കല്ലെറിയുന്നവർ എറിയട്ടേ.. ദിലീപിനെ കൈവിടാതെ മുൻഭാര്യ മഞ്ജു വാര്യർ..! അന്ന് പറഞ്ഞ ക്രിമിനൽ ഗൂഢാലോചന?
കൊച്ചി: മലയാളികള്‍ ഏറെ ഇഷ്ടപ്പെട്ടിരുന്ന താരകുടുംബമായിരുന്നു ദിലീപിന്റേയും മഞ്ജു വാര്യരുടേയും. ഇരുവരുടേയും വിവാഹവും വിവാഹ മോചനവും മലയാളിയെ ഞെട്ടിച്ചതാണ്. മഞ്ജുവിന്റെയും ദിലീപീന്റെയും കുടുംബപ്രശ്‌നങ്ങളാണ് നടി ആക്രമിക്കപ്പെട്ട സംഭവത്തിലേക്ക് നയിച്ചത് എന്നാണ് പോലീസ് പറയുന്നത്.
എന്നാല്‍ മഞ്ജു വാര്യര്‍ അടക്കമുള്ളവര്‍ ചേര്‍ന്ന് തന്നെ നടിയുടെ കേസില്‍ കുടുക്കിയതാണ് എന്നാണ് ദിലീപ് ഉന്നയിക്കുന്ന ആരോപണം. ദിലീപ് ആരാധകര്‍ കൂട്ടത്തോടെ മഞ്ജു വാര്യരേയും പുറത്തിറങ്ങാനിരിക്കുന്ന ഉദാഹരണം സുജാതയേയും ആക്രമിക്കുന്നുണ്ടെങ്കിലും ദിലീപിനെ മഞ്ജു കൈവിട്ടിട്ടില്ല.

ദിലീപ് സിനിമയ്ക്കെതിരെ പ്രചാരണം
ദിലീപ് ജയിലിലായതോടെ റിലീസ് മുടങ്ങി പെട്ടിയിൽ കിടക്കുകയായിരുന്നു ടോമിച്ചൻ മുളകുപാടം 15 കോടി മുടക്കിയ രാമലീല എന്ന ചിത്രം. ദിലീപ് പുറത്തിറങ്ങുന്നത് നടക്കില്ലെന്നായപ്പോഴാണ് ചിത്രം റിലീസ് ചെയ്യാൻ തീരുമാനിച്ചത്. കുറ്റാരോപിതനായ വ്യക്തിയാണ് നായകൻ എന്നതിനാൽ ചിത്രത്തിനെതിരെ വലിയ തോതിൽ പ്രചാരണം നടക്കുന്നു.

എതിർത്തും പിന്തുണച്ചും
ആക്രമിക്കപ്പെട്ട നടിയോടുള്ള നീതികേടാണ് ദിലീപിന്റെ സിനിമ വിജയിപ്പിക്കുന്നത് എന്നതാണ് ഉയരുന്ന വാദം. അതേസമയം സിനിമയ്ക്ക് വേണ്ടി പ്രവർത്തിച്ച മറ്റുള്ളരെക്കൂടി ഓർക്കണം എന്ന് മറുവാദവും ഉയരുന്നു. ആരൊക്കെ കൈവിട്ടാലും ദിലീപിന്റെ സിനിമയെ പിന്തുണച്ച് ഒട്ടും പ്രതീക്ഷിക്കാതെയാണ് മഞ്ജു വാര്യരുടെ രംഗപ്രവേശം.

പിന്തുണയുമായി മഞ്ജു
ഫേസ്ബുക്ക് പോസ്റ്റിലാണ് ദിലീപിന്റെ സിനിമയെ പിന്തുണച്ച് മഞ്ജു രംഗത്ത് വന്നിരിക്കുന്നത്. രാമലീലയും മഞ്ജുവിന്റെ ഉദാഹരണം സുജാതയും ഒരേ ദിവസമാണ് തിയറ്ററുകളിലെത്തുന്നത്. രാമലീലയ്ക്ക് എതിരായ നിലപാടുകൾ ദൌർഭാഗ്യകരമാണെന്ന് മഞ്ജു പറയുന്നു. മഞ്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്.

നിലപാട് ദൗര്‍ഭാഗ്യകരം
'ഉദാഹരണം സുജാത'യ്‌ക്കൊപ്പം റിലീസ് ചെയ്യുന്ന മറ്റൊരു ചിത്രമാണ് 'രാമലീല'. ഈ സിനിമ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനം പലയിടത്തുനിന്നും ഉയരുന്നുണ്ട്. തീയറ്റര്‍ കത്തിക്കണമെന്ന ആക്രോശത്തില്‍വരെയെത്തി അത്. പക്ഷേ ആ നിലപാട് ദൗര്‍ഭാഗ്യകരമാണെന്ന് പറയട്ടെ.

