ശോഭാ സുരേന്ദ്രന് ബിജെപി വിട്ടേക്കുമെന്ന് സൂചന: നിരവധി അനുയായികള്‍ പാര്‍ട്ടി വിട്ടു, പുതിയ നീക്കം
തിരുവനന്തപുരം: നേതൃത്വവുമായുള്ള അസ്വാരസ്യങ്ങള്‍ ശക്തമായതോടെ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രന് പാര്‍ട്ടി വിട്ടേക്കുമെന്ന് സൂചന. ശോഭാ പാര്‍ട്ടി വിടുന്നെന്ന അഭ്യൂഹങ്ങള്‍ക്ക് ശക്തി പകര്‍ന്ന് പാലക്കാട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി ശോഭാ സുരേന്ദ്രന് അനുകൂലികള്‍ പാര്‍ട്ടിയില്‍ നിന്നും രാജി പ്രഖ്യാപിച്ചു. ആലത്തൂര്‍ നിയോജക മണ്ഡലം വൈസ് പ്രസിഡന്റും മുന്‍ പാലക്കാട് ജില്ലാ കമ്മിറ്റി അംഗവുമായ എല്‍ പ്രകാശിന്, ഒബിസി മോര്‍ച്ച നിയോജക മണ്ഡലം ട്രഷറര്‍ കെ നാരായണന്, ആര് എസ് എസിന്റെ മുഖ്യശിക്ഷക് ആയിരുന്ന എന്‍ വിഷ്ണു എന്നിവരാണ് ബിജെപിയില്‍ നിന്നും രാജിവെച്ചത്.

ശോഭാ സുരേന്ദ്രന് ലഭിക്കാത്ത പരിഗണന
മുതിര്‍ന്ന നേതവായ ശോഭാ സുരേന്ദ്രന് ലഭിക്കാത്ത പരിഗണന പാര്‍ട്ടിയില്‍ മറ്റൊരു സ്ത്രീക്കും ലഭിക്കില്ലെന്നാണ് എല്‍ പ്രകാശിനി വ്യക്തമാക്കുന്നത്. ബിജെപിക്കെതിരെ കടുത്ത വിമര്‍ശനമാണ് പാര്‍ട്ടി വിട്ടവര്‍ നടത്തിയത്. പ്രാദേശിക തലത്തില്‍ വരെ ബിജെപി നേതാക്കള്‍ വന്‍ അഴിമതി നടത്തുകയാണെന്നും വന്‍കിടക്കാരില്‍ നിന്നും പണം വാങ്ങി ജനകീയ സമരങ്ങളില്‍ ഒത്തുതീര്‍പ്പ് നടത്തുകയാണെന്നും പാര്‍ട്ടിവിട്ടവര്‍ കുറ്റപ്പെടുത്തി.

പാര്‍ട്ടി വിട്ടേക്കും
ശോഭാ സുരേന്ദ്രനെ പിന്തുണയ്ക്കുന്ന നിരവധി പേര് വരും ദിവസങ്ങളിലും പാര്‍ട്ടി വിട്ടേക്കുമെന്ന സൂചനയുണ്ട്. പാര്‍ട്ടിയിലെ അസംതൃപ്തരെ ഒരു കുടക്കീഴില് നിര്‍ത്താനുള്ള ശ്രമം ശോഭാ സുരേന്ദ്രന് നടത്തുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തു വന്നിരുന്നു. സംസ്ഥാന നേതൃത്വത്തിനെതിരേയുള്ള അതൃപ്തി ശോഭാ സുരേന്ദ്രന് പരസ്യമായി പ്രകടിപ്പിച്ചതോടെ പാര്‍ട്ടി സംസ്ഥാന നേതൃത്വത്തില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ പൊട്ടിത്തെറികള്‍ ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

