തോമസ് ഐസകിന്റെ ആലപ്പുഴ സീറ്റിൽ അട്ടിമറി, അരൂർ തിരിച്ച് പിടിക്കും, മനോരമ ന്യൂസ് സര്‍വ്വേ
കോഴിക്കോട്: അവിശ്വസനീയമായ പ്രവചനങ്ങളുമായി മനോരമ ന്യൂസ് പ്രീ പോള്‍ സര്‍വ്വേയുടെ മൂന്നാം ഘട്ടം. ഈ ഘട്ടത്തില്‍ ആലപ്പുഴ അടക്കമുളള ജില്ലകളിലെ പ്രവചനമാണ് മനോരമ പുറത്ത് വിട്ടത്.
ആലപ്പുഴ ജില്ലയില്‍ ചില അട്ടിമറികള്‍ നടക്കും എന്നാണ് മനോരമയുടെ സര്‍വ്വേ പ്രവചിക്കുന്നത്. തോമസ് ഐസകിന്റെ മണ്ഡലമായ ആലപ്പുഴയില്‍ അടക്കം ഞെട്ടിക്കുന്ന ഫലം ഉണ്ടാകും എന്നാണ് മനോരമയുടെ സര്‍വ്വേ പ്രവചിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ

ഞെട്ടിച്ച അരൂർ
സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റ് ആയിരുന്ന അരൂര്‍ 2019ല്‍ നടന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ആണ് അപ്രതീക്ഷിതമായി യുഡിഎഫ് പിടിച്ചെടുത്തത്. അരൂര്‍ എംഎല്‍എ ആയിരുന്ന എഎം ആരിഫ് ലോക്‌സഭയിലേക്ക് മത്സരിച്ച് ജയിച്ചതോടെയാണ് മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. ഷാനിമോള്‍ ഉസ്മാനെ ഇറക്കിയാണ് ഇടതുപക്ഷത്തില്‍ നിന്നും യുഡിഎഫ് മണ്ഡലം പിടിച്ചെടുത്തത്.

എല്‍ഡിഎഫ് തിരിച്ച് പിടിക്കും
അരൂര്‍ ഇക്കുറി എല്‍ഡിഎഫ് തിരിച്ച് പിടിക്കും എന്നാണ് മനോരമ ന്യൂസ് പ്രീ പോള്‍ സര്‍വ്വേ പറയുന്നത്. യുഡിഎഫ് മണ്ഡലം നിലനിര്‍ത്താന്‍ ഷാനിമോള്‍ ഉസ്മാനെ തന്നെയാണ് ഇത്തവണയും ഇറക്കിയിരിക്കുന്നത്. അതേസമയം ഗായിക കൂടിയായ ദലീമ ആണ് അരൂരില്‍ ഇടത് സ്ഥാനാര്‍ത്ഥി. ഉപതിരഞ്ഞെടുപ്പിലെ ക്ഷീണം ഇത്തവണ തീര്‍ക്കാന്‍ ശക്തമായ പ്രവര്‍ത്തനം മണ്ഡലത്തില്‍ ഇടതുപക്ഷം നടത്തുന്നുണ്ട്.

അട്ടിമറി വിജയം
ധനമന്ത്രി തോമസ് ഐസക് എംഎല്‍എ ആയിരിക്കുന്ന ആലപ്പുഴ നിയോജക മണ്ഡലത്തില്‍ യുഡിഎഫ് ശക്തമായ മത്സരം കാഴ്ച വെയ്ക്കുമെന്നും അട്ടിമറി വിജയം നേടും എന്നുമാണ് മനോരമയുടെ സര്‍വ്വേ പ്രവചിക്കുന്നത്. യുഡിഎഫ് 45.5 ശതമാനം വോട്ട് നേടി മണ്ഡലത്തില്‍ മുന്നിലെത്തും. 42. 34 ശതമാനം വോട്ട് നേടി എല്‍ഡിഎഫ് തൊട്ട് പിന്നിലെത്തുമെന്നും സര്‍വ്വേ ഫലത്തില്‍ പറയുന്നു.

ഇളവ് നൽകിയില്ല
അതേസമയം ആലപ്പുഴയില്‍ എന്‍ഡിഎയ്ക്ക് 12. 1 ശതമാനം വോട്ടാണ് ലഭിക്കുക എന്നും സര്‍വ്വേ പറയുന്നു. രണ്ട് തവണ തുടര്‍ച്ചയായി മത്സരിച്ച് വിജയിച്ചവര്‍ക്ക് സീറ്റ് നല്‍കേണ്ടതില്ലെന്ന തീരുമാനം സിപിഎം കൈക്കൊണ്ടതിന്റെ ഭാഗമായാണ് ഇക്കുറി തോമസ് ഐസകിന് സീറ്റ് നിഷേധിക്കപ്പെട്ടത്. തോമസ് ഐസകിനും ജി സുധാകരനും ഇളവ് നല്‍കണം എന്നുളള ജില്ലാ കമ്മിറ്റിയുടെ ആവശ്യം സംസ്ഥാന നേതൃത്വം തളളി.

ഐസകിന് പകരം പിപി ചിത്തരഞ്ജൻ
തോമസ് ഐസക് മാറി നില്‍ക്കുന്നത് ആലപ്പുഴ മണ്ഡലത്തിലെ വിജയസാധ്യതയെ ബാധിക്കുമെന്നുളള ആശങ്ക ജില്ലാ നേതൃത്വം ഉന്നയിച്ചിരുന്നു. ഇത് ശരിവെക്കുന്ന തരത്തിലാണ് മനോരമയുടെ പ്രവചനം. 2016ല്‍ തോമസ് ഐസക് 31032 വോട്ടിന് ജയിച്ച മണ്ഡലമാണ് ആലപ്പുഴ. ഐസകിന് പകരം പിപി ചിത്തരഞ്ജന് ആണ് സിപിഎം ആലപ്പുഴ സീറ്റ് നല്‍കിയിരിക്കുന്നത്. കെഎസ് മനോജ് ആണ് ആലപ്പുഴയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി.












Click it and Unblock the Notifications