'മണിപ്പൂരില്‍' ഇടഞ്ഞ് ക്രിസ്ത്യാനികള്‍: പിന്നാലെ സിവില്‍ കോഡും, കേരളത്തിലെ ബിജെപി മോഹങ്ങള്‍ തകരുമോ?
തിരുവനന്തപുരം: കേരളത്തിലെ ന്യൂനപക്ഷ വിഭാഗങ്ങളില്‍, പ്രത്യേകിച്ച് ക്രിസ്ത്യന്‍ സമുദായത്തിനിടയില്‍ സ്വാധീനമുണ്ടാക്കാന്‍ വലിയ ശ്രമങ്ങളായിരുന്നു ബിജെപി അടുത്തിടെ നടത്തി വന്നത്. ദേശീയ നേതാക്കള്‍ തന്നെ കേരളത്തിലെത്തി സമുദായ നേതാക്കളെ കണ്ടപ്പോള്‍ ക്രിസ്ത്യന്‍ പുരോഹിതരുമായുള്ള ചർച്ചകള്‍ക്ക് മോദിയും അവസരം നല്‍കി. ഇതിന്റെ അനുരണനം എന്നോണം ബിജെപി അനുകൂല പ്രസ്താവനയുമായി സമുദായത്തില്‍ നിന്നും പുരോഹിതരും രംഗത്തെത്തി.
ബിജെപിയുടെ ഒത്താശയില്‍ ക്രിസ്ത്യന്‍ നേതാക്കള്‍ക്ക് പ്രാമുഖ്യം നല്‍കികൊണ്ടുള്ള പുതിയ പാർട്ടിയുടെ പ്രഖ്യാപനവും അടുത്തിടെ നടക്കുകയുണ്ടായി. എന്നാല്‍ മണിപ്പൂരില്‍ സംഘർഷം, ഏകസിവില്‍ കോഡ് തുടങ്ങിയ വിഷയങ്ങള്‍ ബിജെപിയോടുള്ള അകല്‍ച്ച പഴയത് പോലെ നിലനിർത്തുമോയെന്ന ആശങ്കയാണ് സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗത്തിനുള്ളത്. മേല്‍പ്പറഞ്ഞ വിഷയങ്ങളില്‍ കോണ്‍ഗ്രസും സിപിഎമ്മും ബിജെപിക്കെതിരെ സംസ്ഥാനത്ത് ശക്തമായ പ്രചരണങ്ങള്‍ നടത്തി വരുന്നുമുണ്ട്.

2024-ൽ കേരളത്തിലെ 20 ലോക്‌സഭാ സീറ്റുകളിൽ കുറഞ്ഞത് അഞ്ച് സീറ്റുകളിലെങ്കിലും വിജയിക്കുകയെന്ന വലിയ പദ്ധതിയാണ് ബിജെപിക്കുള്ളത്. ഈ നേട്ടം കൈവരിക്കുന്നതിന് സംസ്ഥാനത്തെ ഏകദേശം 33 ദശലക്ഷം ജനസംഖ്യയുടെ 18 ശതമാനത്തിലധികം വരുന്ന ക്രിസ്ത്യാനികളുടെ ശക്തമായ പിന്തുണ ആവശ്യമാണെന്ന ബോധ്യവും നേതാക്കള്‍ക്കുണ്ട്. അതുകൊണ്ടാണ് ക്രിസ്ത്യന്‍ ജനവിഭാഗങ്ങളെ പാർട്ടിയോട് അടുപ്പിക്കാനുള്ള നീക്കം അവർ ശക്തമാക്കിയതും.
