മനോരമയുടെ തൃപ്തിക്കുറവും അസഹിഷ്ണുതയും പാർട്ടിയുടെ മേലെ ചാരണ്ട: രൂക്ഷ വിമർശനവുമായി സിപിഎം
തിരുവനന്തപുരം: മനോരമയ്ക്കെതിരെ രൂക്ഷ വിമർശനവുമായി സി പി എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്‍. ഇന്നത്തെ മനോരമയിൽ പേര് വയ്ക്കാതെ വന്ന ഒരു വാർത്തയുടെ തലക്കെട്ട് "മേയറോട് പാർട്ടിക്ക് അതൃപ്തി" എന്നാണ്. ആരാണ് മനോരമയ്ക്ക് ഈ വാർത്ത നൽകിയത്. ഞാൻ പാർട്ടിയുടെ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയാണ്, ജില്ലയിൽ ഒരു പാർട്ടി ഘടകവും അത്തരത്തിൽ ഒരു വിലയിരുത്തൽ നടത്തിയതായി എനിക്കറിയില്ലെന്നാണ് ആനാവൂർ നാഗപ്പന്‍ വ്യക്തമാക്കുന്നു. ഇന്നത്തെ വാർത്ത സമ്പൂർണ്ണമായി അസംബന്ധവും അസത്യവുമാണെന്നും അദ്ദേഹം പ്രസ്താവനയിലൂടെ കൂട്ടിച്ചേർക്കുന്നു. ആനാവൂർ നാഗപ്പന്റെ പ്രസ്താവനയുടെ പൂർണ്ണ രൂപം ഇങ്ങനെ..
മനോരമയുടെ തൃപ്തിക്കുറവും അസഹിഷ്ണുതയും പാർട്ടിയുടെ മേലെ ചാരണ്ട. ഇന്നത്തെ മനോരമയിൽ പേര് വയ്ക്കാതെ വന്ന ഒരു വാർത്തയുടെ തലക്കെട്ട് "മേയറോട് പാർട്ടിക്ക് അതൃപ്തി" എന്നാണ്. ആരാണ് മനോരമയ്ക്ക് ഈ വാർത്ത നൽകിയത്. ഞാൻ പാർട്ടിയുടെ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയാണ്, ജില്ലയിൽ ഒരു പാർട്ടി ഘടകവും അത്തരത്തിൽ ഒരു വിലയിരുത്തൽ നടത്തിയതായി എനിക്കറിയില്ല. മനോരമ ആയത് കൊണ്ട് ശൂന്യതയിൽ നിന്നും വാർത്തകൾ ഉണ്ടാക്കും, അല്പദിവസം മുൻപാണ് കായംകുളം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലം വിശദമായി വിലയിരുത്തി ഒരു വാർത്ത തയ്യാറാക്കി ഒളിച്ച് വച്ചിരുന്നത് പുറത്തായത്. ആ വാർത്തയിൽ പാർട്ടിയുടെ ജില്ലാ കമ്മിറ്റിയുടെ വിലയിരുത്തൽ വരെ ഉണ്ടായിരുന്നു. അതാണ് മനോരമയുടെ കുബുദ്ധി.

സ്വർണ്ണക്കടത്ത് കേസിൽ ആരോപണവിധേയനായ എം ശിവശങ്കറിന് നാഗർകോവിലിൽ കാറ്റാടി നിക്ഷേപം ഉണ്ടെന്ന് വെണ്ടയ്ക്ക അക്ഷരത്തിൽ വാർത്ത കൊടുത്തവരാണ് മനോരമ. അങ്ങനെ എത്രയോ പിതൃശൂന്യ വാർത്തകൾ ആ പത്രത്തിൽ അച്ചടിച്ചു വന്നിരിക്കുന്നു. പണ്ടൊക്കെ കുറച്ച് ദിവസം അതിങ്ങനെ ചർച്ചയായി നില്കും, ഇന്നിപ്പോ കാലം മാറിപ്പോയി, മണിക്കൂറുകൾക്കുള്ളിൽ അത്തരം നുണകൾ പൊളിച്ചെഴുതപ്പെടും. എന്നാലും മനോരമയുടെ വാല് വളഞ്ഞേ ഇരിക്കു. ഒരു ദിവസം ഒരു വ്യാജൻ എങ്കിലും അടിച്ചില്ലെങ്കിൽ മനോരമയ്ക്ക് മനഃസമാധാനം കിട്ടില്ല എന്ന് തോന്നുന്നു.
