'മഞ്ജു വാര്യർ നേരിട്ട് പോയി 164 കൊടുത്തിട്ടുണ്ട്, തോന്നിയതെന്തും പറയാമെന്നല്ല', പ്രതികരിച്ച് ശാന്തി മായാദേവി
സംവിധായകൻ സനൽകുമാർ ശശിധരന് എതിരെ മഞ്ജു വാര്യർ നൽകിയ മാനനഷ്ടക്കേസിൽ എറണാകുളം മുൻസിഫ് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരിക്കുകയാണ്. മഞ്ജു വാര്യർക്കെതിരായ അപകീർത്തികരമായ പോസ്റ്റുകളും വാർത്തകളും നീക്കം ചെയ്യാനാണ് കോടതി ഉത്തരവ്.
മഞ്ജു വാര്യർ നൽകിയ കേസിൽ സനൽകുമാർ ശശിധരൻ ഒന്നാം പ്രതിയും ഷാജൻ സ്കറിയ രണ്ടാം പ്രതിയും ആണെന്ന് മഞ്ജു വാര്യരുടെ അഭിഭാഷക ശാന്തി മായാദേവി മാധ്യമങ്ങളോട് വ്യക്തമാക്കി.
ശാന്തി മായാദേവിയുടെ വാക്കുകൾ: '' എറണാകുളം നാലാം മുന്‍സിഫ് കോടതിയിലാണ് കേസ് കൊടുത്തിരിക്കുന്നത്. സനല്‍ കുമാര്‍ ശശിധരന്‍ മഞ്ജു വാര്യര്‍ എന്ന വ്യക്തിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ എല്ലാ ദിവസവും വ്യാജവാര്‍ത്തകള്‍ മാധ്യമങ്ങളിലൂടെയും സോഷ്യല്‍ മീഡിയ വഴി നല്‍കുന്നതിനെതിരെയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. മഞ്ജു വാര്യരെ ഇത്തരത്തില്‍ അപകീര്‍ത്തിപ്പെടുത്തുന്നത് കോടതി ഒരു താല്‍ക്കാലിക ഉത്തരവ് നല്‍കി തടഞ്ഞിരിക്കുകയാണ്.
മഞ്ജു വാര്യര്‍ എന്നതല്ല, ഇത് ആര്‍ക്കും സംഭവിക്കാം. ആണ്‍-പെണ്‍ വ്യത്യാസം ഇല്ലാതെ സമൂഹത്തില്‍ മാന്യമായി ജീവിക്കുന്ന ഒരു വ്യക്തിയെ നിരന്തരം അധിക്ഷേപിക്കുകയും അത് ഏറ്റ്പിടിച്ച് വാര്‍ത്തകള്‍ കൊടുക്കുകയും ചെയ്യുകയാണ്. മുന്‍സിഫ് കോടതിയില്‍ കൊടുത്തിരിക്കുന്ന കേസില്‍ പ്രതി സനല്‍ കുമാര്‍ ശശിധരന്‍ മാത്രമല്ല, ഇത്തരം വ്യാജ വാര്‍ത്തകള്‍ കൊടുക്കുന്ന പല ചാനലുകാരും അതില്‍ പ്രതിയാണ്. ഒന്നാം പ്രതി സനല്‍ കുമാര്‍ ശശിധരനും രണ്ടാം പ്രതി മറുനാടന്‍ മലയാളിയിലെ ഷാജന്‍ സ്‌കറിയയും ആണ്.

തോന്നിയത് എന്തും പറയാം എന്നത് ശരിയല്ല. ഇങ്ങനെ ആര്‍ക്കും സംഭവിക്കാന്‍ പാടില്ല. 2022ലും 2025ലും സ്റ്റോക്കിംഗും മാനനഷ്ടവും ഉള്‍പ്പെടെ സനല്‍ കുമാര്‍ ശശിധരന് എതിരെ മഞ്ജു വാര്യര്‍ നേരിട്ട് വന്ന് 164 നല്‍കുകയും ആ രണ്ട് കേസുകളും ആലുവ കോടതിയില്‍ ഇപ്പോള്‍ നില്‍ക്കുകയുമാണ്. അതൊക്കെ അവരല്ല കൊടുത്തത് വേറെ ആരോ ആണ് എന്നൊക്കെ പറയുകയാണ്.