സിനിമ ഒരാളല്ല
വ്യക്തിപരമായ വിയോജിപ്പുകളും എതിര്‍പ്പുകളും കാണിക്കേണ്ടത് സിനിമയോടല്ല. ഒരു സിനിമയും ഒരാളുടേത് മാത്രമല്ല. സിനിമ ഒരാളല്ല,ഒരുപാടുപേരാണ്. അവര്‍ അതില്‍ നിക്ഷേപിക്കുന്നത് പണമോ അധ്വാനമോ സര്‍ഗ്ഗവൈഭവമോ മാത്രമല്ല. പ്രതിഫലം വാങ്ങി പിരിയുന്നതോടെ തീരുന്നതല്ല ആ ബന്ധം.

പിന്നിൽ പ്രവർത്തിച്ചവരെ ഓർക്കണം
സിനിമ നന്നായി വിജയിക്കുമ്പോഴും അത് പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ടു എന്നറിയുമ്പോഴുമാണ് അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ യഥാര്‍ത്ഥത്തില്‍ ആനന്ദിക്കുന്നത്. അത് പണത്തേക്കാള്‍ വലുതാണ് താനും. അതിനുവേണ്ടിയാണ് അവര്‍ രാപകലില്ലാതെ പ്രയത്‌നിക്കുന്നതും. സിനിമയെന്നത് അനേകം കുടുംബങ്ങളുടെ ആശ്രയമായ വ്യവസായമാണ്.

തകരുന്ന സ്വപ്നങ്ങൾ
ഒരുപാടുപേരുടെ അന്നവും മരുന്നും പാഠപുസ്തകവുമെല്ലാമാണ്. സിനിമയെ തീയറ്ററുകളില്‍നിന്ന് അകറ്റിയാല്‍ ഈ വ്യവസായത്തില്‍ നിക്ഷേപിക്കാന്‍ നിര്‍മാതാക്കളുണ്ടാകില്ല. അതോടെ തകരുന്നത് ഒട്ടേറെ കുടുംബങ്ങളും സ്വപ്നങ്ങളുമാണ്. അത് സംഭവിച്ചുകൂടാ.

കോടികളുടെ നിക്ഷേപം
'രാമലീല', ടോമിച്ചന്‍ മുളകുപാടം എന്ന നിര്‍മാതാവിന്റെ കോടിക്കണക്കിന് രൂപയുടെ നിക്ഷേപമാണ്. അതുപോലെ വര്‍ഷങ്ങളായി സിനിമയെ മാത്രം മനസ്സിലിട്ടു നടക്കുന്ന അരുണ്‍ഗോപി എന്ന നവാഗതസംവിധായകന്റേതു കൂടിയാണ്. അതിലെ അഭിനേതാക്കളുടെ മുഖങ്ങള്‍ക്ക് നേരെ പ്രകാശം പ്രതിഫലിപ്പിച്ച, അവര്‍ക്കായി വച്ചുവിളമ്പിയ ക്രഡിറ്റ് കാര്‍ഡില്‍പോലും പേരു വരാത്തവരുടേയുമാണ്.

കാഴ്ചയുടെ നീതി പുലരട്ടെ
സിനിമ തീയറ്ററിലെത്തിക്കാനും അത് പ്രേക്ഷകന്‍ കാണണമെന്ന് ആഗ്രഹിക്കാനും ഇവര്‍ക്കെല്ലാം അവകാശമുണ്ട്. അതിനെ നിഷേധിക്കാന്‍ നമുക്ക് അധികാരമില്ല. അങ്ങനെ ചെയ്താല്‍ അത് സിനിമയോട് ചെയ്യുന്ന അനീതിയാണ്. നാളെ,കാലം നമുക്ക് മാപ്പുതരില്ല. 'രാമലീല' പ്രേക്ഷകര്‍ കാണട്ടെ.കാഴ്ചയുടെ നീതി പുലരട്ടെ.

