തുടയെല്ലൊക്കെ കിട്ടാറുണ്ട്, ഇവിടെയെല്ലാം പൊടിഞ്ഞു, അത്രയും കെമിക്കലുണ്ട്; സോമന്‍ പറയുന്നു
തിരുവല്ല: മാന്നാര്‍ കല തിരോധാനം കൊലപാതകമാണ് എന്ന് സ്ഥിരീകരിച്ചത് കഴിഞ്ഞ ദിവസമാണ്. ഇതിലേക്ക് പൊലീസിനെ സഹായിച്ചത് മാന്നാറിലെ ഭര്‍ത്താവ് അനില്‍ കുമാറിന്റെ വീട്ടിലെ സെപ്റ്റിക് ടാങ്ക് പൊളിച്ച് നടത്തിയ പരിശോധനയിലാണ്. വര്‍ഷങ്ങള്‍ പഴക്കമുള്ള കല്ലറകള്‍ പൊളിച്ച് അസ്ഥികള്‍ പുറത്തെടുക്കാനും അഴുകിയതും ചീഞ്ഞളിഞ്ഞതുമായ മൃതദേഹങ്ങള്‍ കണ്ടെടുക്കാനുമൊക്കെ പൊലീസിനെ സഹായിക്കാറുള്ള സോമന്‍ തന്നെയാണ് ഇവിടെയും പൊലീസിന്റെ സഹായത്തിനെത്തിയത്.
32 വര്‍ഷമായി പൊലീസിന് വേണ്ടി മൃതദേഹങ്ങള്‍ കുഴിച്ചെടുക്കാനും മറ്റും തിരുവല്ല സ്വദേശിയായ സോമന്‍ സഹായിക്കാറുണ്ട്. മാന്നാര്‍ കേസില്‍ സെപ്റ്റിക് ടാങ്ക് പൊളിച്ചതിന് ശേഷം തനിക്ക് മനസിലായ കാര്യവും തന്റെ നിരീക്ഷണവും പങ്ക് വെക്കുകയാണ് സോമന്‍. വണ്‍ഇന്ത്യ മലയാളം യൂട്യൂബ് ചാനലിനോടാണ് അദ്ദേഹത്തിന്റെ പ്രതികരണം. സോമന്റെ വാക്കുകളിലേക്ക്...

'മാന്നാറില്‍ കക്കൂസിന്റെ രണ്ട് ടാങ്ക് നിറഞ്ഞ് കിടക്കുകയായിരുന്നു. ഞാനാദ്യമായിട്ടാണ് വീട് പൊളിച്ചതിന്റെ വേസ്റ്റ് റിംഗിന് മുകളില്‍ ഇടുന്നത് കാണുന്നത്. സാധാരണ മണ്ണിടും, അല്ലെങ്കില്‍ ഒന്നും ചെയ്യാറില്ല. അവിടത്തെ മണ്ണ് എന്ന് പറഞ്ഞാല്‍ പന്‍സാര മണ്ണാണ്. ഒരു കാരണവശാലും ഈ മണ്ണ് അതിന്റെ മുകളിലിടേണ്ട കാര്യമില്ല. ടാങ്ക് പൊളിച്ച് മണ്ണ് നീക്കാന്‍ നോക്കിയപ്പോള്‍ നീങ്ങുന്നില്ല.
അതാണ് ജെ സി ബി വിളിച്ചത്. പൊളിച്ചപ്പോള്‍ തന്നെ ഞാന്‍ സാറുമാരോട് ഇതിന് അകത്ത് എന്തൊക്കയോ ഉണ്ട്, പക്ഷെ എന്താണ് എന്നുള്ളത് എന്ന് അറിയില്ല എന്ന് പറഞ്ഞു. കാരണം മാലിന്യങ്ങളൊക്കെ പൊങ്ങി നിന്നപ്പോള്‍ തന്നെ ഞാന്‍ പറഞ്ഞു കെമിക്കലൊഴിച്ചിട്ടുണ്ട് എന്ന്. ഒരു ക്ലിപ്പ്, ലോക്കറ്റ്. ലോക്കറ്റ് വര്‍ഷങ്ങളായിട്ട് അതിന് അകത്ത് കിടന്നതാണ്. സ്വര്‍ണമാണോ പിച്ചളയാണോ എന്നൊന്നും എനിക്ക് അറിയില്ല.
