ആരാണ് മനിതിക്ക് പിന്നില്‍? എന്താണ് മനിതി? എന്തൊക്കെയാണ് ലക്ഷ്യങ്ങള്‍; സംഘടനയെക്കുറിച്ച് കൂടുതലറിയാം
പത്തനംതിട്ട: ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച് സുപ്രീകോടതി വിധിപുറപ്പെടുവിച്ചിട്ട് മാസങ്ങള്‍ കഴിഞ്ഞെങ്കിലും പത്തിനും അമ്പതിനും ഇടയില്‍ പ്രായമുള്ള ഒരു സ്ത്രീക്കും ഇതുവരെ സന്നിധാനത്ത് എത്താന്‍ കഴിഞ്ഞിട്ടില്ല. കോടതി വിധിയുടെ പശ്ചാത്തലത്തില്‍ നിരവധി സ്ത്രീകള്‍ മലകയറാനായി എത്തിയെങ്കിലും കനത്ത പ്രതിഷേധത്തെ തുടര്‍ന്ന് തിരിച്ചു പോവേണ്ടി വന്നിരുന്നു.
ഈ സന്ദര്‍ഭത്തിലാണ് ശബരിമല സന്ദര്‍ശനം നടത്തിയതിന് ശേഷമെ മടങ്ങൂ എന്നുള്ള ഉറച്ചനിലപാടുമായി തമിഴ്‌നാട്ടില്‍ നിന്നുള്ള മനിതി പ്രവര്‍ത്തകര്‍ കേരളത്തിലേക്ക് പുറപ്പെട്ടത്. വഴിയിലുടനീളമുള്ള പ്രതിഷേധങ്ങളെ നേരിട്ട് പമ്പയിലെത്തിയ അവരിപ്പോള്‍ പമ്പയിലാണ് ഉള്ളത്. തമിഴ്‌നാട്ടിലാണ് പിറവിയെങ്കിലും ദേശിയതലത്തില്‍ താലപര്യമുള്ള സംഘടനയാണ് മനിതി. മനിതിയേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളിലേക്ക്..

സ്ത്രീ
മനിതി എന്നാല്‍ സ്ത്രീ എന്നാണ് അര്‍ത്ഥം. ചെന്നൈ നഗരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘടനയാണെങ്കിലും കേരളത്തിലെ ഒരു സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു 2016 ല്‍ മനിതി സംഘം രൂപ്പെട്ടത്.

പിറവിക്ക് കാരണം
പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ത്ഥിനിയുടെ കൊലപാതകമായിരുന്നു സംഘടനയുടെ പിറവിക്ക് കാരണം. സംഭവത്തില്‍ പ്രതിഷേധം രേഖപ്പെടുത്താനായി സ്ത്രീകള്‍ ചെന്നൈ മറീന ബീച്ചില്‍ ഒത്തുചേരുകയായിരുന്നു. ഈ സംഘമാണ് പിന്നീട് മനിതി സംഘമായി രൂപപ്പെട്ടത്.

പ്രവര്‍ത്തന മേഖല
ദുരഭിമാനക്കൊലകളടക്കമുള്ള വിഷയങ്ങളില്‍ സജീവമായി ഇടപെടുന്ന മനിതി കൂട്ടായ് ലൈംഗികാക്രമണം നേരിട്ടവര്‍, ആസിഡ് ആക്രമണം നേരിട്ടവര്‍, ലൈംഗികത്തൊഴിലാളികള്‍ തുടങ്ങിയവരുടെ പ്രശ്‌നങ്ങളിലെല്ലാം സംഘടന സ്ത്രീകള്‍ക്ക് വേണ്ടി നിലകൊള്ളുന്നു.

ലക്ഷ്യം
സ്ത്രീകള്‍ നേരിടുന്ന വിഷയങ്ങളില്‍ അവര്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുക എന്നതാണ് ഇവരുടെ ലക്ഷ്യം. വിവിധ മേഖലയിലുള്ള നിരവധി സ്ത്രീകളാണ് മനിതി സംഘടനയുടെ ഭാഗമായി നിലകൊള്ളുന്നത്. ഒരു രാഷ്ട്രീയപാര്‍ട്ടിയുമായോ മറ്റു സംഘടനകളുമായോ ബന്ധമില്ലാത്ത മനിതി സ്ത്രീ വിഷയങ്ങള്‍ക്ക് വേണ്ടി മാത്രമാണ് നിലകൊള്ളുന്നത്.

സാമൂഹ്യമാധ്യമങ്ങളിലൂടെ
ചെന്നൈ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നതെങ്കിലും സ്വന്തമായി ഒരു ഒഫീസ് കെട്ടിടം പോലും ഇവര്‍ക്കില്ല. സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് പ്രധാനമായും പ്രവര്‍ത്തനം. വിശ്വാസമുള്ളവരും വിശ്വാസമില്ലാത്തവരും മനിതി കൂട്ടായ്മയുടെ ഭാഗമാണ്. നേരത്തെ ജെല്ലിക്കെട്ട് വിഷയത്തിലും ഇവര്‍ ചെന്നൈ മറീന ബീച്ചില്‍ ഒത്തുചേര്‍ന്നിരുന്നു.

