മഞ്ജു വാര്യരെ വിടാതെ സനൽ കുമാർ ശശിധരൻ; 'പ്രീയപ്പെട്ടവളെ അതിന് നന്ദി'..വീണ്ടും കുറിപ്പ്
മഞ്ജു വാര്യരെ കുറിച്ച് വീണ്ടും നീണ്ട കുറിപ്പുമായി സംവിധായകൻ സനൽ കുമാർ ശശിധരൻ. നടിയോടുള്ള പ്രണയത്തെ കുറിച്ച് ആവർത്തിക്കുകയാണ് കുറിപ്പിൽ അദ്ദേഹം. തന്റെ പ്രണയം തുറന്ന് പറയാൻ സമ്മതിക്കാത്തവിധം മഞ്ജുവിനെ ആരോ തടഞ്ഞ് വെച്ചിരിക്കുകയാണെന്ന ആരോപണവും സംവിധായകൻ വീണ്ടും ഉന്നയിക്കുന്നുണ്ട്. സംവിധായകന്റെ കുറിപ്പിൻറെ പൂർണരൂപം വായിക്കാം
പ്രണയത്തേക്കുറിച്ച്, സ്നേഹത്തെക്കുറിച്ച്, സത്യത്തേക്കുറിച്ച്, ധർമത്തേക്കുറിച്ച് ഒക്കെ വാചാലമാകുന്ന സമൂഹം പൊള്ളയാണ്. അതിനു മുന്നിൽ പ്രണയമോ സത്യമോ ധർമ്മമോ ഒക്കെ വന്നു നിന്നാൽ അത് കാർക്കിച്ചു തുപ്പും. അതാണ് എന്റെ അനുഭവം. സമൂഹം എന്ന് പറയുമ്പോൾ ഇന്റർനെറ്റ് കേട്ടുകേൾവികളും കെട്ടുകാഴ്ചകളും കൊണ്ട് സൃഷ്ടിക്കപെട്ട ഒരു ഓൺലൈൻ സമൂഹത്തെ അല്ല, നേരിട്ട് കണ്ടും സംസാരിച്ചും ചിരിച്ചും പിണങ്ങിയും പരിചയമുള്ള ഒരു ശരിയായ സമൂഹത്തെ തന്നെയാണ് ഞാനുദ്ദേശിച്ചത്. എന്നെയും നിന്നെയും അങ്ങനെ അറിയാവുന്ന ഒരു സമൂഹത്തെ തന്നെ.

നമ്മുടെ ഇടയിൽ ഫോണിൽ പോലും സംസാരിക്കാനാവാത്ത തരത്തിലുള്ള പ്രതിബന്ധമുണ്ടെന്നും അതിനു കാരണം ബാഹ്യമായ ഭീഷണികളാണെന്നും ഞാൻ ഇന്റർനെറ്റിൽ വിളിച്ചു പറയും മുൻപ് ഞാൻ എന്നെയും നിന്നെയും നേരിട്ടറിയാവുന്ന നിരവധിപേരെ ബന്ധപ്പെട്ടു. അവരുടെയൊക്കെ കടുത്ത മൗനം സഹിക്കവയ്യാതെയാണ് നമ്മളെ നേരിട്ടറിയാത്തവരെങ്കിലും മനുഷ്യരെന്ന രീതിയിൽ നമ്മുടെ അവസ്ഥയിൽ അലോസരം തോന്നി പ്രതികരിക്കുന്നവർ ഇവിടെ ഉണ്ടാകുമെന്നോർത്ത് ഞാനിത് പരസ്യമാക്കിയത്. അങ്ങനെയുള്ള മനുഷ്യരുടെ ഒരു കൂട്ടം ഇവിടെ ഉണ്ടെന്നു തന്നെയാണ് ഇപ്പോഴും എന്റെ വിശ്വാസം. അതല്ലെങ്കിൽ നന്മയും സത്യവും ഒന്നും ഇവിടെ അവശേഷിക്കുമായിരുന്നില്ല. എങ്കിലും നന്മയുടെ ആ ആൾക്കൂട്ടത്തെ ഒരു സമൂഹമായി വളരാൻ അനുവദിക്കാതെ ഒറ്റക്കൊറ്റക്ക് നിർത്തി നിസാരവൽക്കരിക്കുന്ന ഒരു വലിയ സംഘടിത സംവിധാനം ഇവിടെ നിലനിൽക്കുന്നുണ്ട് എന്ന സത്യം ഞാൻ കാണാതെ പോകുന്നുമില്ല. ഇത് നമ്മുടെ കാര്യത്തിൽ മാത്രമല്ല നടക്കുന്നത്.
കണ്ണൂരിലെ എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ മരണത്തിൽ അസ്വാഭാവികതകൾ തോന്നിയ വീണാമണി എന്നു പേരുള്ള ഒരു സ്ത്രീ രായ്ക്ക് രാമാനം വണ്ടി പിടിച്ച് അദേഹത്തിന്റെ വീട്ടിലെത്തുന്നു. അദ്ദേഹത്തിന്റേത് ആത്മഹത്യ അല്ല എന്നും അതൊരു കൊലപാതകമാണെന്നും ബോഡി കത്തിക്കും മുൻപ് പോസ്റ്റ് മോർട്ടം ചെയ്തു എന്ന് ഉറപ്പു വരുത്തണമെന്നും ബന്ധുക്കളോട് ആവശ്യപ്പെടുന്നു. അപരിചിതയായ ഒരു സ്ത്രീ വളരെ ദൂരെ നിന്ന് എന്തിന് കയ്യിലെ പണവും സമയവും ചെലവാക്കി ഇത്ര ദൂരം വരണം എന്നുപോലും ചിന്തിക്കാതെ, അവരുടെ വാക്കുകളിൽ സത്യമുണ്ടോ എന്ന് ഒരുവേളയെങ്കിലും ഓർക്കാതെ ബന്ധുക്കൾ അവരുടെ വാക്കുകൾ കാറ്റിൽ കളഞ്ഞു. സംഘടിതരായ കുറ്റവാളികൾ സൃഷ്ടിച്ച "സത്യത്തിൽ" അവർ കണ്ണടച്ച് വിശ്വസിച്ചു.
പോസ്റ്റ് മോർട്ടം ചെയ്തിരുന്നെങ്കിൽ സത്യം പുറത്തുവരുമായിരുന്ന "ബോഡി" എന്ന തെളിവ് കുറ്റവാളികൾ സൃഷ്ടിച്ച മായികമായ ഉറപ്പിൽ കത്തിച്ചുകളഞ്ഞു. സത്യത്തിനു വേണ്ടി സമയവും പണവും ചെലവാക്കിയ സ്ത്രീയെ ഭ്രാന്തിയായി, പോലീസിന്റെ ഒറ്റുകാരിയായി ഒക്കെ ചിത്രീകരിക്കാൻ അവർക്ക് കഴിഞ്ഞു. പിന്നീട് അവൾ പറഞ്ഞതിൽ സത്യമുണ്ടെന്ന് മനസിലായപ്പോൾ വൈകിപ്പോവുകയും ചെയ്തു. ഈ നാട്ടിൽ നിയമമില്ലേ? നീതിനിർവഹണ സംവിധാനമില്ലേ? എന്നൊക്കെ വിളിച്ചു കൂവുന്നവർക്ക് ഒരു വലിയ ഉദാഹരണമാണ് ഈ സംഭവം. നിയമവും നീതി നിർവഹണവുമൊക്കെ ദുഷിച്ചു പോയ ഒരു സമൂഹത്തിൽ ഭയരഹിതമായി സത്യം വിളിച്ചുപറയുന്നവർ മാത്രമാണ് നീതിയിലേക്കുള്ള ഒരേ ഒരു പ്രതീക്ഷ. പക്ഷെ അവരെ ഭ്രാന്തരും ബുദ്ധിശൂന്യരും ഒക്കെയായി ചിത്രീകരിക്കാനുള്ള വലിയ മെഷിനറി സംഘടിതരായ കുറ്റവാളികൾക്കുണ്ട്.
നമ്മുടെ കാര്യത്തിലേക്ക് വരാം. നിന്നെക്കുറിച്ച്, നിന്റെ അവസ്ഥയെക്കുറിച്ച് എനിക്കറിയാവുന്ന കാര്യങ്ങൾ പൊതുസമൂഹത്തിൽ പറഞ്ഞാൽ ഉണ്ടാകുന്ന പൊട്ടിത്തെറികൾ ഒഴിവാക്കാനാണ് എന്റെ ക്രെഡിബിലിറ്റി തകർക്കാനുള്ള ശ്രമങ്ങൾ വളരെ മുൻപുതന്നെ തുടങ്ങിയത്. എന്റെ സിനിമകൾ ഒന്നും പുറത്തുവരില്ല എന്നുറപ്പിക്കാനുള്ള ജാഗ്രത, ഞാൻ ഇനിമേൽ സിനിമ എടുക്കില്ല എന്നുറപ്പിക്കാനുള്ള ജാഗ്രത, ഞാനും നീയും കാണുകയോ സംസാരിക്കുകയോ ചെയ്യില്ല എന്നുറപ്പിക്കാനുള്ള ജാഗ്രത, ഞാൻ പറയുന്നതൊന്നും പൊതുസമൂഹം കണക്കിലെടുക്കില്ല എന്നുറപ്പിക്കാനുള്ള ജാഗ്രത ഒക്കെ ഇതിന്റെ ഭാഗമായിരുന്നു.
നിന്റെ പേരിൽ എനിക്കെതിരെ ഉണ്ടാക്കിയ കള്ളക്കേസിൽ നിയമത്തിനു നിരക്കാത്ത രീതിയിൽ എന്നെ അറസ്റ്റുചെയ്തത് പച്ചയായി പൊതുസമൂഹത്തെ കാണിച്ചപ്പോഴും അതിലുള്ള അനീതി മനുഷ്യർ കാണാതിരിക്കാൻ അട്ടഹാസങ്ങളും അപഹാസങ്ങളും കൊണ്ട് വഴിതിരിച്ചുവിടാൻ സംഘടിത കുറ്റവാളികളുടെ മെഷിനറിക്ക് കഴിഞ്ഞു. എനിക്കെതിരെയുള്ള കള്ളക്കേസിൽ അന്വേഷണം നടത്താതെയും കോടതിയിലോ പൊതുജനത്തിന് മുന്നിലോ നീ സംസാരിക്കില്ല എന്നുറപ്പുവരുത്തികൊണ്ടും സത്യം കുഴിച്ചുമൂടാൻ അവർക്ക് കഴിഞ്ഞു.
ഇപ്പോൾ ഞാൻ, നമ്മൾ സംസാരിച്ച ശബ്ദരേഖ നിന്റെ ഇഷ്ടത്തിന് വിരുദ്ധമാണെങ്കിലും കേവലംമനുഷ്യരായ നമ്മെക്കാൾ വിലയുള്ളത് സത്യത്തിനാണ് എന്നതുകൊണ്ട്, നമ്മൾ ചെയ്യുന്ന സിനിമകളെക്കാൾ സമൂഹത്തിന് പ്രയോജനം ചെയ്യുന്നത് സത്യമാണ് എന്നതുകൊണ്ട് സമൂഹത്തിൽ പങ്കുവെച്ചപ്പോൾ എന്താണ് സംഭവിച്ചത് എന്ന് നോക്കൂ.
കുറേപ്പേർ പറയുന്നു, അതിലുള്ളത് നീയല്ല. കുറേപ്പേർ പറയുന്നു, അതിലുള്ളത് നീയാണെങ്കിൽ തന്നെ നിന്നെ ശല്യം ചെയ്യാതിരിക്കൂ. ഞാൻ അത്ഭുതപ്പെട്ടുപോകുന്നു! ആ ശബ്ദരേഖയിലുള്ളത് നീയല്ലെങ്കിൽ അത് പറയേണ്ടത് നീതന്നെയല്ലേ? പൊതുസമൂഹത്തിൽ വ്യാപകമായി എത്തിച്ചേർന്ന ആ ശബ്ദരേഖയിൽ ഒരു സ്ത്രീ പറയുന്നത് അവൾക്ക് അവൾ പ്രണയിക്കുന്ന ആളെ കാണാനോ സംസാരിക്കാനോ അനുവദിക്കാത്ത രീതിയിൽ ആരോ തടഞ്ഞു വെച്ചിരിക്കുന്നു എന്നാണ്. അവളുടെ പേരുപയോഗിച്ച് എനിക്കെതിരെ കൊടുത്ത കേസിനെക്കുറിച്ച് അവൾക്കൊന്നും അറിയില്ല എന്നും അതേക്കുറിച്ച് ഒന്നും ചെയ്യാനുള്ള കൺട്രോൾ അവളുടെ കയ്യിലില്ല എന്നുമാണ്.
അത് മാത്രമാണോ? അതിലവൾ പറയുന്നത് എന്നെ കാണണോ സംസാരിക്കാനോ ശ്രമിച്ചാൽ തന്റെ മാത്രമല്ല തന്റെ മകളുടെയും ജീവൻ അപകടത്തിലാണ് എന്നല്ലേ? അത് നീയാണ് എന്ന് ഞാൻ പറയുമ്പോൾ അത് നീയല്ലെങ്കിൽ നീയല്ലേ അത് പറയേണ്ടത്? നിന്നോടുള്ള പ്രണയം പൊതുവിൽ പറഞ്ഞതിന് നിനക്ക് അപമാനമുണ്ടായി എന്നപേരിൽ എനിക്കെതിരെ കള്ളക്കേസുണ്ടാക്കിയ സംവിധാനത്തിന് ഇതിൽ പ്രശ്നമൊന്നും തോന്നുന്നില്ലേ? ആ ശബ്ദരേഖയിൽ ഉള്ളത് നീയല്ലെങ്കിൽ നിനക്കത് അപമാനമല്ലേ? നീ പ്രതികരിക്കണ്ടേ? വേണ്ട എന്നാണ് സംഘടിത കുറ്റവാളികളുടെ മെഷിനറി ജനങ്ങളെ പഠിപ്പിക്കുന്നത്.
മറ്റുചിലരുടെ വാദമാണ് കൂടുതൽ അമ്പരപ്പിക്കുന്നത്. അവർ പറയുന്നു. അതിലുള്ളത് നീ തന്നെയാണെങ്കിലും നിന്നെ ശല്യം ചെയ്യാതിരിക്കൂ! അമ്പരന്ന് ഞാൻ തളർന്നുപോയി. എന്നോട് നിനക്ക് പ്രണയമുണ്ടെന്ന് നീ പറഞ്ഞാലും, അത് പറയാനാവാത്ത നിലയിൽ നിനക്ക് ഭീഷണി ഉണ്ടെന്ന് നീ പറഞ്ഞാലും ഞാൻ എന്റെ വഴിക്ക് പൊക്കോണം എന്നാണ് അവർ പറയുന്നത്. ഞാൻ അവരല്ലല്ലോ! എനിക്കങ്ങനെ പോകാൻ കഴിയാത്തതുകൊണ്ട് ഞാനിങ്ങനെ ദുഷിച്ച സമൂഹത്തിന്റെ അട്ടഹാസത്തിരയിൽ എന്നെ വലിച്ചെറിഞ്ഞിരിക്കുന്നു.
കേരളത്തിലെ എന്നോടൊപ്പം സിനിമ ചെയ്തിരുന്നവർ, സിനിമ കണ്ടിരുന്നവർ, പുസ്തകം വായിച്ചിരുന്നവർ, ജീവിതം ചർച്ചചെയ്തിരുന്നവർ.. അവരുടെയൊക്കെ മൗനമാണ് എന്നെ കൂടുതൽ അമ്പരപ്പിക്കുന്നത്. ഞാൻ പറയുന്നു എന്നെ ഒരു കള്ളക്കേസിൽ കുടുക്കി ഈ നാട്ടിൽ നിന്ന് ഞാൻ ചെയ്തുകൊണ്ടിരുന്ന കലാപ്രവർത്തനം ചെയ്യാൻ അനുവദിക്കാതെ ഒരു മാഫിയ ഭരണയന്ത്രം തിരിക്കുന്നു. അറിയപ്പെടുന്ന ഒരു കലാകാരിയായ നിന്റെപേരിൽ എനിക്കെതിരെ കള്ളക്കേസുണ്ടാക്കി. നിന്നെയും എന്നെയും കാണാനോ സംസാരിക്കാനോ അനുവദിക്കാതെ മാറ്റി നിർത്തിയിരിക്കുന്നു. തെളിവായി ഞാൻ നിന്റെയും എന്റെയും സംഭാഷണത്തിന്റെ ശബ്ദരേഖ മുന്നിൽ വെയ്ക്കുന്നു. മൗനം! മൗനം സഹിക്കാം, അവരിൽ ചിലരെങ്കിലും പറയുന്നു. അതെല്ലാം വിടൂ സിനിമ ചെയ്യൂ!
ഒന്നുകിൽ അവർ പറയുന്നത് ഞാൻ മുന്നോട്ട് വെച്ച ശബ്ദരേഖ വ്യാജമാണ്. അങ്ങനെയെങ്കിൽ വ്യാജനായ എന്നോട് സിനിമ ചെയ്യാനാണ് അവർ പറയുന്നത്. കൊള്ളാം! നല്ല ശുദ്ധമായ വ്യാജ സിനിമ! അല്ലെങ്കിൽ അവർ പറയുന്നത് നീ അവസരവാദിയായ, വിശ്വസിക്കാൻ കൊള്ളാത്ത ഒരു സ്ത്രീയാണ് എന്നാണ്!
എനിക്ക് വളരെ സങ്കടമുണ്ട്. മനുഷ്യരെക്കുറിച്ച് മനുഷ്യർക്കുള്ള ഏറ്റവും മിനിമം ധാരണ നന്മയിൽ ഉറച്ചതായിരിക്കണം എന്നതാണ് എന്റെ ഉറച്ച വിശ്വാസം. ഒരുതരം അന്വേഷണവും നടത്താതെ മറ്റൊരാളെ നീചമായി വിലയിരുത്താൻ എങ്ങനെയാണ് ഒരാൾക്ക് കഴിയുക? അയാൾ സ്വയം നീചമായി വിലയിരുത്തിയാലേ അതിനു സാധ്യതയുള്ളൂ. അങ്ങനെയെങ്കിൽ നീചമായ ഒരു സംസ്‍കാരിക ലോകമാണ് നമ്മുടേത് എന്ന് പറയേണ്ടിവരും. നന്മയുടെ കിരണങ്ങളിൽ ഞാനിപ്പോഴും വിശ്വസിക്കുന്നതുകൊണ്ട് അങ്ങനെ പറയുന്നില്ല.
പ്രിയപ്പെട്ടവളേ, ഇത് നമ്മുടെ പ്രണയം എന്നതിലുപരി എന്നെ ഉൽസുകനാക്കുന്നത് ഈ സമൂഹത്തിന്റെ അടിത്തട്ടു കാഴ്ചകൾ എന്നെ കാണിച്ചുതരുന്ന ഭൂതക്കണ്ണാടി എന്ന നിലയിലാണ്. അതിന് നിനക്ക് പ്രത്യേകം നന്ദി!
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications