മഞ്ചേശ്വരത്ത് കെ സുരേന്ദ്രന്‍ ജയിക്കുമെന്ന് മനോരമ ന്യൂസ് സര്‍വ്വേ; യുഡിഎഫ് രണ്ടാമത്, എല്‍ഡിഎഫ് മൂന്നാമത്
കാസര്‍കോട്: മഞ്ചേശ്വരത്ത് ഇത്തവണ ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ വിജയിക്കുമെന്ന് മനോരമ ന്യൂസ്- വിഎംആര്‍ പ്രീ പോള്‍ സര്‍വ്വേ ഫലം. കേരളത്തിലെ 140 മണ്ഡലങ്ങളിലും നടത്തിയ സര്‍വ്വേയുടെ ഫലമാണ് മനോരമ ന്യൂസ് പുറത്ത് വിടുന്നത്.
മഞ്ചേശ്വരത്ത് ബിജെപി ഒന്നാം സ്ഥാനത്ത് എത്തുമ്പോള്‍ യുഡിഎഫ് രണ്ടാം സ്ഥാനത്ത് എത്തുമെന്നാണ് പ്രവചിക്കുന്നത്. എല്‍ഡിഎഫ് മൂന്നാം സ്ഥാനത്താകുമെന്നും പ്രവചിക്കുന്നുണ്ട്. ബിജെപിയ്ക്ക് ഇത്തവണ ഏറെ പ്രതീക്ഷ നൽകുന്നതാണ് ഈ സർവ്വേ ഫലം. വിശദാംശങ്ങൾ...

89 വോട്ടിന്
2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കെ സുരേന്ദ്രന്‍ 89 വോട്ടിന് പരാജയപ്പെട്ട മണ്ഡലം ആണ് മഞ്ചേശ്വരം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കൂടിയായ സുരേന്ദ്രന്‍ ഇത്തവണ മഞ്ചേശ്വരത്തും കോന്നിയിലും മത്സരിക്കുന്നുണ്ട്.

സ്ഥാനാര്‍ത്ഥിത്വം
കെ സുരേന്ദ്രന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് ബിജെപിയില്‍ തുടക്കത്തില്‍ അനിശ്ചിതത്വം ഉണ്ടായിരുന്നു. സംസ്ഥാന അധ്യക്ഷന്‍ എന്ന നിലയില്‍ മത്സരത്തില്‍ നിന്ന് മാറി നില്‍ക്കുമെന്ന രീതിയിലും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ അവസാന ഘട്ടത്തില്‍ സുരേന്ദ്രനെ രണ്ട് മണ്ഡലങ്ങളില്‍ മത്സരിപ്പിക്കാന്‍ കേന്ദ്ര നേതൃത്വം തീരുമാനിക്കുകയായിരുന്നു.

ലീഗിലെ പ്രശ്‌നങ്ങള്‍
എംസി ഖമറുദ്ദീന്‍ ആണ് മഞ്ചേശ്വരത്തെ സിറ്റിങ് എംഎല്‍എ. ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പില്‍ ഖമറുദ്ദീന്‍ അറസ്റ്റിലായതോടെ മുസ്ലീം ലീഗ് കടുത്ത പ്രതിരോധത്തിലാണ്. ഇത്തവണ എകെഎം അഷറഫ് ആണ് ഇവിടെ ലീഗിന്റെ സ്ഥാനാര്‍ത്ഥി.

സിപിഎമ്മിലും പ്രശ്‌നം
മഞ്ചേശ്വരത്ത് സ്ഥാനാര്‍ത്ഥി നിര്‍ണയം സിപിഎമ്മിലും പ്രശ്‌നം ആയിരുന്നു. ആദ്യം സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചപ്പോള്‍ മഞ്ചേശ്വരത്ത സ്ഥാനാര്‍ത്ഥിയുടെ പേരുണ്ടായിരുന്നില്ല. ഒടുവില്‍ വിവി രമേശനെ ആണ് ഇവിടെ സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചത്.

മഞ്ചേശ്വരത്തിന്റെ പ്രത്യേകത
ബിജെപിയ്ക്ക് ശക്തമായ സ്വാധീനമുള്ള മണ്ഡലങ്ങളില്‍ ഒന്നാണ് മഞ്ചേശ്വരം. ഏതാണ്ട് മൂന്ന് പതിറ്റാണ്ടായി ഇവിടെ രണ്ടാം സ്ഥാനത്ത് ബിജെപിയാണ്. 2006 ല്‍ സിപിഎം വിജയിച്ചപ്പോള്‍ മുസ്ലീം ലീഗ് ഇവിടെ മൂന്നാം സ്ഥാനത്തും ആയിരുന്നു.

ബിജെപിയ്ക്ക് പ്രതീക്ഷ
ഇത്തവണ ബിജെപിയ്ക്ക് രണ്ട് സീറ്റുകള്‍ വരെയാണ് മിക്ക പ്രീ പോള്‍ സര്‍വ്വേകളും പ്രവചിച്ചിട്ടുള്ളത്. എന്നാല്‍ മണ്ഡലം അടിസ്ഥാനത്തിലുള്ള പ്രീ പോള്‍ സര്‍വ്വകള്‍ ഒന്നും പുറത്ത് വന്നിരുന്നില്ല. അത്തരത്തില്‍ നോക്കുമ്പോള്‍ ബിജെപിയ്ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതാണ് മനോരമ ന്യൂസ് പ്രീ പോള്‍ സര്‍വ്വേ.












Click it and Unblock the Notifications