ആലപ്പുഴയിൽ 'കനൽ ഒരു തരി' കെടുത്തുമോ കെസി വേണുഗോപാൽ?; സർവ്വേ ഫലം ഇങ്ങനെ
ആലപ്പുഴ: 2019 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ കേരളത്തിൽ എൽ ഡി എഫിന് ആശ്വാസമായത് ആലപ്പുഴയിലെ വിജയമായിരുന്നു. 20 ൽ 19 മണ്ഡലങ്ങളും യു ഡി എഫ് തൂത്തുവാരിയപ്പോൾ എ എം ആരിഫിലൂടെ മണ്ഡലം നിലനിർത്താൻ സി പി എമ്മിന് കഴിഞ്ഞു. അന്ന് യു ഡി എഫിനായി മത്സരിച്ചത് ഷാനി മോൾ ഉസ്മാനയിരുന്നു. എന്നാൽ ഇത്തവണ എൽ ഡി എഫിനെ മണ്ഡലം കൈവിടുമെന്നും യു ഡി എഫിന് വേണ്ടി കെ സി വേണുഗോപാൽ വൻ വിജയം നേടുമെന്നുമാണ് മനോരമ ന്യൂസ് സർവ്വേ ഫലം പറയുന്നത്.
കെ സി വേണുഗോപാലിന്റെ സ്ഥാനാർത്ഥിത്വമാണ് മണ്ഡലത്തിൽ എൽ ഡി എഫിന്റെ ചിത്രം മാറ്റിയതെന്നാണ് സർവ്വേ സൂചിപ്പിക്കുന്നത്. ഇത്തവണ എന്തുവിലകൊടുത്തും 20 ൽ 20 സീറ്റുകളും പിടിക്കണമെന്ന ലക്ഷ്യത്തോടെയാണ് യു ഡി എഫ് കെ സി വേണുഗോപാലിനെ ആലപ്പുഴയിൽ മത്സരിപ്പിക്കാൻ വീണ്ടും തീരുമാനിച്ചത്. കെസി വേണുഗോപാല്‍ 2009 ലും 2014 ലും വിജയിച്ച മണ്ഡലമാണ് ആലപ്പുഴ. മണ്ഡലത്തിലെ കെസിക്കുള്ള ജനപിന്തുണ തന്നെയാണ് യു ഡി എഫിന്റെ ആത്മവിശ്വാസം.

കോൺഗ്രസിന്റെ ഈ ആത്മവിശ്വാസത്തിന് ഒട്ടും തന്നെ കോട്ടം തട്ടില്ലെന്നാണ് സർവ്വേ ചൂണ്ടിക്കാട്ടുന്നത്. ഇത്തവണ മണ്ഡലത്തിൽ 1.69 ശതമാനം വോട്ടുകൾ കോൺഗ്രസിന് അധികമായി ലഭിക്കുമെന്ന് സർവ്വേ പറയുന്നു. യു ഡി എഫിന്റെ ആകെ വോട്ട് 42.18 ശതമാനമായി ഉയരുമെന്നാണ് സർവ്വേ പ്രവചനം. അതേസമയം എല്‍ഡിഎഫിന്റേത് 37.68 ശതമാനമായി കുറയും. കെസിക്കൊപ്പെ ബി ജെ പിക്കായി ശോഭാ സുരേന്ദ്രൻ കൂടി എത്തിയതാണ് എൽ ഡി എഫിൻറെ വോട്ട് വിഹിതം കുറയാൻ കാരണമാകുകയെന്നും സർവ്വേ പറയുന്നു.
നേരത്തേ ട്വന്റി ഫോർ ന്യൂസ് സർവ്വേ ഫലവും മണ്ഡലത്തിൽ യു ഡി എഫിന്റെ വിജയമാണ് പ്രവചിച്ചത്. കെ സി വേണുഗോപാല്‍ ജയിക്കുമെന്ന് 41.12 ശതമാനം പേരാണ് അഭിപ്രായപ്പെട്ടത്. എ എം ആരിഫ് ജയിക്കുമെന്ന് 39.7 ശതമാനം പേരും ശോഭാ സുരേന്ദ്രന്‍ ജയിക്കുമെന്ന് 18 ശതമാനം പേരും സർവ്വേിൽ അഭിപ്രായം പങ്കുവെച്ചു. അതേസമയം യു ഡി എഫിന് അനുകൂലമായ സർവ്വേകളുടെ പശ്ചാത്തലത്തിൽ ആലപ്പുഴയിൽ പ്രചരണത്തിന്റെ ഗീയർമാറ്റിയിരിക്കുകയാണ് എൽഡിഎഫ്.












Click it and Unblock the Notifications