അടിവസ്ത്രത്തിന്റെ ഇലാസ്റ്റിക്, അതിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട് എന്ന് കണ്ടാലറിയാം. ആ മൂന്ന് വസ്തുക്കളാണ് പ്രധാനമായും ഉള്ളത്. എല്ലിന്റെ പാര്‍ട്‌സ് പോലെ തോന്നിക്കുന്ന ചില വസ്തുക്കളുണ്ട്. അതാണെന്ന് എനിക്ക് തീര്‍ത്ത് പറയാന്‍ പറ്റില്ല. മൂന്നാമത്തെ ടാങ്കില്‍ നിന്ന് വെള്ളം വന്നപ്പോളെ എനിക്ക് മനസിലായി കെമിക്കല്‍ ഉണ്ട് എന്ന്. കാരണം കെമിക്കല്‍ ഉണ്ടെങ്കില്‍ മാത്രമെ അങ്ങനെ വെള്ളം വരൂ.
സാധാരണ സെപ്റ്റിക് ടാങ്കിന്റെ മുകളില്‍ സിമന്റിട്ട് കെട്ടി കാര്‍ പോര്‍ച്ചൊന്നും ഉണ്ടാക്കില്ല. അത് ഒഴിച്ചെ ചെയ്യുകയുള്ളൂ. ഇത് ഇനി തുറക്കേണ്ടി വരില്ല എന്ന ഉദ്ദേശ്യത്തിലാണ് അത് ചെയ്തിരിക്കുന്നത്. വലിയ അളവില്‍ രാസ പദാര്‍ത്ഥം ചേര്‍ത്തിട്ടുണ്ട്. കാരണം ഇതിനകത്തെ റിംഗ് വരെ പൊടിഞ്ഞ് മണല്‍ വന്നിട്ടുണ്ട്. രണ്ട് മൂന്ന് കൊല്ലം കഴിയുമ്പോള്‍ അസ്ഥി ദ്രവിക്കാന്‍ തുടങ്ങും. 12 കൊല്ലമായ ബോഡി ഞാന്‍ റീ പോസ്റ്റു മോര്‍ട്ടത്തിന് എടുത്തിട്ടുണ്ട്.
കല്ലറയ്ക്ക അകത്ത് വെക്കുകയാണെങ്കില്‍ അസ്ഥി പൊടിയാതെ ലഭിക്കും. കക്കൂസിന്റെ മാലിന്യത്തിന് അകത്ത് പോയാല്‍ ദ്രവിക്കും. എങ്കിലും തുടയിലെ എല്ല്, കാലിലെ എല്ല് ഒക്കെ ഞാന്‍ കണ്ടെടുത്തിട്ടുണ്ട്. എന്നാല്‍ മാന്നാറിലെ കേസില്‍ കെമിക്കല്‍ നന്നായി ഉപയോഗിച്ചിട്ടുണ്ട്. കൃത്യം ചെയ്തിട്ട് ഭര്‍ത്താവ് നാട്ടുകാരുടെ മുന്നില്‍ നല്ലവനായി ചമയുന്നത് നല്ലതല്ല. ദൈവമെന്ന് പറയുന്ന ഒരാളുണ്ട്.
ആരെന്ത് കുറ്റം ചെയ്താലും തെളിവിന്റെ ഒരു തുമ്പ് എവിടെയെങ്കിലും ഉണ്ടാകും. ഇന്നലെ ചാനലിലിരുന്ന് ഒരു വക്കീല്‍ പറയുന്നത് കേട്ടു, ഇതിന് അകത്ത് നിന്ന് ഒന്നും എടുത്തിട്ടില്ല. പൊലീസ് എടുത്തതാണ് എന്നൊക്കെ. ആ വക്കീല്‍ എന്റെ മുന്നില്‍ നിന്ന് പറഞ്ഞിരുന്നെങ്കില്‍ മറുപടി ഞാന്‍ കൊടുത്തേനെ,' സോമന്‍ പറയുന്നു.












Click it and Unblock the Notifications