'പച്ചയായ വ്യക്തിഹത്യയും കൊടിയ മാനസിക പീഡനവും', മഞ്ജു വാര്യർക്ക് പിന്തുണയുമായി വി ശിവൻകുട്ടി
സംവിധായകൻ സനൽ കുമാർ ശശിധരൻ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന സമരത്തിനെതിരെ മുൻ മന്ത്രി വി ശിവൻകുട്ടി. മഞ്ജു വാര്യർക്കെതിരെയുളള ഇത്തരം തരംതാണ കോപ്രായങ്ങൾ അങ്ങേയറ്റം അപലപനീയമാണെന്ന് വി ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിച്ചു.
മഞ്ജു വാര്യർ സെക്സ് റാക്കറ്റിന്റെ പിടിയിലാണെന്ന ആരോപണം അന്വേഷിക്കണം എന്നത് അടക്കമുളള ആവശ്യങ്ങൾ ഉന്നയിച്ചാണ് സനൽ കുമാർ ശശിധരൻ സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം കിടക്കുന്നത്. മഞ്ജു വാര്യർ മാനനഷ്ടക്കേസ് കൊടുത്തതിന് പിന്നാലെ അവരുമായി ബന്ധപ്പെട്ട ആവശ്യം ഇയാൾ പിൻവലിച്ചിരുന്നു.
വി ശിവൻകുട്ടിയുടെ പ്രതികരണം: ' സ്വന്തം പ്രതിഭകൊണ്ടും ഇച്ഛാശക്തികൊണ്ടും ഉയർന്നുവന്ന മഞ്ജു വാര്യർക്കെതിരെ ഭരണസിരാകേന്ദ്രത്തിന് മുന്നിൽ അരങ്ങേറുന്ന തരംതാണ കോപ്രായങ്ങൾ അങ്ങേയറ്റം അപലപനീയമാണ്. ഒരു വ്യക്തിയുടെ അന്തസ്സിനെയും സ്വയംനിർണ്ണയാവകാശത്തെയും പരസ്യമായി ചവിട്ടിമെതിക്കുന്ന ഇത്തരം ഹീനമായ പ്രവണതകൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പ്രതിരോധം ഉയർന്നേ തീരൂ.

ജീവിതവും നിലപാടുകളും സ്വതന്ത്രമായി തെരഞ്ഞെടുക്കാനുള്ള ഒരു സ്ത്രീയുടെ മൗലികാവകാശത്തിന്മേൽ കടന്നുകയറാനും വ്യാജ ആരോപണങ്ങളിലൂടെ നീതിയെ വെല്ലുവിളിക്കാനും ആർക്കും അവകാശമില്ല. ദശാബ്ദങ്ങളുടെ കഠിനാധ്വാനത്തെ തകർക്കാൻ കെട്ടുകഥകളിലൂടെയും ഡിജിറ്റൽ ഇടങ്ങളിലൂടെയും നടത്തുന്ന ഈ നീക്കം പച്ചയായ വ്യക്തിഹത്യയും കൊടിയ മാനസിക പീഡനവുമാണ്.
ഒരു കലാകാരിയുടെ ആത്മാഭിമാനത്തെ തെരുവിൽ വലിച്ചിഴയ്ക്കുന്ന ഈ സ്ത്രീവിരുദ്ധ അനീതിക്കെതിരെ കക്ഷിരാഷ്ട്രീയ ഭേദമന്യേ സമൂഹം ഒറ്റക്കെട്ടായി നിലകൊള്ളണം. ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് ഈ പരസ്യ വേട്ടയാടലിന് കടിഞ്ഞാണിടാൻ സർക്കാരും നിയമപാലകരും അടിയന്തരമായി ഇടപെടണം. ഇക്കാര്യത്തിൽ കോടതി കർശനമായ മാതൃകാ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്'.
ഡിവൈഎഫ്ഐയും മഞ്ജു വാര്യരെ പിന്തുണച്ച് രംഗത്ത് വന്നിരുന്നു: '' പ്രശസ്ത നടി മഞ്ജു വാര്യർക്കെതിരെ സംവിധായകൻ സനൽകുമാർ ശശിധരൻ പൊതുസമൂഹത്തിന് മുന്നിൽ നടത്തുന്ന വ്യക്തിഹത്യയും സമരവും ഹീനവും പ്രതിഷേധാർഹവുമാണ്. സാമൂഹ്യ പ്രതിബദ്ധതയുള്ള അറിയപ്പെടുന്ന കലാകാരിയായ മഞ്ജു വാര്യരുടെ വ്യക്തിസ്വാതന്ത്ര്യത്തിലും സ്വകാര്യതയിലേക്കും കടന്നുകയറി അവരെ സമൂഹമധ്യത്തിൽ താറടിക്കുന്ന സമീപനം മനുഷ്യത്വ വിരുദ്ധവും സ്ത്രീവിരുദ്ധവുമാണ്.
ഒരു സ്ത്രീ തന്റെ വ്യക്തിപരമായ താല്പര്യങ്ങൾ തുറന്നു പറഞ്ഞതിന്റെ പേരിലും, പ്രണയാഭ്യർത്ഥന നിരസിച്ചതിന്റെ പേരിലും അവർ മാഫിയയുടെ പിടിയിലാണെന്ന് സ്വയം സങ്കൽപ്പിച്ച് നിരന്തരം സമൂഹമാധ്യമങ്ങളിലൂടെയും അല്ലാതെയും വേട്ടയാടുന്നത് അങ്ങേയറ്റം അപലപനീയമാണ്. മഞ്ജു വാര്യർ തന്നെ ഇദ്ദേഹത്തിനെതിരെ നിയമപരമായ നടപടി സ്വീകരിക്കുകയും കോടതി ഇയാൾക്ക് വിലക്ക് ഏർപ്പെടുത്തുകയും ചെയ്തിട്ടു പോലും അത്തരം ആക്ഷേപങ്ങൾ തുടരുന്നത് നിന്ദ്യമാണ്.
ഹേമ കമ്മിറ്റി റിപ്പോർട്ട് പോലുള്ള ഗൗരവമേറിയ വിഷയങ്ങളെ സ്വന്തം പ്രതികാരചിന്തകൾക്ക് ആയുധമാക്കി സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്തുന്നത് ആഭാസകരവും ശുദ്ധമായ സ്ത്രീവിരുദ്ധതയും ബ്ലാക്ക്‌മെയിലിങ്ങും ആണ്. സ്വന്തം കഠിനാധ്വാനം കൊണ്ട് സമൂഹത്തിൽ മാന്യമായ സ്ഥാനം നേടിയ ഒരു കലാകാരിയുടെ വ്യക്തിസ്വാതന്ത്ര്യത്തെയും സ്വകാര്യതയെയും ഹനിക്കുന്ന ഇത്തരം വേട്ടയാടലുകൾ സാംസ്‌കാരിക കേരളം ഒറ്റക്കെട്ടായി ചെറുക്കണം, സനൽകുമാർ ശശിധരൻ ഈ അപകീർത്തികരമായ ഇത്തരം പ്രവർത്തനങ്ങളിൽ നിന്ന് പിന്തിരിയണം. നടി മഞ്ജുവാര്യർക്ക് ഡിവൈഎഫ്ഐ കേരള സംസ്ഥാന സെക്രട്ടേറിയറ്റ് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു'.


Click it and Unblock the Notifications
