കെ സുരേന്ദ്രന്‍ വേണ്ട; 2006 ആവര്‍ത്തിക്കില്ലെന്ന് സിപിഎം, മഞ്ചേശ്വരം മണ്ഡലത്തില്‍ പാലം വലിക്കുമോ
നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്ന മല്‍സരം നടക്കുന്ന മണ്ഡലമാണ് കാസര്‍ക്കോട്ടെ മഞ്ചേശ്വരം. ബിജെപി ഇഞ്ചോടിഞ്ച് വ്യത്യാസത്തില്‍ വന്ന് തോല്‍ക്കുന്ന മണ്ഡലം. യുഡിഎഫ് തുടര്‍ച്ചയായി ജയിക്കുന്ന നിയമസഭാ സീറ്റ്. ഇടക്കാലത്ത് ഇടതുപക്ഷം അട്ടിമറി ജയം നേടിയ മണ്ണ്. ഇതെല്ലാം മഞ്ചേശ്വരത്തെ എന്നും മാധ്യമ ചര്‍ച്ചകളില്‍ നിറയ്ക്കുന്ന ഘടകങ്ങളാണ്.
ബിജെപി ജയിക്കാന്‍ സാധ്യതയുള്ള മണ്ഡലത്തില്‍ എല്‍ഡിഎഫ്, യുഡിഎഫ് കക്ഷികളുടെ തിരഞ്ഞെടുപ്പ് തന്ത്രം എന്ത് എന്ന ചോദ്യം കുറച്ചുനാളികളായി സൈബറിടത്ത് പ്രധാന ചര്‍ച്ചയാണ്. ഇന്ത്യ സഖ്യം മല്‍സരിക്കുമോ, വേറിട്ട് നിന്ന് ബിജെപിക്ക് ജയിക്കാന്‍ കളമൊരുക്കുമോ തുടങ്ങിയ ചോദ്യങ്ങളെല്ലാമുണ്ട്. ഇതുവരെയുള്ള ചര്‍ച്ചകള്‍ പ്രകാരം മുസ്ലിം ലീഗും സിപിഎമ്മും ബിജെപിയും സ്ഥാനാര്‍ഥികളെ നിര്‍ത്തും.

2011 മുതല്‍ മൂന്ന് തവണ തുടര്‍ച്ചയായി കെ സുരേന്ദ്രന്‍ ബിജെപി സ്ഥാനാര്‍ഥിയായ മണ്ഡലമാണ് മഞ്ചേശ്വരം. ആദ്യം 5800 വോട്ടിന് തോറ്റ സുരേന്ദ്രന്‍ 2016ല്‍ ശരിക്കും ഞെട്ടിച്ചു. കടുത്ത മല്‍സരത്തില്‍ 89 വോട്ടുകള്‍ക്ക് പൊരുതിതോറ്റു. 2021ല്‍ 855 വോട്ടുകള്‍ക്കായിരുന്നു സുരേന്ദ്രന്റെ തോല്‍വി. ഇനിയും സുരേന്ദ്രന്‍ വേണ്ട എന്നാണ് ബിജെപി പ്രാദേശിക നേതൃത്വത്തിന്റെ നിലപാട്. ഇറക്കുമതി നേതാക്കള്‍ വേണ്ടെന്ന് അവര്‍ പറയുന്നു.
എങ്കിലും പ്രാദേശിക താല്‍പ്പര്യങ്ങള്‍ക്ക് അപ്പുറം ബിജെപി സംസ്ഥാന ഘടകത്തിന്റെ തീരുമാനമായിരിക്കും നിര്‍ണായകം. യുഡിഎഫിന് വേണ്ടി മുസ്ലിം ലീഗിലെ എകെഎം അഷ്‌റഫ് തന്നെ മല്‍സരിക്കാനാണ് സാധ്യത. മറ്റുചില പേരുകളും ഉയര്‍ന്നുവന്നിട്ടുണ്ട്. ബിജെപിക്ക് ജയസാധ്യതയുള്ള മണ്ഡലത്തില്‍ സിപിഎം സ്ഥാനാര്‍ഥിയെ നിര്‍ത്തുമോ എന്ന ചോദ്യമാണ് ബാക്കി.
സിപിഎം അട്ടിമറി ജയം നേടിയ 2006ലെ തിരഞ്ഞെടുപ്പ്
ഏകദേശം 40000 വോട്ടാണ് മഞ്ചേശ്വരം മണ്ഡലത്തില്‍ എല്ലാ തിരഞ്ഞെടുപ്പുകളിലും സിപിഎം സ്ഥാനാര്‍ഥിക്ക് ലഭിച്ചിട്ടുള്ളത്. 2006ല്‍ സിഎച്ച് കുഞ്ഞമ്പു അട്ടിമറി വിജയം നേടിയ ഘട്ടത്തില്‍ ലഭിച്ചത് 39242 വോട്ടുകളാണ്. അന്ന് രണ്ടാം സ്ഥാനത്ത് എത്തിയത് ബിജെപിയുടെ നാരായണ്‍ ഭട്ട് ആയിരുന്നു. 34413 വോട്ട് ഭട്ടിന് ലഭിച്ചു. മുസ്ലിം ലീഗിന്റെ ചെര്‍ക്കളം അബ്ദുള്ളയ്ക്ക് 34186 വോട്ട് നേടി ആദ്യമായി മൂന്നാംസ്ഥനത്തില്‍ തൃപ്തിപ്പെടേണ്ടി വന്നു.
2006ലെ അട്ടിമറി ജയത്തിന് കാരണം മുസ്ലിം ലീഗിലെ ഭിന്നതയായിരുന്നു എന്ന് സിഎച്ച് കുഞ്ഞമ്പു പറയുന്നു. മുസ്ലിം ലീഗിലെ ഒരു വിഭാഗം വോട്ടുകള്‍ സിപിഎമ്മിന് ലഭിച്ചു. ഒരു വിഭാഗം വോട്ട് ചെയ്യാതെ വിട്ടുനിന്നു. എപി വിഭാഗത്തിന്റെ വോട്ടുകള്‍ പൂര്‍ണമായും സിപിഎമ്മിന് കിട്ടി. ഇതെല്ലാമാണ് 2006ല്‍ സിഎച്ച് കുഞ്ഞമ്പു ജയിക്കാന്‍ കാരണം. ഇപ്പോള്‍ അത്തരം സാഹചര്യം മണ്ഡലത്തില്‍ ഇല്ല.
യുഡിഎഫ് ജയിക്കണം എന്ന വികാരം ഏറ്റവും കൂടുതല്‍ ഉള്ളത് മുസ്ലിം ലീഗിനാണ്. എന്നാല്‍ ബിജെപിയുടെ സ്ഥാനാര്‍ഥി ആര് എന്ന കാര്യം അറിഞ്ഞാല്‍ മാത്രമാകും മല്‍സരത്തിന്റെ വാശി നിര്‍ണയിക്കാന്‍ സാധിക്കുക. കെ സുരേന്ദ്രന് പകരം മറ്റൊരാള്‍ ബിജെപി സ്ഥാനാര്‍ഥിയായാല്‍ മുസ്ലിം ലീഗിന് ജയിച്ചുകയറാന്‍ മറ്റു തടസങ്ങളുണ്ടാകില്ലെന്നാണ് കരുതുന്നത്. അപ്പോഴും ഇടതുപക്ഷത്തിന്റെ സാന്നിധ്യം വോട്ട് ചോര്‍ത്തല്‍ ഘടകമായി നില്‍ക്കും.












Click it and Unblock the Notifications