Get Updates
Get notified of breaking news, exclusive insights, and must-see stories!

'താങ്കളെ തിരഞ്ഞ് നാട്ടില്‍ വന്നിട്ടും കാണാനായില്ല മിസ്റ്റര്‍ അലി', വിഎസുമായി അടുത്തത് ഇങ്ങനെ

മലപ്പുറം ജില്ലയിലെ വിഎസ് പക്ഷക്കാരനായി അറിയപ്പെട്ടിരുന്ന നേതാവാണ് മങ്കട എംഎല്‍എ മഞ്ഞളാംകുഴി അലി. 2006 വരെ ഇരുവരും തമ്മില്‍ നേരില്‍ കണ്ടിരുന്നില്ല. എംഎല്‍എ ആയ ശേഷം എകെജി സെന്ററിലെ യോഗത്തിലാണ് ആദ്യമായി വിഎസിനെ നേരില്‍ കാണുന്നത് എന്ന് അലി ഓര്‍ക്കുന്നു. പുതിയ എംഎല്‍എ എന്ന നിലയില്‍ പരിചയപ്പെടുത്താന്‍ തോമസ് ഐസക് പേരുവിളിച്ചപ്പോള്‍ വിഎസ് പറഞ്ഞ കാര്യം ഇപ്പോഴും അലി മറന്നിട്ടില്ല.

തുടക്കത്തില്‍ അകലെ നിന്നാണ് വിഎസിനെ കണ്ടത്. സിപിഎമ്മിന്റെ മങ്കട ഏരിയാ സമ്മേളനത്തില്‍ ക്ഷണിക്കാന്‍ വേണ്ടിയാണ് ആദ്യം വിഎസിന്റെ മുന്നില്‍ പോയത്. പിന്നീടാണ് വിഎസുമായുള്ള അടുപ്പം തുടങ്ങിയത്. വിഎസിനെ ആവശ്യമുണ്ടെങ്കില്‍ അലിയോട് പറഞ്ഞാമതിയല്ലോ എന്ന് ജില്ലാ സെക്രട്ടറിയായിരുന്ന സൈതാലികുട്ടി പറഞ്ഞതും അലി ഓര്‍ക്കുന്നു.

manjalamkuzhi ali mla with vs-

അലിയും വിഎസും തമ്മിലുള്ള ബന്ധം പിന്നീട് ശക്തിപ്പെട്ടു. മലപ്പുറത്ത് വരുമ്പോഴെല്ലാം അലിയെ കാണാന്‍ വിഎസ് ശ്രമിക്കാറുണ്ട്. തന്നെയും വിഎസിനെയും ചേര്‍ത്ത് നിരവധി ഇല്ലാക്കഥകള്‍ പലരും മെനഞ്ഞിരുന്നുവെന്നും അലി പറയുന്നു. ഒടുവില്‍ മറ്റൊരു വഴിയില്‍ സഞ്ചരിക്കാന്‍ പോകുകയാണെന്ന് വിഎസിനെ അറിയിച്ചപ്പോള്‍ എന്താണ് അദ്ദേഹം നല്‍കിയ മറുപടി എന്നും അലി തന്റെ ഫേസ്ബുക്കില്‍ എഴുതിയ അനുസ്മരണ കുറിപ്പില്‍ വിശദീകരിക്കുന്നു.

മഞ്ഞളാംകുഴി അലിയുടെ കുറിപ്പ് വായിക്കാം: ''പാര്‍ട്ടിക്കാര്‍ക്കിടയില്‍ താങ്കളൊരു വിഎസ് പക്ഷക്കാരനാണെന്ന് വിഎസിന് അറിയാമായിരുന്നോ?'
മലപ്പുറം ജില്ലയിലെ വിഎസിന്റെ അടുത്തയാള്‍ എന്ന് ഖ്യാതിയുണ്ടായിരുന്ന കാലത്ത് ഒരു പത്രപ്രവര്‍ത്തക സുഹൃത്ത് എന്നോട് ചോദിച്ചതാണിത്. അതൊരു കൗതുകമുള്ള ചോദ്യമായിരുന്നു. സഖാവുമായി സിപിഎമ്മിലെ അകരാഷ്ട്രീയം ഒട്ടും സംസാരിക്കുകയോ ചര്‍ച്ച ചെയ്യുകയോ ചെയ്യാതിരുന്ന കാലത്താണ് നേതാക്കള്‍ക്കും അതുവഴി അണികള്‍ക്കുമിടയില്‍ ഞാന്‍ കടുത്ത 'വിഎസ് പക്ഷക്കാരനാ'യത്. ഞങ്ങള്‍ക്കിടയില്‍ അങ്ങനെയൊരു രാഷ്ട്രീയ ചര്‍ച്ചയ്ക്ക് ഇടമില്ലായിരുന്നുവെന്ന് ബോധ്യപ്പെടാത്തവര്‍ രൂപപ്പെടുത്തിയ കഥ. വിഎസ് പക്ഷമെന്ന പേരു പ്രചരിക്കാന്‍ അദ്ദേഹവുമായുള്ള അടുപ്പം വഴിയൊരുക്കിയെന്നതും ശരിതന്നെയാണ്.

2006 ല്‍ മങ്കടയില്‍ മല്‍സരിക്കുമ്പോള്‍ പ്രചരണത്തിനായി അദ്ദേഹം വന്നിരുന്നു. എന്നാല്‍ പ്രചരണ പ്രവര്‍ത്തനങ്ങളുടെ തിരക്കുകള്‍ക്കിടയില്‍ ആ വേദി അദ്ദേഹവുമായി പങ്കിടാന്‍ കഴിഞ്ഞിരുന്നില്ല. എംഎല്‍എ ആയശേഷം എകെജി സെന്ററില്‍ നടന്ന യോഗത്തിലാണ് അദ്ദേഹത്തെ ആദ്യമായി നേരില്‍ കാണുന്നത്. പുതുതായി തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാര്‍ സ്വയം പരിചയപ്പെടുത്തുന്ന സമയം. ഡോ. തോമസ് ഐസക്ക് എന്റെ പേരുവിളിച്ചു. ഉടന്‍ സമീപത്തുണ്ടായിരുന്ന വിഎസിന്റെ കമന്റ്.

'താങ്കളെ തിരഞ്ഞ് താങ്കളുടെ നാട്ടില്‍ വന്നിട്ടും കാണാനായില്ല മിസ്റ്റര്‍ അലി'. അതാണ് വിഎസിന്റെ ആദ്യത്തെ വര്‍ത്തമാനം. വാക്കുകളിലെ മൂര്‍ച്ഛയും ഗൗരവവും പറഞ്ഞുകേട്ട തെറ്റിദ്ധാരണകളും ചേര്‍ത്ത് അകലെ നില്‍ക്കാനാണ് അന്ന് ശ്രമിച്ചത്. സിപിഎമ്മിന്റെ മങ്കട ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി വിഎസിനെ കൊണ്ടുവരണമെന്ന രാജേന്ദ്രന്‍മാഷിന്റെ ആവശ്യവുമായാണ് ആദ്യം അദ്ദേഹത്തിന്റെ മുന്നില്‍പോയത്. വരാമെന്നേറ്റു, വന്നു.

'വിഎസിനെ ആവശ്യമുണ്ടെങ്കി അലിയോട് പറഞ്ഞാമതിയല്ലോ' എന്ന് അന്ന് ജില്ലാസെക്രട്ടറിയായിരുന്ന സെയ്താലിക്കുട്ട്യാക്ക പറഞ്ഞതും ഓര്‍ക്കുന്നു. പിന്നീടങ്ങോട്ട് വിഎസുമായി അടുപ്പമുണ്ടായി. നിലപാടുകളിലെ സത്യസന്ധത മനസ്സിലായിത്തുടങ്ങിയെന്നതാണ് സത്യം. മലപ്പുറത്ത് എവിടെ പരിപാടികള്‍ക്കുവന്നാലും വീട്ടില്‍ വരുകയും താമസിക്കുകയും ചെയ്യുന്നത് അദ്ദേഹത്തിന്റെ പതിവായി. ആ ബന്ധമാണ് മലപ്പുറം സമ്മേളനത്തിലെ വിഭാഗീയതയിലേക്ക് എന്റെ പേര് വലിച്ചിഴയ്ക്കാന്‍ കാരണമായത്. അന്ന് വിഎസിനെ കാണാനും ചര്‍ച്ചകള്‍ക്കുമായി വീട്ടിലെത്തിയിരുന്ന നേതാക്കള്‍ പലരും സമ്മേളനത്തില്‍ ഇല്ലാക്കഥകള്‍ മെനഞ്ഞുവെന്നത് എനിക്കും വിഎസിനും അത്രയും അടുപ്പമുള്ള ചിലര്‍ക്കും മാത്രമറിയുന്ന സത്യം.

'പലതും സഹിക്കാനാവുന്നില്ലെന്നും മതിയാക്കുകയാണെന്നും' ചെന്നു പറഞ്ഞപ്പോള്‍ അദ്ദേഹം വിലക്കിയില്ല. അദ്ദേഹത്തിന്റെ പക്ഷക്കാരനായിരുന്നെങ്കില്‍ എന്നെ നിലനിര്‍ത്താനെങ്കിലും അദ്ദേഹം ശ്രമിക്കുമായിരുന്നു. എന്റെ ഇഷ്ടം പോലെ ചെയ്യുക എന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. പാര്‍ട്ടിയുമായി വേര്‍പിരിഞ്ഞശേഷവും അദ്ദേഹവുമായി വ്യക്തിബന്ധം തുടര്‍ന്നു. കരുത്തുള്ള ആ നിലപാടുകള്‍പോലെ തന്നെയായിരുന്നു എന്നോടുള്ള ബന്ധവും സ്നേഹവും. സിപിഎം രാഷ്ട്രീയത്തിനപ്പുറമുള്ള കാര്യങ്ങള്‍ തുറന്നു സംസാരിക്കാന്‍ സന്‍മനസ്സും സ്വാതന്ത്ര്യവുമുണ്ടായിരുന്നു എന്ന ബോധ്യംതന്നെയാണ് ഞങ്ങള്‍ക്കിടയിലെ അടുപ്പം.
നിലപാടുകളുടെ ആ ഉറച്ച ശബ്ദം നിലയ്ക്കുകയില്ല. ഓര്‍മ്മകള്‍ മരിക്കുകയുമില്ല...''

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+