പിണറായി ഭരണം തുടരും... എൽഡിഎഫിന് തുടർഭരണം പ്രവചിച്ച് മനോരമ ന്യൂസ് പ്രീ പോൾ സർവ്വേയും; ബിജെപിയ്ക്ക് 3 സീറ്റ്
തിരുവനന്തപുരം: കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരിന് തുടര്‍ ഭരണം ലഭിക്കുമെന്ന് പ്രവചിച്ച് മനോരമ ന്യൂസ്- വിഎംആര്‍ പ്രീ പോള്‍ സര്‍വ്വേ. ഇതുവരെ പുറത്ത് വന്ന എല്ലാ പ്രീ പോള്‍ സര്‍വ്വേ ഫലങ്ങളും എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ച പ്രവചിച്ചിരുന്നു. മനോരമ ന്യൂസ് കൂടി അത്തരമൊരു പ്രവചനം നടത്തുന്നു എന്നതാണ് ശ്രദ്ധേയം.
മറ്റ് സര്‍വ്വേകളില്‍ നിന്ന് വിഭിന്നമായി ഓരോ മണ്ഡലത്തിലേയും വിജയവും തോല്‍വിയും പ്രവചിച്ചുകൊണ്ടായിരുന്നു മനോരമ ന്യൂസ് സര്‍വ്വേ. നാല് ദിവസം കൊണ്ടാണ് സര്‍വ്വേ ഫലപ്രഖ്യാപനം പൂര്‍ത്തിയാക്കിയത്.

എല്‍ഡിഎഫിന് 82 സീറ്റ്
എല്‍ഡിഎഫിന് 82 സീറ്റുകള്‍ വരെ ലഭിക്കാം എന്നാണ് മനോരമ ന്യൂസ് പ്രീ പോള്‍ സര്‍വ്വേ പ്രവചിക്കുന്നത്. 77 നും 82 സീറ്റുകൾ വരെ ലഭിക്കും. യുഡിഎഫിന് 59 സീറ്റുകള്‍ വരെ ലഭിക്കാം (54 മുതൽ 59 വരെ). എന്‍ഡിഎയ്ക്ക് 3 സീറ്റുകള്‍ വരെ ലഭിക്കാം എന്നും മനോരമ ന്യൂസ് പ്രീ പോള്‍ സര്‍വ്വേ പ്രവചിക്കുന്നു. പൂജ്യം മുതൽ മൂന്ന് സീറ്റ് വരെയാണ് പ്രവചനം.

ആദ്യ ദിനം
സര്‍വ്വേയുടെ ആദ്യ ദിനത്തില്‍ വടക്കേ മലബാറിലെ നാല് ജില്ലികളിലെ മണ്ഡലങ്ങളായിരുന്നു പരിഗണിച്ചത്. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളായിരുന്നു അവ. മൊത്തം 32 സീറ്റുകളില്‍ 27 എണ്ണവും എല്‍ഡിഎഫിന് ലഭിക്കുമെന്നായിരുന്നു പ്രവചനം.

രണ്ടാം ദിനം യുഡിഎഫിന്
രണ്ടാം ദിവസം പുറത്ത് വിട്ടത് മലപ്പുറം, പാലക്കാട്, തൃശൂര്‍, ഇടുക്കി ജില്ലകളിലെ പ്രവചനം ആയിരുന്നു. യുഡിഎഫിനെ പോലും അമ്പരപ്പിക്കുന്ന രീതിയില്‍ യുഡിഎഫ് അനുകൂലം ആയിരുന്നു ഈ ജില്ലകളിലെ പ്രവചനം. നാല് ജില്ലകളിലെ 46 സീറ്റുകളില്‍ 32 എണ്ണവും യുഡിഎഫിന് ലഭിക്കും എന്നതായിരുന്നു പ്രവചനം.

മൂന്നാം ദിനം എല്‍ഡിഎഫിന്
രണ്ടാം ദിനത്തിലെ യുഡിഎഫ് അനുകൂല പ്രവചനങ്ങള്‍ ആയിരുന്നില്ല മൂന്നാം ദിനത്തിലേത്. എറണാകുളം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ 37 മണ്ഡലങ്ങളിലെ സര്‍വ്വേ ഫലം ആണ് പുറത്ത് വിട്ടത്. ഇതില്‍ 22 എണ്ണവും എല്‍ഡിഎഫിന് ലഭിക്കും എന്നതായിരുന്നു പ്രവചനം.

