കുറിപ്പെഴുതി മഞ്ജു വെട്ടിലായോ?
സോഷ്യല്‍ മീഡിയ ഫലപ്രദമായ ചര്‍ച്ചകള്‍ക്കും സാമൂഹികമാറ്റങ്ങള്‍ക്ക് ശിലപാകുന്ന ചിന്തകള്‍ക്കുമെല്ലാം ഉറവിടമാകുന്ന സ്ഥലമാണ്. അതേസമയം തന്നെ അത് വ്യക്തിസ്വാതന്ത്രത്തിന് മേല്‍ കടന്നുകയറ്റം നടത്താനുള്ള മാധ്യമമായും ഉപയോഗിക്കപ്പെടുന്നുണ്ട്. വ്യക്തികളെ തേജോവധം ചെയ്യാനും, പലവിഷയങ്ങളും ചര്‍ച്ച ചെയ്തും കമന്റിട്ടും മോശമാക്കി മാറ്റാനും വരെ ഫേസ്ബുക്ക് പോലുള്ള മാധ്യമങ്ങളിലെ അംഗങ്ങള്‍ക്ക് കഴിയാറുണ്ട്. ഫേസ്ബുക്കില്‍ പലപ്പോഴും വമ്പന്‍ ഗൂഢാലോചനകള്‍ക്കും കൂട്ടം ചേര്‍ന്നുള്ള ആക്രമണങ്ങള്‍ക്കും ഇരകളായിപ്പോകുന്നത് സെലിബ്രിറ്റികളാണ്. സ്വകാര്യ ജീവിതത്തിലെ കാര്യങ്ങളാണ് പലപ്പോഴും ഫേസ്ബുക്കിലും മറ്റും നടന്മാര്‍ക്കും നടിമാര്‍ക്കുമെല്ലാം പാരയമായി മാറുന്നത്.
മഞ്ജു വാര്യര്‍-ദിലീപ് പ്രശ്‌നത്തില്‍ ഏറെക്കാലം മുതല്‍ തന്നെ ഫേസ്ബുക്കില്‍ ചര്‍ച്ച തുടങ്ങിയതാണ്. ഇപ്പോള്‍ തങ്ങള്‍ പിരിയുകയാണെന്ന് രണ്ടുപേരും സ്ഥിരീകരിച്ചതോടെ ചര്‍ച്ചകളുടെയും അഭിപ്രായപ്രകനടകളുടെയും ശക്തി കൂടി. ഇക്കാര്യത്തില്‍ അപവാദപ്രചരണങ്ങള്‍ നടക്കുന്നത് പല രീതിയിലാണ്. ഇത് കണ്ട് മടുത്ത മഞ്ജു വാര്യര്‍ തന്റെ വിവാഹമോചന തീരുമാനം സംബന്ധിച്ചൊരു കുറിപ്പ് കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.

ഇപ്പോള്‍ മഞ്ജുവിന്റെ പേജില്‍ നോക്കിയാല്‍ മലയാളികള്‍ക്കൊന്നും ചര്‍ച്ചചെയ്യാന്‍ മറ്റുവിഷയങ്ങളില്ലേയെന്ന് തോന്നിപ്പോകും. കുറിപ്പിനോട് യോജിച്ചും വിയോജിച്ചുമുള്ള കമന്റുകളും കമന്റുകളിടുന്നവര്‍ക്കിടയിലുള്ള ചേരിതിരിഞ്ഞുള്ള ചെളിവാരിയെറിയലുകളുമെല്ലാമായി ഇപ്പോള്‍ മഞ്ജുവിന്റെ പേജില്‍ പൊടിപൂരം നടക്കുകയാണ്.
45,296 ലൈക്കുകള്‍ ലഭിച്ചിട്ടുണ്ട് മഞ്ജുവിന്റെ കുറിപ്പിന് അയ്യായിരത്തിലേറെപ്പേര്‍ ഈ കുറിപ്പ് ഷെയര്‍ ചെയ്തിട്ടുണ്ട്. നാലായിരത്തിനടുത്താണ് കമന്റുകളുടെ എണ്ണം. പല കമന്റുകളും വമ്പന്‍ ലേഖനങ്ങള്‍ തന്നെയാണ്. മകള്‍ മീനാക്ഷിയ്ക്ക് വേണ്ടി താന്‍ പിടിവലി നടത്താനില്ലെന്നുള്ള മഞ്ജുവിന്റെ വാക്കുകളാണ് ചിലര്‍ക്ക് പിടിക്കാത്തത്. പല കമന്റുകളിലും മഞ്ജുവിനുള്ള ഉപദേശങ്ങളുമുണ്ട്. എന്തായാലും അന്യന്റെ കാര്യത്തില്‍ മലയാളികള്‍ക്കുള്ള ശുഷ്‌കാന്തി എന്താണെന്ന് മനസ്സിലാക്കാന്‍തല്‍ക്കാലം മഞ്ജുവിന്റെ പേജില്‍ കയറിയാല്‍ മതി. തന്റെ സ്വകാര്യ ജീവിതം ഇനിയും പൊതുവായ കാര്യമായി കണക്കിലെടുക്കരുതെന്നുള്ള അഭ്യര്‍ത്ഥനയുമായി കുറിപ്പെഴുതിയ മഞ്ജുവിന് ഇപ്പോള്‍ എന്തു തോന്നുന്നുണ്ടോഎന്തോ.












Click it and Unblock the Notifications