കുക: എഎ റഹീം
ഡല്‍ഹി: കലാപത്തിന്റെ പശ്ചാത്തലത്തില്‍ രാജിആവശ്യം സ്വന്തം പാർട്ടിക്ക് ഉള്ളില്‍ നിന്ന് തന്നെ ഉയർന്നുന്നതിനിടെ ഇന്നലെയാണ് ബിരേന്‍ സിങ് മണിപ്പൂരിന്റെ മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നത്. ഡല്‍ഹിയിലെത്തി ബി ജെ പി ദേശീയ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമായിരുന്നു രാജി പ്രഖ്യാപനം. മണിപ്പൂർ നിയമസഭയില്‍ കോണ്‍ഗ്രസ് ഇന്ന് അവിശ്വാസം പ്രമേയം കൊണ്ടുവരാന്‍ നീക്കം നടത്തുകയായിരുന്നു.
ബിരേൻ സിങ്ങിനോട് അതൃപ്തിയുള്ള ചില ബി ജെ പി, എന്‍ ഡി എ സഖ്യകക്ഷി എം എൽ എമാർ അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കുമെന്ന റിപ്പോർട്ടുണ്ടായിരുന്നു. ഈ സാഹചര്യം ഗവർണർ അജയ് ഭല്ല കേന്ദ്രത്തെ അറിയിച്ചു. ഇതോടെ ബിരേന്‍ സിങ്ങിനെ ബി ജെ പി നേതൃത്വം ഡല്‍ഹിയിലേക്ക് വിളിപ്പിക്കുകയും പിന്നാലെ രാജിവെക്കുകയുമായിരുന്നു.

അതേസമയം, ബിരേന്‍ സിങ്ങിന്റെ രാജിക്ക് പിന്നാലേയും കേന്ദ്രത്തിലേയും സംസ്ഥാനത്തേയും ബി ജെ പി സർക്കാറിനെതിരെ രൂക്ഷമായ വിമർശനമാണ് എഎ റഹീം എംപി നടത്തുന്നത്. മണിപ്പൂരിലും കേന്ദ്രത്തിലും അധികാരത്തിലിരിക്കുന്ന ബി ജെ പി ക്ക് ഇപ്പോഴും തുടരുന്ന ഈ വംശീയ കലാപത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്നു മാറിനിൽക്കാനാവില്ലെന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്.
എഎ റഹീമിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം
മണിപ്പൂർ മുഖ്യമന്ത്രി രാജിവച്ചു.രക്തം കൊണ്ടാകും രാജിക്കത്ത് തയ്യാറാക്കിയിട്ടുണ്ടാകുക. രണ്ട് വർഷമായി വംശീയമായ ഏറ്റുമുട്ടലിൽ ഒഴുകിയത് ആയിരക്കണക്കിന് മനുഷ്യരുടെ ചോരയും കണ്ണുനീരുമാണ്.നഗ്നരായി പരേഡിന് വിധിക്കപ്പെട്ട വനിതകളുടെ ദൃശ്യം മുതൽ പുറത്തു വന്ന വാർത്തകളിലും കാഴ്ചകളിലും മനുഷ്യരെല്ലാം കരഞ്ഞിട്ടുണ്ട്.മണിപ്പൂരിനു പുറത്ത് മണിപ്പൂരിനെക്കുറിച്ചോർത്ത് ഒഴുകിയതും ചോരനിറമുള്ള കണ്ണുനീർ.
ഇത്രയും കാലത്തിനിടയിൽ ഈ 'വംശീയ യുദ്ധം 'അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാരിന് കഴിഞ്ഞില്ല.കലാപം തുടങ്ങിയതിൽ പിന്നെ പ്രധാനമന്ത്രി ഇന്നുവരെ അവിടേയ്ക്ക് ചെന്നിട്ടു കൂടിയില്ല. 'ഇന്ത്യ പൊളിറ്റിക്കൽ ബ്ലോക്ക് എം പി മാർ മണിപ്പൂർ സന്ദർശിച്ചപ്പോൾ ഞാനും സംഘത്തിലുണ്ടായിരുന്നു. കണ്ട കാഴ്ചകൾ ഇപ്പോഴും പിന്തുടരാറുണ്ട്.തകർത്തെറിഞ്ഞ ക്രൈസ്തവ ആരാധനാലയങ്ങൾ, ഉറ്റവരെ നഷ്ടപ്പെട്ടവർ, ആയുധങ്ങളുമായി തെരുവുകളിൽ ശത്രുവിനെ തിരയുന്ന സ്ത്രീകൾ.
നല്ലനിലയിൽ പോയിരുന്ന ഇന്നലകളെ ഓർത്തെടുക്കുന്നുണ്ടായിരുന്നു ചിലർ. ഒരുമിച്ചു ഒരു കുഴപ്പവുമില്ലാതെ ജീവിച്ചിരുന്നവരായിരുന്നു. പെട്ടെന്നാണ് എല്ലാം മാറി മറിഞ്ഞത്. ആസൂത്രിതമായ രാഷ്ട്രീയ നീക്കമായിരുന്നു ഈ കലാപം. ഡബിൾ എഞ്ചിൻ സർക്കാർ മണിപ്പൂരിലും കേന്ദ്രത്തിലും അധികാരത്തിലിരിക്കുന്ന ബി ജെ പി ക്ക് ഇപ്പോഴും തുടരുന്ന ഈ വംശീയ കലാപത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്നു മാറിനിൽക്കാനാവില്ല. ഒരു എഞ്ചിന്റെ പൈലറ്റ് ഇന്ന് രാജി വച്ചു. അടുത്തഎഞ്ചിൻ എപ്പോഴാണ് രാജിവയ്ക്കുക?












Click it and Unblock the Notifications