സ്വന്തം ഗ്രൂപ്പിന്
പാര്‍ട്ടി വിടാനുള്ള നീക്കമല്ല, തന്റെ നേതൃത്വത്തില്‍ പുതിയ ഗ്രൂപ്പിന് രൂപം നല്‍കുക എന്നതാണ് ശോഭാ സുരേന്ദ്രന്റെ ശ്രമം എന്നും സൂചനയുണ്ട്. സംസ്ഥാന പുനഃസംഘടനയില്‍ അതൃപ്തിയുള്ള നേതാക്കളെ ഒപ്പം നിര്‍ത്തുമെന്ന് ശോഭ സുരേന്ദ്രന് പറഞ്ഞിരുന്നു. ദേശീയ നിര്‍വാഹക സമിതി അംഗമായ തന്നെ സംസ്ഥാന തലത്തിലേക്ക് താഴ്ത്തിയെന്നായിരുന്നു ശോഭാ സുരേന്ദ്രന് കഴിഞ്ഞ ദിവസം പരസ്യമായി അഭിപ്രായപ്പെട്ടത്.

പുതിയ അധ്യക്ഷന്‍ വന്നതോടെ
പാര്‍ട്ടി കീഴ്വഴക്കങ്ങള് ലംഘിച്ചാണ് തന്നെ സംസ്ഥാന വൈസ് പ്രസിഡന്റ് ആക്കിയതെന്നും ശോഭാ സുരേന്ദ്രന് ആരോപിച്ചു. പാര്‍ട്ടിയില്‍ പുതിയ അധ്യക്ഷനും ഭാരവാഹികളും സ്ഥാനം ഏറ്റെടുത്തതോടെ പാര്‍ട്ടിയിലെ കീഴ്വഴക്കള്‍ മാറി. ഒന്നും ഒളിച്ചു വെക്കാന്‍ ഇല്ല. ആരുടെയും വിഴുപ്പലക്കാന്‍ ഇല്ല. പൊതുരംഗത്ത് തുടരുമെന്നും ശോഭാ സുരേന്ദ്രന് പറഞ്ഞു. പാലക്കാട് അട്ടപ്പാടിയില്‍ മരിച്ച പെണ്‍കുട്ടികളുടെ വീട് സന്ദര്‍ശിച്ചു കൊണ്ട് അഭിപ്രായപ്പെടുകയായിരുന്നു ശോഭാ സുരേന്ദ്രന്.

തന്നെ അറിയിക്കാതെ
തന്നെ അറിയിക്കാതെയാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റി വൈസ് പ്രസിഡന്റ് ആക്കിയത്. തന്റെ സ്ഥാന മാറ്റവും അതൃപ്തിയും എല്ലാം അറിയിക്കേണ്ടവരെ അറിയിച്ചിട്ടുണ്ട്. കെ സുരേന്ദ്രന് അധ്യക്ഷന്‍ ആയതിനു പിന്നാലെ പാര്‍ട്ടിയില്‍ താഴെ തട്ട് മുതല്‍ ഉള്ള കൊഴിഞ്ഞു പോക്ക് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ശോഭ സുരേന്ദ്രന് വ്യക്തമാക്കിയിരുന്നു. ഇതോടെ പാര്‍ട്ടിയിലെ വിഭാഗീയത പരസ്യമായി പുറത്തു വന്നിരിക്കുകയാണ്.

വിട്ടു നിന്നത്
ദേശീയ നിര്‍വ്വാഹക സമിതിയിലുണ്ടായിരുന്ന ശോഭയെ സംസ്ഥാനാധ്യക്ഷയാക്കുമെന്ന പ്രചാരണം നേരത്തെ ശക്തമായിരുന്നു. വനിതാ നേതാവ് എന്നതും അവര്‍ക്ക് അനുകൂലമാവുമെന്നും പലരും പ്രതീക്ഷിച്ചു. എന്നാല്‍ കെ സുരേന്ദ്രനെതിരെയായിരുന്നു സംസ്ഥാന അധ്യക്ഷനായി തിരഞ്ഞെടുത്തത്. സുരേന്ദ്രന് വന്നതിന് പിന്നാലെ നടന്ന പുനഃസംഘടനയിലായിരുന്നു ശോഭയെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റി വൈസ് പ്രസിഡന്റാക്കിയത്. ഇതോടെ ശോഭാ സുരേന്ദ്രന് പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടുനല്‍കുകയായിരുന്നു
കെഎസ്ആർടിസിയ്ക്കുവേണ്ടി സർക്കാർ ചെലവഴിക്കുന്നത് 20000 കോടിയോളം രൂപ: തോമസ് ഐസക്