'അപമാനം കൊണ്ട് തല കുനിഞ്ഞു പോകുന്നു, ഇനിയും ഒരു നിമിഷം നീതി വൈകിക്കൂടാ';പ്രതികരിച്ച് താരങ്ങൾ
കൊച്ചി: മണിപ്പൂരിൽ കുക്കി വിഭാഗത്തിൽപെട്ട രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തുകയും കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്ത സംഭവത്തിൽ പ്രതികരിച്ച് താരങ്ങൾ. നടൻമാരായ സുരാജ് വെഞ്ഞാറമൂട്, ആന്റണി പെപ്പെ എന്നിവരാണ് രൂക്ഷവിമർശനം ഉയർത്തിയത്. സംഭവം അസ്വസ്ഥത ഉണ്ടാക്കുന്നുവെന്നും നീതി ഒരു നിമിഷം പോലും വൈകിക്കൂടെന്നും സൂരാജ് ഫേസ്ബുക്കിൽ കുറിച്ചു.
'മണിപ്പൂർ അസ്വസ്ഥതയുണ്ടാക്കുന്നു, അപമാനം കൊണ്ട് തല കുനിഞ്ഞു പോകുന്നു,
ഇനിയും ഒരു നിമിഷം നീതി വൈകിക്കൂടാ', എന്നായിരുന്നു സുരാജിന്റെ പോസ്റ്റ്. 'മണിപ്പൂർ, എന്ന് നടന്നു എപ്പോൾ നടന്നു എന്നത് അല്ല ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തത് നടന്നു എന്നതാണ് സത്യം. ഇനിയും നമ്മൾ എന്ന് മനസ്സിലാക്കും? എന്ന് മാറും? ആ പകുതി മങ്ങിയ ഫോട്ടോ പോലും ഷെയർ ചെയ്യാൻ പറ്റില്ല, ഇനിയും കാണാൻ പറ്റാത്തത് കൊണ്ടാണ്', പെപ്പെ ഫേസ്ബുക്കിൽ കുറിച്ചു.

മണിപ്പൂർ സംഭവത്തിൽ ബോളുവുഡ് താരങ്ങളും രൂക്ഷപ്രതികരണമായി രംഗത്തെത്തിയിരുന്നു. ദൃശ്യങ്ങൾ ഞെട്ടിക്കുന്നതാണെന്നായിരുന്നു നടൻ അക്ഷയ് കുമാർ ട്വീറ്റ് ചെയ്തത്. 'മണിപ്പൂരിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുടെ വീഡിയോ കണ്ടപ്പോൾ ഞെട്ടലും നിരാശയുമാണ് തോന്നിയത്. ഇനിയാരും ഇത്രയും നീചമായ പ്രവൃത്തി ചെയ്യാൻ ധൈര്യപ്പെടാത്ത വിധത്തിൽ കുറ്റവാളികൾക്ക് കഠിനമായ ശിക്ഷ ലഭിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു', നടൻ ട്വീറ്റിൽ പറഞ്ഞു. .
'മണിപ്പൂരിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുടെ വീഡിയോ ഭയപ്പെടുത്തുന്നതാണ്. സ്ത്രീകൾക്ക് എത്രയും വേഗം നീതി ലഭിക്കണമെന്ന് പ്രാർത്ഥിക്കുന്നു. കുറ്റവാളികൾക്ക് അവർ അർഹിക്കുന്ന ഏറ്റവും കഠിനമായ ശിക്ഷ ലഭിക്കണം', കിയാര അദ്വാനി പറഞ്ഞു.
'മണിപ്പൂർ വീഡിയോയിൽ ഞെട്ടി തരിച്ച് പോയി. മെയ് മാസത്തിൽ നടന്നൊരു സംഭവമായിട്ട് കൂടി അതിൽ ഒരു നടപടിയും ഇതുവരെ ഉണ്ടായില്ല. അധികാര ലഹരിയിൽ കുതിരപ്പുറത്ത് ഇരിക്കുന്നവർ, അവരുടെ ഷൂ നക്കുന്ന മാധ്യമ കോമാളികൾ, നിശബ്ദരായ സെലിബ്രിറ്റികൾ ഇവരെയൊക്കെ ഓർത്ത് ലജ്ജ തോന്നുന്നു. ഇന്ത്യാക്കാരെ\ഭാരതീയരെ എപ്പോഴാണ് നമ്മൾ ഇത്രയും പരിതാപകമരമായ അവസ്ഥയിലേക്ക് അധഃപതിച്ചത്', നടി ഊര്‍മ്മിള മണ്ഡോദ്കര്‍ ട്വീറ്റിൽ പറഞ്ഞു.
മെയ് നാലിന് കാൻഗ്പോക്പി ജില്ലയിലായിരുന്നു രാജ്യത്തിന് തന്നെ നാണക്കേടായ ഞെട്ടിക്കുന്ന സംഭവം നടന്നത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. അതേസമയം സംഭവത്തിൽ കുറ്റവാളികൾക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. സംഭവത്തിൽ മുഖ്യപ്രതി ഹൊറാദാസിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications