ജലന്ധറെന്നോ ഷൊര്‍ണൂരെന്നോ ഭേദമില്ല, നീതി ഒഴുകട്ടെ, കന്യാസ്ത്രീകൾക്ക് പിന്തുണയുമായി മഞ്ജു വാര്യർ
കൊച്ചി: ജലന്ധർ ബിഷപ്പിനെതിരെ പീഡന പരാതി ഉന്നയിച്ച കന്യാസ്ത്രീയ്ക്കും പിന്തുണയുമായി കൊച്ചിയിൽ സമരം ചെയ്യുന്ന മറ്റ് കന്യാസ്ത്രീകൾക്കും പിന്തുണയേറുന്നു. സിനിമാ, സാഹിത്യ, സാംസ്ക്കാരി രംഗത്ത് നിന്നും ഓരോ ദിവസവും കൂടുതൽ പേർ കന്യാസ്ത്രീകൾക്കൊപ്പമാണ് തങ്ങളെന്ന് പ്രഖ്യാപിച്ച് രംഗത്ത് ഇറങ്ങുന്നു.
നടി മഞ്ജു വാര്യരും കന്യാസ്ത്രീകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്ത് വന്നിട്ടുണ്ട്. പികെ ശശിയുടെ പീഡനക്കേസ് ഉൾപ്പെടെ സൂചിപ്പിച്ചാണ് മഞ്ജു വാര്യർ ഫേസ്ബുക്കിൽ പോസ്റ്റിട്ടിരിക്കുന്നത്. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം:

കന്യാസ്ത്രീകള്‍ക്ക് ഐക്യദാര്‍ഢ്യം
നീതി തേടി തെരുവിലിറങ്ങേണ്ടി വന്ന കന്യാസ്ത്രീകള്‍ക്ക് ഐക്യദാര്‍ഢ്യം. പീഡിപ്പിക്കപ്പെട്ട സഹോദരിയുടെ കൈകള്‍ ചേര്‍ത്തുപിടിക്കുന്നു. ഈ പോരാട്ടത്തില്‍ ഞാനും അണിചേരുന്നു. കുറ്റാരോപിതനായ ബിഷപ്പിനെതിരെനിയമനടപടിയുണ്ടാകണമെന്ന് ശക്തമായി ആവശ്യപ്പെടുന്നു. അത് വൈകുന്തോറും വ്രണപ്പെടുന്നത് വലിയൊരു വിശ്വാസ സമൂഹത്തിന്റെ വികാരങ്ങളാണ്. വലിയ പാരമ്പര്യമുള്ള ഒരു പുണ്യസഭയുടെ വിശ്വാസ്യതയാണ്.

കർത്താവിനെ തള്ളിപ്പറയുന്നവർ
ക്രിസ്തുവില്‍ വിശ്വസിക്കുന്ന ഒരാള്‍ പോലും ബിഷപ്പിനൊപ്പമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. ആരെങ്കിലും ആരോപിതനൊപ്പമെങ്കില്‍ അതിനര്‍ഥം അവര്‍ മുപ്പതുവെള്ളിക്കാശിനുവേണ്ടി കര്‍ത്താവിനെ തള്ളിപ്പറയുന്നുവെന്നാണ്. അള്‍ത്താരയ്ക്ക് മുന്നിലെന്നോണമാണ് കന്യാസ്ത്രീകളും അവര്‍ക്കൊപ്പമുള്ള പൊതുസമൂഹവും ഇവിടത്തെ നീതിന്യായ വ്യവസ്ഥയ്ക്ക് മുന്നില്‍ മുട്ടുകുത്തിനില്കുന്നത്.

നീതി വേണം
നമ്മുടെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ കണ്ണുതുറക്കണം. സദൃശവാക്യങ്ങളില്‍ പറയും പോലെ നീതിയും ധര്‍മനിഷ്ഠയുമാണ് ബലിയേക്കാള്‍ ദൈവസന്നിധിയില്‍ സ്വീകാര്യമായത്. എവിടെയെങ്കിലും സ്ത്രീയുടെ സുരക്ഷയ്ക്കും അഭിമാനത്തിനും മുറിവുണ്ടായിട്ടുണ്ടെങ്കില്‍ അത് പരിഷ്‌കൃത ജനത എന്ന നമ്മുടെ അവകാശവാദത്തിനുള്ള തിരിച്ചടിയും നമ്മുടെ തോല്‍വിയും കൂടിയാണ്. അതിന് ജലന്ധറെന്നോ ഷൊര്‍ണൂരെന്നോ ഭേദമില്ല. നീതി ജലംപോലെ ഒഴുകട്ടെ, നന്മ ഒരിക്കലും നിലയ്ക്കാത്ത അരുവി പോലെയും (ആമോസ് 5:24)

പിന്തുണച്ച് സിനിമാ ലോകം
മഞ്ജുവിനെ കൂടാതെ റിമ കല്ലിങ്കൽ, പാർവ്വതി, ആഷിഖ് അബു എന്നിവരും കന്യാസ്ത്രീകൾക്ക് പിന്തുണയുമായി മുന്നോട്ട് വന്നിരുന്നു. നീതിക്ക് വേണ്ടി പൊരുതുന്ന സഹോദരിയുടെ ധൈര്യത്തെ അഭിവാദ്യം ചെയ്യുന്നു എന്നാണ് പാര്‍വ്വതി ട്വീറ്റ് ചെയ്തത്. റിമയും ആഷിഖും കന്യാസ്ത്രീകളുടെ സമരപ്പന്തലിൽ എത്തിയാണ് ഐക്യദാർഢ്യം പ്രകടിപ്പിച്ചത്. സിനിമയിലെ വനിതാ കൂട്ടായ്മയായ വിമൻ ഇൻ സിനിമ കലക്ടീവും കന്യാസ്ത്രീകളോട് പിന്തുണ അറിയിച്ചിട്ടുണ്ട്.

ഒപ്പം ഡബ്ല്യൂസിസിയും
ഡബ്ല്യൂസിസിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്: നമ്മുടെ സമൂഹവ്യവസ്ഥയിലെ പുരുഷാധിപത്യപരമായ സമീപനങ്ങൾക്കെതിരെയും, അനീതികൾക്കെതിരെയും പോരാടുന്ന ഓരോ സ്ത്രീയുടെയും കൂടെ ആണ് ഞങ്ങൾ. അധികാരവും പദവികളും ഒരിക്കലും നിസ്സഹായരെ ചൂഷണത്തിന് ഇരയാക്കാൻ വേണ്ടി ദുരുപയോഗം ചെയ്യേണ്ടേ ഉപാധികളല്ല എന്ന് ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നു!

നിയമനടപടികൾ എടുക്കണം
കേരള ഗവൺമെന്റും വനിതാ കമ്മീഷനും നീതിക്കു വേണ്ടി പോരാടാനും ശബ്ദം ഉയർത്താനും ധൈര്യം കാണിച്ചവരോടൊപ്പം ഉറച്ചുനിൽക്കണം എന്ന് ഞങ്ങൾ ഒറ്റക്കെട്ടായി ആവശ്യപ്പെടുന്നു. പി സി ജോർജിന്റെ സ്ത്രീവിരുദ്ധ പ്രസ്താവനകളെ ശക്തമായ ഭാഷയിൽ അപലപിക്കുന്നതിനോടൊപ്പം , ഇരയോട് എപ്പോഴും അനാദരവ് കാണിക്കുന്ന മനുഷ്യത്വരഹിതമായ നിലപാടുകൾക്കെതിരെ നിയമനടപടികൾ എടുക്കണം എന്നും ഞങ്ങൾ ആവശ്യപ്പെടുന്നു.

ഈ സമയം
കേരളം പ്രളയത്തെ അത്ഭുതകരമായി അതിജീവിച് പുനർനിർമാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സമയമാണിത് ! #377 യുടെ മതിൽക്കെട്ടുകൾ തകർത്ത, LGBTQ കമ്മ്യൂണിറ്റിയുടെ ഭാഗമായ നമ്മുടെ സഹോദരി സഹോദരന്മാർക്ക് സമത്വത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും വഴി തുറന്ന ചരിത്രപരമായ വിധി ന്യായങ്ങളുടെയും സമയവും!

#അവൾക്കൊപ്പം
അനീതിയെയും, അസമത്വത്തെയും ഇല്ലാതാക്കി, പുരോഗതിയിലേക്ക്, വളർച്ചയിലേക്ക്, പുനരുദ്ധാരണത്തിലേക്ക് ഉള്ളതാവട്ടെ നമ്മുടെ ചുവടുവെപ്പുകൾ. കേരളത്തിലെ കന്യാസ്ത്രീകൾ മുന്നോട്ടു വെക്കുന്ന ചരിത്രപ്രധാനമായ ഈ സമരത്തിൽ ഞങ്ങളും പങ്കു ചേരുന്നു. ഇത് സ്ത്രീകളുടെ തുറന്നു പറച്ചിലിന്റെ കാലമാണ്. അതിനെ അവഗണിക്കാൻ ഒരു ശക്തിക്കുമാവില്ല. #അവൾക്കൊപ്പം
ഫേസ്ബുക്ക് പോസ്റ്റ്
കന്യാസ്ത്രീകൾക്ക് പിന്തുണയുമായി മഞ്ജു വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്












Click it and Unblock the Notifications