മൂന്നിടത്ത് ക്ലീന്‍ സ്വീപ്പ്
ഇത്തവണ മൂന്ന് ജില്ലകളില്‍ ക്ലീന്‍ സ്വീപ്പ് ഉണ്ടാകുമെന്നാണ് മനോരമ ന്യൂസ് പ്രീ പോള്‍ സര്‍വ്വേ പ്രവചിക്കുന്നത്. അത് വയനാട്, കോഴിക്കോട്, പത്തനംതിട്ട ജില്ലകളാണ്. ഈ മൂന്ന് ജില്ലകളില്‍ മുഴുവന്‍ സീറ്റുകളും എല്‍ഡിഎഫ് നേടും എന്നാണ് പ്രവചനം. കഴിഞ്ഞ തവണ കൊല്ലത്ത് മാത്രമായിരുന്നു എല്‍ഡിഎഫ് ഇത്തരത്തില്‍ ഒരു ക്ലീന്‍ സ്വീപ് നേടിയത്.

തിരുവനന്തപുരത്തേക്ക് കടന്നപ്പോള്‍
മൂന്നാം ദിവസം വരെ 115 മണ്ഡലങ്ങളിലെ സര്‍വ്വേ ഫലങ്ങളായിരുന്നു പുറത്ത് വിട്ടത്. അത് പ്രകാരം എല്‍ഡിഎഫിന് 63 സീറ്റ് ലഭിക്കും എന്നായിരുന്നു പ്രവചനം. നാലാം ദിവസം കൊല്ലം ജില്ലയിലെ സര്‍വ്വേ ഫലം വന്നപ്പോള്‍ തന്നെ എല്‍ഡിഎഫ് എഴുപത് സീറ്റില്‍ എത്തിയിരുന്നു. തിരുവനന്തപുരം ജില്ലയിലെ വര്‍ക്കലയില്‍ കൂടി ജയിക്കുമെന്ന പ്രവചനത്തോടെ എല്‍ഡിഎഫ് കേവല ഭൂരിപക്ഷം എന്ന നമ്പര്‍ മനോരമ സര്‍വ്വേയില്‍ എത്തുകയും ചെയ്തു.

കടുത്ത പോരാട്ടങ്ങളില്‍ യുഡിഎഫിന്റെ സ്ഥിതി
ഒരുപാട് മണ്ഡലങ്ങളില്‍ ഇഞ്ചോടിഞ്ച് പോരാട്ടങ്ങള്‍ നടക്കുന്നുണ്ട് എന്നാണ് സര്‍വ്വേ വിലയിരുത്തുന്നത്. എന്നാല്‍ ഇത്തരം ശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങള്‍ അധികവും സര്‍വ്വേ ഫലത്തില്‍ യുഡിഎഫിന് മുന്‍തൂക്കം പ്രവചിക്കുന്നവയാണ്.

എല്‍ഡിഎഫ് ഷുവര്‍ സീറ്റുകള്‍
എല്‍ഡിഎഫിന്റെ ഷുവര്‍ സീറ്റുകള്‍ എന്ന് വിശേഷിപ്പിക്കുന്ന പല സീറ്റുകളിലും ഇത്തവണ അട്ടിമറി ഉണ്ടാകും എന്നും സര്‍വ്വേയില്‍ പ്രവചിക്കുന്നുണ്ട്. ഇത് സാമൂഹ്യ മാധ്യമങ്ങളില്‍ സര്‍വ്വേയ്‌ക്കെതിരെ വലിയ പരിഹാസത്തിന് വഴിവയ്ക്കുകയും ചെയ്തിരുന്നു.

ബിജെപിയ്ക്ക് മൂന്ന് സീറ്റുകൾ
ബിജെപിയ്ക്ക് പൂജ്യം മുതൽ മൂന്ന് സീറ്റുകൾ വരെ പ്രവചിക്കുന്നുണ്ട് എന്നാണ് മനോരമ ന്യൂസ് പ്രീ പോൾ സർവ്വേ പ്രവചിക്കുന്നത്. മഞ്ചേശ്വരം, തിരുവനന്തപുരം, നേമം എന്നീ മണ്ഡലങ്ങളിൽ ആണ് ബിജെപിയ്ക്ക് വിജയ സാധ്യത പ്രഖ്യാപിക്കുന്നത്. എന്നാൽ മൂന്നിടത്തും കടുത്ത പോരാട്ടമാണെന്ന് സർവ്വേ വിലയിരുത്തുന്നുണ്ട്.
ഇന്ത്യയിലിരുന്ന് കളിക്കാം പവർബോൾ ജാക്ക്പോട്ട്; സമ്മാനത്തുക 200 മില്യൺ ഡോളർ












Click it and Unblock the Notifications