ക്രിമിനൽ ഗൂഢാലോചന
നടി ആക്രമിക്കപ്പെട്ട കേസിൽ ക്രിമിനൽ ഗൂഢാലോചന ഉണ്ടെന്ന് ആദ്യം പറഞ്ഞത് മഞ്ജു ആയിരുന്നു. അതുകൊണ്ട് തന്നെയാണ് ദിലീപ് അനുകൂലികൾ മഞ്ജുവിനെ ആക്രമിക്കുന്നതും. പോലീസ് പറയുന്നതിന് മുൻപ് മഞ്ജു അത്തരമൊരു ആരോപണം ഉന്നയിച്ചത് ദിലീപിനെ ലക്ഷ്യമിട്ടാണ് എന്നാണ് ദിലീപ് ഫാൻസ് പറയുന്നത്. അതേസമയം കേസുമായി ബന്ധപ്പെട്ട് ദിലീപിനെതിരെ ഇതുവരെ മഞ്ജു സംസാരിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

പിന്തുണ ഞെട്ടിക്കുന്നത്
തുടക്കം മുതൽ ആക്രമിക്കപ്പെട്ട നടിക്കൊപ്പം നിൽക്കുന്ന സിനിമയിലെ വനിതകളുടെ കൂട്ടായ്മയായ വിമൻ ഇൻ സിനിമ കളക്ടീവിലെ അംഗങ്ങളിൽ പലരും രാമലീലയെ പരസ്യമായി എതിർത്തു കഴിഞ്ഞു. റിലീസ് ദിവസം പ്രതിഷേധ പരിപാടി സംഘടിപ്പിക്കാനും പദ്ധതിയുള്ളതായി റിപ്പോർട്ടുകൾ വന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഏവരേയും ഞെട്ടിച്ച് കൊണ്ട് മഞ്ജു രാമലീലയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.

മഞ്ജുവിനെതിരെ ദിലീപ്
പലവിധ ആരോപണങ്ങളാണ് തന്റെ ജാമ്യഹർജിയിൽ ദിലീപ് മഞ്ജുവിനെതിരെ ഉന്നയിച്ചിട്ടുള്ളത്. തനിക്കെതിരെ ഗൂഢാലോചന നടത്തിയവരായി ദിലീപ് ചൂണ്ടിക്കാണിച്ചിരിക്കുന്നത് മഞ്ജു വാര്യര്‍, ശ്രീകുമാര്‍ മേനോന്‍, എഡിജിപി ബി സന്ധ്യ, ലിബര്‍ട്ടി ബഷീര്‍ എന്നിവരുടെ പേരുകളാണ്.സിപിഎമ്മിന്റെ ചില ഉന്നത നേതാക്കളേയും ജാമ്യാപേക്ഷയില്‍ ദിലീപ് ലക്ഷ്യമിടുന്നതായി മനോരമ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.

സന്ധ്യയുമായി അടുത്ത ബന്ധം
കേസന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥയായ എഡിജിപി ബി സന്ധ്യയും മഞ്ജു വാര്യരും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്നും ദിലീപ് ആരോപിച്ചതായി റിപ്പോര്‍ട്ടുകൾ വന്നിരുന്നു. നടിയെ ആക്രമിച്ചതിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്ന് മഞ്ജു പറഞ്ഞത് തന്നെ കുടുക്കാനാണെന്നും ആരോപണം ഉള്ളതായി വാർത്തകളുണ്ടായിരുന്നു.

ശ്രീകുമാർ മേനോന് എതിരെയും
തന്നെ ചോദ്യം ചെയ്യുന്ന സമയത്ത് മഞ്ജു വാര്യരുടെ സുഹൃത്തായ ശ്രീകുമാര്‍ മേനോനെക്കുറിച്ച് പറഞ്ഞ വിവരങ്ങള്‍ എഡിജിപി ബി സന്ധ്യ റെക്കോര്‍ഡ് ചെയ്തില്ലെന്നും ഈ സമയത്ത് ക്യാമറ ഓഫ് ചെയ്യാന്‍ നിര്‍ദേശം നല്‍കിയെന്നും ആരോപിക്കപ്പെടുന്നു. ഇതെല്ലാം ദിലീപ് നിരപരാധിയാണോ എന്നൊരു സംശയമുണ്ടാക്കാൻ ഉപകരിച്ചിരുന്നു. എന്നാൽ ചിലതെല്ലാം കോടതികൾക്ക് ബോധ്യമായിട്ടുണ്ട് എന്നാണ് ജാമ്യഹർജികൾ തള്ളപ്പെടുന്നതിൽ നിന്നും മനസ്സിലാക്കേണ്ടത്.
ഫേസ്ബുക്ക് പോസ്റ്റ്
മഞ്ജു വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്












Click it and Unblock the Notifications