നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയ്ക്ക് മുന്‍തൂക്കമെന്ന് മനോരമ ന്യൂസ് സര്‍വ്വേ; കോണ്‍ഗ്രസ് മൂന്നാമത്
തിരുവനന്തപുരം: ബിജെപിയുടെ ഏക സിറ്റിങ് സീറ്റ് ആയ നേമത്ത് ഇത്തവണയും ബിജെപിയ്ക്ക് നേരിയ മുന്‍തൂക്കമുണ്ടെന്ന് മനോരമ ന്യൂസ് പ്രീ പോള്‍ സര്‍വ്വേ പ്രവചനം. അതി ശക്തമായ പോരാട്ടമാണ് നേമത്ത് നടക്കുന്നത് എന്നാണ് സര്‍വ്വേ വിലയിരുത്തുന്നത്.
എന്നാല്‍ കെ മുരളീധരനെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുന്നതിന് മുമ്പാണ് സര്‍വ്വേ പൂര്‍ത്തിയായത് എന്നതും ശ്രദ്ധേയമാണ്. സര്‍വ്വേ പ്രവചനം പ്രകാരം മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഇത്തവണയും മൂന്നാം സ്ഥാനത്താണ്. കുമ്മനം രാജശേഖരനാണ് നേമത്തെ ബിജെപി സ്ഥാനാര്‍ത്ഥി. വി ശിവന്‍കുട്ടി സിപിഎം സ്ഥാനാര്‍ത്ഥിയും കെ മുരളീധരന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും ആണ്.

ചരിത്രത്തിൽ ആദ്യമായി കേരളത്തിൽ ബിജെപി അക്കൌണ്ട് തുറന്ന മണ്ഡലം ആണ് നേമം. 2016 ലെ തിരഞ്ഞെടുപ്പിൽ 8,617 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ബിജെപി സ്ഥാനാർത്ഥിയായ ഒ രാജഗോപാൽ വിജയിച്ചത്. സിപിഎം സ്ഥാനാർത്ഥിയും സിറ്റിങ് എംഎൽഎയും ആയിരുന്ന വി ശിവൻകുട്ടി രണ്ടാമതായി. യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന വി സുരേന്ദ്രൻ പിള്ളയ്ക്ക് 13,860 വോട്ട് മാത്രമാണ് അന്ന് നേടാനായത്. പത്ത് ശതമാനത്തിൽ താഴെ ആയിരുന്നു യുഡിഎഫിന് ലഭിച്ച വോട്ട്.
2011 ലെ തിരഞ്ഞെടുപ്പിൽ നേമത്ത് ബിജെപി രണ്ടാമതെത്തിയിരുന്നു. അന്ന് യുഡിഎഫ് സ്ഥാനാർത്ഥി ചാരുപാറ രവി ഇരുപതിനായിരത്തിൽ പരം വോട്ടുകളാണ് നേടിയത്. അഞ്ച് വർഷത്തിന് ശേഷം വോട്ടിൽ ഏഴായിരത്തിൽ പരം വോട്ടുകളുടെ കുറവാണ് സംഭവിച്ചത്. നേമം സീറ്റ് കോൺഗ്രസ് ഘടകക്ഷികൾക്ക് നൽകിയതിന് ശേഷം ആയിരുന്നു അവിടെ ബിജെപി ശക്തമായി വളർന്നത്.
2014 ലേയും 2019 ലേയും ലോക്സഭ തിരഞ്ഞെടുപ്പുകളിലും നേമത്ത് ബിജെപി സ്ഥാനാർത്ഥികൾ തന്നെയായിരുന്നു ലീഡ് ചെയ്തത്. ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പിലും നേമം മണ്ഡലത്തിൽ മുൻതൂക്കം നേടിയത് ബിജെപി ആയിരുന്നു.
ഇതിന്റെ പശ്ചാത്തലത്തിൽ ആണ് നേമത്ത് ശക്തനായ സ്ഥാനാർത്ഥിയെ രംഗത്തിറക്കുമെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടേയും ശശി തരൂരിന്റേയും, കെസി വേണുഗോപാലിന്റേയും കെ മുരളീധരന്റേയും ഒക്കെ പേരുകൾ പലഘട്ടത്തിൽ പരിഗണിക്കപ്പെട്ടു. ഏറ്റവും ഒടുവിലാണ് വടകര എംപി കൂടിയായ കെ മുരളീധരനെ കോൺഗ്രസ് നേമത്തെ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുന്നത്.
മുരളീധരൻ കൂടി എത്തിയതോടെ നേമത്തെ തിരഞ്ഞെടുപ്പ് പ്രചാരണവും ശക്തമായിട്ടുണ്ട്. കേരളത്തിൽ ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലമാണ് നേമം. മുരളീധരന്റെ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുന്പ് നടന്ന സർവ്വേ ആയതിനാൽ, ഫലസൂചനകളിൽ വ്യത്യാസമുണ്ടാകുമെന്ന മുൻകൂർ ജാമ്യവും മനോരമ ന്യൂസ് എടുക്കുന്നുണ്ട്.












Click it and Unblock the Notifications