അട്ടപാടിയില്‍ ചിതറിയ രക്തത്തിന് പകരം വീട്ടുക; കണ്ണൂരില്‍ മാവോയിസ്റ്റുകള്‍ പ്രകടനം നടത്തി
കണ്ണൂര്‍: കൊട്ടിയൂര്‍ അമ്പായത്തോട് ടൗണില്‍ സായുധരായ മാവോയിസ്റ്റ് സംഘം പ്രകടനം നടത്തി. ഒരു സ്ത്രീ ഉള്‍പ്പെടെ നാല് പേരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. ഇവര്‍ ലഘുലേഖകള്‍ വിതരണം ചെയ്യുകയും പോസ്റ്റര്‍ പതിപ്പിക്കുകയും ചെയ്തു.തിങ്കളാഴ്ച രാവിലെ ആറ് മണിയോടെയാണ് സംഭവം.
അട്ടപ്പാടിയില്‍ ചിതറിയ രക്തത്തിന് പകരം വീട്ടുക, ഈ രക്തത്തിന് കണക്ക് പറയേണ്ടവര്‍ മോദി - പിണറായി കൂട്ടുകെട്ട് എന്നും ഇതിനെതിരെ തിരിച്ചടിക്കാന്‍ സജ്ജരാകുക, ജനവരി 31 ന് പ്രഖ്യാപിച്ച ഭാരത് ബന്ദ് വിജയിപ്പിക്കുക എന്നീ ആവശ്യങ്ങളാണ് പോസ്റ്ററില്‍ ഉള്ളത്. കേന്ദ്രസര്‍ക്കാരിന്‍റെ ഓപ്പറേഷന്‍ സമാധാന്‍ എന്ന സൈനിക നടപടി പരാജയപ്പെടുത്തണമെന്നും പോസ്റ്ററില്‍ പറയുന്നു.

മാവോയിസ്റ്റുകളില്‍ മൂന്ന് പേരുടെ കൈകളില്‍ തോക്കുകള്‍ ഉണ്ടായിരുന്നു.കൊട്ടിയൂര്‍ വന്യജീവി സങ്കേതത്തിലൂടെയാണ് സംഘം ടൗണില്‍ എത്തിയത്. തിരിച്ച് ആ വഴി തന്നെ പോവുകയും ചെയ്തു. പ്രകടനത്തിനിടെ ദൃശ്യങ്ങള്‍ പകര്‍ത്തരുതെന്ന് സംഘം നാട്ടുകാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷവും സമാന രീതിയില്‍ തോക്കുകളേന്തി മാവോയിസ്റ്റുകള്‍ ഇവിടെ പ്രകടനം നടത്തിയിരുന്നു. അതേസമയം സംഭവത്തിന് പിന്നാലെ തണ്ടര്‍ ബോള്‍ട്ടും പോലീസും പ്രദേശത്ത് എത്തി.












Click it and Unblock the Notifications