ഇന്നിപ്പോള്‍ സനല്‍ കുമാര്‍ ശശിധരന്‍ ആണെങ്കില്‍ നാളെ വേറെ ആളുകള്‍. മഞ്ജു വാര്യര്‍ മൗനം പാലിക്കുകയാണ് എന്ന് പറയുന്നു. അവര്‍ എന്ത് ചെയ്യണം. ഓരോരുത്തര്‍ വന്ന് പറയുന്നതിനും ആയിരം പ്രാവശ്യം വാര്‍ത്താസമ്മേളനം വിളിച്ച് പറയണോ. അതിനുളള സമയമൊന്നും ആര്‍ക്കുമില്ല. അയാള്‍ക്കെതിരെ രണ്ട് ക്രിമിനല്‍ കേസും ഒരു സിവില്‍ കേസും കൊടുത്തിട്ടുണ്ട്. ഇനിയും തുടരെ തുടരെ വരും, ശാന്തി മായാദേവി പറഞ്ഞു.
കേസിന് പിന്നാലെ സമരത്തിന്റെ ആവശ്യങ്ങൾ തിരുത്തി സനൽകുമാർ ശശിധരൻ രംഗത്ത് വന്നിട്ടുണ്ട്. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ: ' എനിക്ക് പൊതുസമൂഹത്തിന്റെ നിസംഗതയിൽ വലിയ സങ്കടമുണ്ട്. സുഹൃത്തുക്കളേ ഞാൻ നമ്മുടെ സമൂഹത്തെ സംബന്ധിച്ച ഒരു വലിയ കുറ്റകൃത്യത്തെ തുറന്നു കാട്ടാനുള്ള ശ്രമമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിൽ എന്റെ പ്രണയമുണ്ടാവാം. പക്ഷേ അതൊന്നുമല്ല ഇവിടെ വിഷയം. ഞാൻ ആവശ്യപ്പെടുന്നത് എന്റെ ശ്രദ്ധയിൽ പെട്ട ഒരു കുറ്റകൃത്യത്തെക്കുറിച്ച് അന്വേഷണം നടത്തണം എന്ന് മാത്രമാണ്.
പക്ഷേ നോക്കൂ എന്തുവന്നാലും അന്വേഷിക്കില്ല എന്ന നാണം കെട്ട നിലപാട് സർക്കാർ സ്വീകരിക്കുന്നു . എന്തുവന്നാലും ഈ വിഷയം അതിന്റെ നിക്ഷ്പക്ഷതയിൽ ജനങ്ങളിൽ എത്തിക്കില്ലെന്ന് മാധ്യമങ്ങൾ തീരുമാനിക്കുന്നു. ഇവർ ചതിക്കുന്നത് എന്നെയല്ല. നിങ്ങളെയും കൂടിയാണ്. ഈ സമൂഹത്തെ മാഫിയക്ക്, സെക്സ് റാക്കറ്റിന് ഒറ്റു കൊടുക്കുകയാണ് നമ്മുടെ ഭരണ കൂടവും മാധ്യമങ്ങളും എല്ലാം. എനിക്ക് വലിയ ഭീഷണികളുണ്ട്. ശാരീരികമായി ആക്രമിക്കാനുള്ള കോപ്പ് കൂട്ടലാണ് ഇപ്പോൾ നടക്കുന്നത്. ഈ ഹേറ്റ് കാമ്പെയിൻ അതിന് വേണ്ടിയുള്ളതാണ്. ഞാനുയർത്തുന്ന വിഷ്യത്തോട് ഐക്യദാർഢ്യമുള്ളവരുടെ പിന്തുണ എനിക്ക് വേണം. രാത്രിയിൽ ആക്രമണ സാധ്യത ഉള്ളതുകൊണ്ട് സഹായം വേണം.
പുതിയ സംഭവ വികാസങ്ങളുടെ സാഹചര്യത്തിൽ എന്റെ സമരത്തിന്റെ ആവശ്യങ്ങളിൽ ഞാൻ ചെറിയ മാറ്റങ്ങൾ വരുത്തുകയാണ്. അവ ഇങ്ങനെയാണ്
1. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വിടുക, അതിൽ പറയുന്ന സെക്സ് റാക്കറ്റിനെക്കുറിച്ച് അന്വേഷിക്കുക.
2. എനിക്കെതിരെയുള്ള കള്ളക്കേസുകൾക്ക് പിന്നിൽ സെക്സ് റാക്കററിന്റെ ഗൂഡാലോചന അന്വേഷിക്കുക.
3. 2026 മേയ് മാസം 25 ന് കേരള മുഖ്യമന്ത്രിക്ക് നൽകിയ പരാതി അന്വേഷിക്കുക.


Click it and Unblock the Notifications
