'പിന്നിൽ ഒരുപാട് പേരുടെ കളി ഉണ്ട്;തന്നെ കൊണ്ട് നടക്കാത്തത് വേറെ ആളെ വെച്ച് ചെയ്യിക്കുകയാണ്';ഭാഗ്യലക്ഷ്മി
കൊച്ചി; നടി മഞ്ജു വാര്യറെ ശല്യം ചെയ്തെന്ന പരാതിയിൽ സംവിധായകൻ സനൽ കുമാർ ശശിധരനെ അറസ്റ്റ് ചെയ്തിരിക്കുകയാണ് പോലീസ്. സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന് കാണിച്ചുള്ള നടിയുടെ പരാതിയിലായിരുന്നു അറസ്റ്റ്. ഭീഷണിപ്പെടുത്തൽ, ഐടി വകുപ്പുകൾ ചേർത്താണ് സനലിനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിക്കുകയാണ് ഡബ്ബിംഗ് ആർടിസ്റ്റ് ഭാഗ്യലക്ഷ്മി. മഞ്ജുവുമായി ഏറെ ബന്ധം പുലർത്തുന്ന വ്യക്തിയാണ് ഭാഗ്യലക്ഷ്മി. മീഡിയ വൺ ചാനലിനോടാണ് ഭാഗ്യലക്ഷ്മിയുടെ പര്തികരണം. വായിക്കാം

'സോഷ്യൽ മീഡിയയിലൂടെ ഇത്തരമൊരു ആരോപണം വന്നപ്പോൾ ഞാൻ മഞ്ജുവിനെ ബന്ധപ്പെട്ടിരുന്നു. ഇതിനെതിരെ പ്രതികരിക്കേണ്ടേയെന്ന് ചോദിച്ചിരുന്നു. അപ്പോൾ പറഞ്ഞത് എന്തെങ്കിലും പറയട്ടെ ചേച്ചി എത്രയാന്ന് വെച്ചാണ് ഓരോരുത്തർക്കെതിരെ കേസ് കൊടുക്കുകയെന്ന്. അത്തരമൊരു മാനസികാവസ്ഥയിലായിരുന്നു അവർ'.

'അപ്പോൾ ഞാൻ പറഞ്ഞിരുന്നു ആർക്കും കൊട്ടാവുന്ന ചെണ്ടയാവരുത്. ഇതിനൊക്കെ നീ തന്നെ ശക്തമായി പ്രതികരിക്കണം. നമ്മുക്കാർക്കും തന്നെ ഇത്തരം വിഷയത്തിൽ പ്രതികരിക്കാൻ സാധിക്കില്ലെന്നൊക്കെ ഞാൻ പറഞ്ഞ് കൊടുത്തിരുന്നു'.

'അയാള് തന്നെ പറഞ്ഞിരുന്നല്ലോ
മഞ്ജുവാര്യരോട് ഇയാൾക്ക് പ്രണയമായിരുന്നെന്ന്, താൻ ആഗ്രഹിച്ച ഒരാളെ കിട്ടാതാകുമ്പോൾ എന്ത് വൃത്തിക്കേടും പറയുക എന്നുള്ളത് പൊതുവെ സമൂഹത്തിൽ കാണുന്ന പ്രവണതയാണല്ലോ. സനൽ കുമാർ ശശിധരനും അതിൽ നിന്ന് വ്യത്യസ്തമൊന്നുമല്ല. ആഗ്രഹിച്ചത് പോലെ ഒരു കാര്യം നടന്നില്ലേങ്കിൽ അത് പെണ്ണാണെങ്കിൽ പെണ്ണിനെ കുറിച്ച് ഏറ്റവും മോശമായ രീതിയിൽ എളുപ്പത്തിൽ പറഞ്ഞ് പരത്തുക പലരുമായി ബന്ധം എന്ന തരത്തിലുള്ള കുപ്രചരണം'.