സ്വാഗതം ചെയ്തു
രാജ്യത്തെ പല സ്ഥലങ്ങളിലും സാന്നിധ്യമാകാനുളള ശ്രമവും സംഘടനയ്ക്കുണ്ട്. അഡ്വ. സെല്‍വിയാണ് നിലവില്‍ മനിതി സംഘത്തിന്റെ കോ-ഓര്‍ഡിനേറ്റര്‍. ശബരിമലയിലെ സ്ത്രീപ്രവേശന വിധിയെ തുടക്കത്തില്‍ തന്നെ സ്വാഗതം ചെയ്ത സംഘടനയാണ് മനിതി.

അനുമതി
സര്‍ക്കാറിന് അയച്ച് ഇ-മെയിലിന് അനുകൂല മറുപടി ലഭിച്ചതോടെയാണ് കേരളത്തിലേക്ക് പുറപ്പെട്ടത് എന്നാണ് സംഘടനാംഗങ്ങള്‍ അറിയിച്ചിരുന്നത്. എന്നാല്‍ സന്ദര്‍ശത്തിന് അനുമതി തേടി ഇതുവരെ തമിഴ്‌നാട്ടില്‍ നിന്നും ആരും പോലീസിനെ സമീപിച്ചിട്ടില്ലെന്നാണ് ഐജി മനോജ് എബ്രഹാം കഴിഞ്ഞ ദിവസം പറഞ്ഞത്.

രണ്ട് സംഘം
രണ്ട് സംഘങ്ങളായാണ് മനിത് പ്രവര്‍ത്തകര്‍ ശബരിമലയിലേക്ക് പുറപ്പട്ടെത്. ചെന്നൈയില്‍ നിന്ന് പന്തണ്ടും മധുരയില്‍ നിന്ന് ഒന്‍പത് പേരുമാണ് ശബരിമലയിലേക്ക് പുറപ്പെട്ടത്. ഒഡീഷ, മധ്യപ്രദേശ്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ വെള്ളിയാഴ്ച്ച രാത്രിയാണ് യാത്ര തുടങ്ങിയത്.

ശബരിമലയിലേക്ക്
മധുരയില്‍ നിന്നുള്ള സംഘം പോലീസ് സംരക്ഷണത്തില്‍ ടംബോ ട്രാവലറിലാണ് ശബരിമലയിലേക്ക് യാത്ര തിരിച്ചത്. എന്നാല്‍ സുരക്ഷാ കാരണങ്ങളാല്‍ ചെന്നൈയില്‍ നിന്നുള്ള സംഘം യാത്രാമാര്‍ഗം ഉള്‍പ്പടേയുള്ള കാര്യങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. ആദ്യസംഘത്തില്‍ സെല്‍വി ഉള്‍പ്പടേയുള്ള 11 പ്രവര്‍ത്തകരാണ് ഉള്ളത്.

ഇരുമുടിക്കെട്ട്
പുലര്‍ച്ചെ മൂന്നോടെ പമ്പയിലെത്തിയ മനിതി സംഘം കെട്ടുനിറയ്ക്കാനായി പമ്പയില്‍ ദേവസ്വം ബോര്‍ഡിന്റെ പരികര്‍മികളെ സമീപിച്ചെങ്കിലും അവര്‍ വിസ്സമതം അറിയിച്ചതോടെ 11 പേരടങ്ങുന്ന സംഘത്തിലെ ആറ് പേര്‍ സ്വയം ഇരുമുടിക്കെട്ട് നിറയ്ക്കുകയായിരുന്നു.

ആക്ടിവിസ്റ്റുകളല്ല
ആക്ടിവിസ്റ്റുകളല്ലെന്നും തങ്ങള്‍ വിശ്വാസികളാണെന്നും മനിതി പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു. വിശ്വാസികളുടെ മറ്റൊരു സംഘം ഉടന്‍ എത്തുമെന്ന് മനിതി നേതാവ് സെല്‍വി പറഞ്ഞു. അവര്‍ കെട്ടുനിറച്ച് മലകയറുമെന്നും സെല്‍വി അവകാശപ്പെട്ടു.

തിരിച്ചു പോവില്ല
സുരക്ഷ നല്‍കിയാല്‍ സന്നിധാനത്തേക്ക് പോകുമെന്നും അതുവരെ ഇവിടെ ഇരിക്കുമെന്നും ചര്‍ച്ചയില്‍ പോലീസിനെ അറിയിച്ചു. മനിതിയുടെ കൂടുതല്‍ പ്രവര്‍ത്തകര്‍ പമ്പയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. അതിനാല്‍ തിരിച്ചു പോവില്ലെന്നും ശെല്‍വി വ്യക്തമാക്കുന്നു.












Click it and Unblock the Notifications