നേരത്തെ വലിയ തോതില്‍ കോണ്‍ഗ്രസിനെ പിന്തുണച്ചിരുന്ന ക്രിസ്ത്യന്‍ വിഭാഗത്തില്‍ ഇന്ന് എല്‍ഡിഎഫിനേയും ബിജെപിയും പിന്തുണയ്ക്കുന്നവരുണ്ട്. ഇതില്‍ ബിജെപിയെ പിന്തുണയ്ക്കുന്നവരുടെ സംഖ്യ വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ കേരളത്തിലുടനീളം വ്യാപിച്ചുകിടക്കുന്ന ക്രിസ്ത്യൻ സമൂഹവുമായി ബന്ധം സ്ഥാപിക്കാൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെസ് രാധാകൃഷ്ണനെ ചുമതലപ്പെടുത്തുകയും ചെയ്തു. മുൻ കോൺഗ്രസ് നേതാവായിരുന്ന രാധാകൃഷ്ണന് സഭാ നേതാക്കളെ ബിജെപി കേന്ദ്ര നേതൃത്വവുമായി ബന്ധിപ്പിക്കുന്നതിൽ നിർണ്ണായ പങ്കുവഹിക്കാന്‍ സാധിച്ചിട്ടുണ്ടെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.
എന്നാല്‍ സംസ്ഥാനത്തും കേന്ദ്രത്തിലും അധികാരത്തിലിരുന്നിട്ടും, മെയ് 3 മുതൽ മണിപ്പൂരിൽ നടക്കുന്ന കലാപം അടിച്ചമർത്താന്‍ കഴിയാത്തതില്‍ ബിജെപിയെ പ്രതിക്കൂട്ടില്‍ നിർത്തുകയാണ് ക്രിസ്ത്യന്‍ സമൂഹം. കേന്ദ്രത്തിനെതിരെ പ്രത്യക്ഷ സമരവുമായി പുരോഹിതന്മാർ തന്നെ രംഗത്ത് വന്നത് കേരളത്തിലെ ക്രിസ്ത്യാനികൾക്കിടയിൽ പാർട്ടി കണ്ണുവെച്ചിരുന്ന മോഹങ്ങള്‍ക്ക് കടുത്ത തിരിച്ചടി നല്‍കിയെന്നാണ് വിലയിരുത്തപ്പെടുന്നത്.
എകീകൃത സിവില്‍ കോഡ് നടപ്പിലാക്കാന്‍ ഒരുങ്ങുന്നതാണ് കേരളത്തില്‍ ബിജെപിക്ക് തിരിച്ചടിയായേക്കാവുന്ന മറ്റൊരു വിഷയം. ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കാനുള്ള ബിജെപിയുടെ ശ്രമം ജനസംഖ്യയുടെ 26 ശതമാനം വരുന്ന മുസ്ലീങ്ങളെ കൂടുതൽ സിപിഎമ്മിലേക്ക് നയിച്ചേക്കാമെന്നാണ് രാഷ്ട്രീയ നിരീക്ഷകരെ ഉദ്ധരിച്ചുകൊണ്ട് ടൈംസ് ഓഫ് ഇന്ത്യ അവകാശപ്പെടുന്നത്.
എകീകൃത സിവില്‍ കോഡിനെതിരെ സിപിഎം സംസ്ഥാന കമ്മിറ്റി സംസ്ഥാനത്തുടനീളം പ്രതിഷേധം പ്രഖ്യാപിക്കുകയും മുസ്ലീം ലീഗിനെയും സംസ്ഥാനത്തെ പ്രമുഖ മുസ്ലീം മതസംഘടനയായ സമസ്ത കേരള ജെം-ഇയ്യത്തുൽ ഉലമയെയും ഇതിലേക്ക് ക്ഷണിക്കുകയും ചെയ്തു. സിപിഎം സ്വീകരിച്ച സിഎഎ വിരുദ്ധ നിലപാട് നിയമസഭ തിരഞ്ഞെടുപ്പില്‍ അവർക്ക് വലിയ രീതിയില്‍ ഗുണം ചെയ്തിരുന്നു. സമാനമായ സാഹചര്യമാണ് വീണ്ടും ഉയർന്ന് വരുന്നതെന്നും വിലയിരുത്തപ്പെടുന്നു.












Click it and Unblock the Notifications