'പ്രശസ്തയായ പെണ്ണാണെങ്കിൽ ഇത്തരം പ്രചരണങ്ങൾ കുറച്ച് പേർ ശ്രദ്ധിക്കും. തനിക്കാക്കി ബെഡക്കാക്കുകയെന്നതാണ് രീതി. ഇതിന് പിന്നിൽ ഒരുപാട് പേരുടെ കളികളുണ്ട്. തന്നെകൊണ്ട് നടക്കാത്തത് വേറെയാളുകളെ വെച്ച് ചെയ്യിക്കുകയെന്നതൊക്കെയുണ്ട് ഇതിന് പിന്നിൽ.
ഒരു സ്ത്രീ മഞ്ജുവിനേയും അതിജീവിതയേയുമെല്ലാം വളരെ മോശം രീതിയിൽ പറയുന്നുണ്ട്. ഇതൊക്കെ പറയാൻ ഇവർക്കുള്ള ധൈര്യം ഇവിടുത്ത സൈബർ നിയമങ്ങൾ അത്ര ശക്തമല്ലാത്തത് കൊണ്ടാണ്', ഭാഗ്യലക്ഷ്മി പറഞ്ഞു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മഞ്ജുവിനെ കുറിച്ച് സനൽ കുമാർ ശശിധരൻ ചില പ്രതികരണങ്ങൾ ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു. മഞ്ജുവിനോട് താൻ പ്രണയം പങ്കുവെച്ചിരുന്നുവെന്നും അവർ ആരുടെയോ തടവറയിൽ ആണെന്നും അവരുടെ ജീവന് ഭീഷണിയുണ്ടെന്നുമൊക്കെയുള്ള ആരോപണങ്ങളായിരുന്നു ഫേസ്ബുക്ക് കുറിപ്പിൽ സനൽകുമാർ പങ്കുവെച്ചത്. എന്നാൽ ഇത്തരം ആരോപണങ്ങളോടൊന്നും മഞ്ജു പ്രതികരിച്ചിരുന്നില്ല. അതേസമയം മഞ്ജു വാര്യരുടെ പരാതി പുറത്തുവന്നപ്പോൾ തനിക്കെതിരെ പരാതി നൽകിയതായി അറിയില്ലെന്നായിരുന്നു സനൽ കുമാർ പ്രതികരിച്ചത്.

അതിനിടെ മഞ്ജു പോലീസിന് നൽകിയ പരാതിയുടെ കൂടുതൽ വിവരങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. പ്രതി പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയെന്നതുള്‍പ്പെടെയുള്ള ഗുരുതര ആരോപണങ്ങളാണ് പരാതിയിൽ ഉന്നയിച്ചിരിക്കുന്നത്. സുഹൃത്തുക്കളും ബന്ധുക്കളും വഴിയും സാമൂഹിക മാധ്യമങ്ങളിലൂടെയും സനല്‍കുമാര്‍ പ്രണ്യയാഭ്യര്‍ത്ഥന നടത്തിയിരുന്നതായും ശല്യപ്പെടുത്തിയിരുന്നതായു മഞ്ജു പറയുന്നു.

പ്രണായാഭ്യര്‍ത്ഥന നിരസിച്ചതില്‍ വീണ്ടും ശല്യപ്പെടുത്തിയതായും മഞ്ജു പരാതിയിൽ ആരോപിക്കുന്നുണ്ട്. മഞ്ജു നായികയായ കയറ്റം എന്ന സിനിമയുടെ സംവിധായകനായുരുന്നു സനല്‍കുമാര്‍ ശശിധരന്‍. അതേസമയം ഏറെ നാടകീയ രംഗങ്ങൾക്കൊടുവിലായിരുന്നു ഇന്ന് സനൽകുമാറിനെ പോലീസ് അറസ്റ്റ് ചെയ്തത്. തന്റെ ജീവനു ഭീഷണിയുണ്ടെന്നും പൊലീസ് എന്ന് അവകാശപ്പെട്ട് ചിലർ തന്നെ ബലമായി പിടിച്ച് കൊണ്ടുപോകുകയാണെന്നുമായിരുന്നു സനൽ ആരോപിച്ചത്. കൊല്ലാൻ ശ്രമിക്കുന്നുവെന്നും ലൈവ് വീഡിയോയിലൂടെ സനൽകുമാർ ആരോപിച്ചിരുന്നു. മഫ്തിയിലായിരുന്നു പോലീസുകാർ എത്തിയത്.












Click it and Unblock the Notifications