പടുക്ക വെടിവെപ്പിനു ശേഷം പാട്ടക്കരിമ്പ് വനമേഖലയില്‍ വീണ്ടും മാവോയിസ്റ്റുകള്‍
മലപ്പുറം: പൂക്കോട്ടുംപാടം പാട്ടക്കരിമ്പ് വനമേഖലയോട് ചേര്‍ന്ന് വേങ്ങാപരതയില്‍ മാവോയിസ്റ്റുകള്‍ വീണ്ടുമെത്തി. വേണ്ടാപരതയിലെ മഞ്ചേരി പൂക്കളത്തൂര്‍ സ്വദേശി അഷറഫിന്റെ എസ്റ്റേറ്റിലെ വീട്ടിലാണ് ബുധനാഴ്ച രാത്രി 9.30 ന് നാലു പേരടങ്ങുന്ന മാവോ സംഘമെത്തിയത്.എസ്റ്റേറ്റിന് സമീപത്തെ സ്ഥലം വാഴകൃഷി നടത്താന്‍ പാട്ടത്തിനെടുത്ത വാറക്കകണ്ടത്തില്‍ ഡാനിയേല്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
ഫോറസ്റ്റ് ജീവനക്കാരായിരിക്കുമെന്നു കരുതിയ ഡാനിയേല്‍ ആയുധധാരികളായ മാവോയിസ്റ്റുകളെ കണ്ട് പേടിച്ചു .എന്നാല്‍ കൂള്‍ ഡൗണ്‍ എന്ന് പറഞ്ഞ മാവോസംഘം അരിയും മറ്റു സാധനങ്ങളും വാങ്ങി ഒന്നും സംസാരിക്കാതെ വനത്തില്‍ മറയുകയായിരുന്നു. പിന്നീട് ഡാനിയേല്‍ വനം വകുപ്പ് ഉദ്യോഗസ്ഥരെയും തുടര്‍ന്നു പോലീസിനെയും വിവരമറിയിക്കുകയായിരുന്നു.

മാവോയിസ്റ്റ് ഭീഷണി നേരിടുന്ന ചക്കിക്കുഴി ഫോറസ്റ്റ് സ്‌റ്റേഷന്‍
ഇതേ തുടര്‍ന്ന് വനം വകുപ്പ് അധികൃതരും നിലമ്പൂര്‍, എടക്കര ഇന്‍സ്‌പെക്ടര്‍മാരായ കെ എം ബിജു, സുനില്‍ പുളിക്കല്‍ പൂക്കോട്ടുംപാടം എസ്.ഐ അമൃത് രംഗന്‍ എന്നിവര്‍ ണ്ടര്‍ബോള്‍ട്ട് സംഘവുമായി സ്ഥലത്തെത്തി പരിശോധന നടത്തി. കഴിഞ്ഞയാഴ്ച്ചയും പാട്ടക്കരിമ്പ് ആദിവാസി കോളനിക്ക് സമീപമുള്ള ചന്ദ്രന്റെ വീട്ടിലും മാവോയിസ്റ്റുകള്‍ എത്തിയിരുന്നു. നാല്‍വര്‍ സംഘത്തില്‍ ഒരു സ്ത്രീ കൂടിയുണ്ടായിരുന്നു. പടുക്ക വെടിവെപ്പിനു ശേഷം ഇപ്പോഴാണ് ഈ ഭാഗങ്ങളില്‍ മാവായിസ്റ്റ് സാന്നിധ്യം തുടര്‍ച്ചയായി ഉുണ്ടാവുന്നത്. മുമ്പ് ടി.കെ.കോളനി ഔട്ട് പോസ്റ്റ് തീവെച്ചു നശിപ്പിച്ച മാവോയിസ്റ്റുകള്‍ ചക്കിക്കുഴി ഫോറസ്റ്റ് സ്‌റ്റേഷന്‍ ആക്രമിക്കുമെന്നും സൂചന നല്‍കിയിരുന്നു. ഇപ്പോള്‍ ഈ സ്റ്റേഷന് സമീപമാണ് മാവോയിസ്റ്റുകള്‍ എത്തിയത് എന്നത് വനപാലകരുടെ ഭീതി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.എന്നാല്‍ ഈ സ്റ്റേഷന് യാതൊരു സുരക്ഷയും അധികൃതര്‍ ഒരുക്കിയിട്ടില്ല.












Click it and Unblock the Notifications