ഇന്നത്തെ വാർത്ത സമ്പൂർണ്ണമായി അസംബന്ധവും അസത്യവുമാണ്. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയർ കോർപറേഷൻ ഭരണം ഏറ്റവും നന്നായും കാര്യക്ഷമമായും മുന്നോട്ട് നയിക്കുന്നു എന്നതിൽ അവർ സിപിഐ(എം) ആണ് എന്നത്കൊണ്ട് മാത്രം വല്ലാത്ത അസഹിഷ്ണുത തുടർച്ചയായി കാണിക്കുന്ന മനോരമ ബഹു, മേയർക്കെതിരായി തുടർച്ചായി തന്നെ നുണവാർത്തകൾ മെനയുകയാണ്. വ്യാജവാർത്തകളിലൂടെ ആക്രമിക്കുക എന്ന അത്യന്തം ഹീനമായ തന്ത്രമാണ് മനോരമ അവലംബിക്കുന്നത്. ഇന്നത്തെ വാർത്തയിൽ പറയുന്ന കാര്യങ്ങൾ മുഴുവൻ കല്ല് വച്ച നുണകളാണ്. സ: ആര്യ രാജേന്ദ്രൻ മേയർ ആയ ദിവസം മുതൽ ബിജെപിയും ചില മാധ്യമങ്ങളും വിശിഷ്യാ മനോരമയും ചേർന്ന് നടത്തുന്ന വ്യാജവാർത്ത പ്രചരണ പരമ്പരയിലെ ഒന്ന് മാത്രമാണ് ഈ വാർത്ത. മനോരമ നടത്തുന്ന ഈ നുണപ്രചാരണം അവജ്ഞയോടെ തള്ളിക്കളയണമെന്ന് ജനാധിപത്യവാദികളായ മുഴുവൻ ജനങ്ങളോടും അഭ്യർത്ഥിക്കുന്നു.- ആനാവൂർ നാഗപ്പന്‍ കുറിപ്പ് അവസാനിപ്പിക്കുന്നു.
കഴിഞ്ഞ ദിവസം വിഴിഞ്ഞം മതിപ്പുറത്ത് 320 കുടുംബങ്ങൾക്കാണ് തിരുവനന്തപുരം നഗരസഭാ പൂർത്തിയാക്കിയ ഫ്ലാറ്റുകൾ കൈമാറിയ വാർത്തയുമായി ബന്ധപ്പെട്ടും ആനാവൂർ നാഗപ്പന്‍ മനോരമയ്ക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. ഭവന സമുച്ചയത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ച മുഖ്യമന്ത്രി ഏഴ് പേർക്കാണ് നേരിട്ട് താക്കോൽ കൈമാറിയത്. 320 ഫ്ലാറ്റുകളും കൈമാറുകയാണെന്ന് ആ വേദിയിൽ വെച്ച് പ്രഖ്യാപിച്ചിരുന്നു.എന്നാല്‍ 7 ഫ്ലാറ്റുകള്‍ മാത്രം കൈമാറിയെന്നായിരുന്നു മനോരമ വാർത്ത. പത്രം വായിക്കുന്നവർ 320 വീടുകൾ പിണറായി സർക്കാർ നൽകിയെന്ന് കരുതരുതെന്ന വാശിയാണ് ഈ പത്രത്തിനുള്ളതെന്നായിരുന്നു ആനാവൂർ നാഗപ്പിന്റെ വിമർശനം.












Click it and Unblock the Notifications