മണിയൻപിള്ള രാജുവിന് സംഭവിച്ചത് എന്ത്? വെളിപ്പെടുത്തി മകൻ.. 'പ്രചരിക്കുന്നത് സത്യമല്ല'
കൊച്ചി: നടൻ മണിയൻ പിള്ള രാജുവിന്റെ ചിത്രങ്ങൾ അടുത്തിടെ വലിയ ചർച്ചയായിരുന്നു. മമ്മൂട്ടിയുടെ സന്തതസഹചാരിയായ ജോർജിന്റെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയപ്പോഴുള്ള ചിത്രങ്ങളാണ് ചർച്ചയ്ക്ക് വഴിവെച്ചത്. അത്യാവശ്യം തടിച്ച ശരീരപ്രകൃതമുള്ള രാജു വളരെ മെലിഞ്ഞ് ക്ഷീണിതനായാണ് ചിത്രത്തൽ ഉള്ളത്. ഇതോടെ അദ്ദേഹത്തിന് അർബുദമാണെന്നും ശബ്ദം പോയെന്നും ആരോഗ്യം വളരെ മോശമാണെന്നുമൊക്കെയുള്ള തരത്തിൽ വാർത്തകൾ പ്രചരിച്ചു. എന്നാൽ ഇപ്പോഴിതാ ഇത്തരം അഭ്യൂഹങ്ങളിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹത്തിന്റെ കുടുംബം. അച്ഛനെ കുറിച്ച് പ്രചരിക്കുന്ന വാർത്തകൾ സത്യമല്ലെന്ന് മകനും നടനുമായ നിരഞ്ജ് പറഞ്ഞു. മനോരമ ഓൺലൈനിനോടായിരുന്നു പ്രതികരണം.
അച്ഛന് ഇപ്പോൾ പൂർണ ആരോഗ്യവാനാണെന്ന് നിരഞ്ജ് വ്യക്തമാക്കി. അച്ഛന് എന്തോ മാരക രോഗമാണെന്ന തരത്തിലൊക്കെയാണ് ചിലർ പറയുന്നത്. ഇത്തരം വാർത്തകൾക്കൊന്നും ഞങ്ങൾ ശ്രദ്ധ കൊടുക്കാറ് പോലുമില്ല. അച്ഛന് തൊണ്ടയിൽ അർബുദമായിരുന്നു. കീമോയും റേഡിയേഷനുമൊക്കെ നടത്തിയതിനാൽ സ്വാഭാവികമായി തൈറോയിഡിൽ വ്യതിയാനം സംഭവിക്കും. അതാണ് മെലിയാൻ കാരണനായത്. മാത്രമല്ല കീമോ ചികിത്സ കഴിഞ്ഞാൽ വായിലെ തൊലിയൊക്കെ പോകും. ഇതൊക്കെ ശരിയാകാൻ ആറ് മാസത്തോളം എടുക്കും. ശരിയാകുമ്പോൾ നല്ല ഭക്ഷണമൊക്കെ കഴിച്ച് ആരോഗ്യം വീണ്ടെടുക്കാൻ സാധിക്കും', നിരഞ്ജ് പറഞ്ഞു.

മോഹൻലാലിനൊപ്പമുള്ള തുടരും എന്ന ചിത്രമാണ് രാജുവിന്റേതായി അടുത്തതായി ഇറങ്ങാനുള്ള ചിത്രം. വളരെ പ്രതീക്ഷയോടെയാണ് ഈ സിനിമയെ ഞങ്ങൾ നോക്കിക്കാണുന്നത്. അച്ഛന്റെ ഗംഭീരമായൊരു തിരിച്ചുവരവായിരിക്കും സിനിമയിലൂടെ നടത്തുക. ഉടൻ തന്നെ മോഹൻലാൽ നായകനായ ചിത്രത്തിന്റെ നിർണമാണവും നടക്കുമെന്നും നിരഞ്ജ് അറിയിച്ചു.
നേരത്തേ കൊവിഡ് കാലത്തും ഇത്തരത്തിൽ മണിയൻപിള്ള രാജുവിന്റെ ആരോഗ്യത്തെ കുറിച്ച് തെറ്റായ വാർത്ത പ്രചരിച്ചിരുന്നു. അന്നും രാജു മെലിഞ്ഞതിനെ കുറിച്ചായിരുന്നു അഭ്യൂഹങ്ങൾ. ഇതോടെ മകൻ നിരഞ്ജ് തന്നെ വാർത്തകൾ തള്ളി രംഗത്തെത്തി. അനാവശ്യ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം എന്തെങ്കിലും ഡയറ്റിലായതിനാലാകാം മെലിഞ്ഞത് എന്നുമായിരുന്നു നിരഞ്ജ് അന്ന് പറഞ്ഞത്.
അറുപത്തിയൊൻപത് വയസാണ് രാജുവിന്. 1975-ൽ പുറത്തിറങ്ങിയ ശ്രീകുമാരൻ തമ്പിയുടെ മോഹിനിയാട്ടം എന്ന ചിത്രത്തിലൂടെയാണ് മണിയൻപിള്ള രാജുവിന്റ സിനിമ അരങ്ങേറ്റം. 1981 ൽ ഇറങ്ങിയ മണിയൻപിള്ള അഥവാ മണിയൻപിള്ള എന്ന ചിത്രത്തിൽ നായകനായി. പിന്നീട് നിരവധി ചിത്രങ്ങളിൽ നായകനായും വില്ലനായും സഹനടനായുമെല്ലാം രാജു തിളങ്ങി. പ്രിയൻദർശൻ-മോഹൻലാൽ ഹിറ്റ് കോമ്പോ ചിത്രങ്ങളിലും രാജു പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരുന്നു. അനന്തഭദ്രമാണ് മണിയൻപിള്ള രാജു ആദ്യമായി നിർമ്മിച്ച ചിത്രം. തുടർന്ന് പത്തോളം സിനിമകൾ അദ്ദേഹം നിർമ്മിച്ചിട്ടുണ്ട്.












Click it and Unblock the Notifications