മാപ്പിളപാട്ട് കലാ മേഖലയില്‍ വേറിട്ട പാത തുറന്നു; വി എം കുട്ടിയിലൂടെ നഷ്ടമായത് മികച്ച കലാകാരനെ
മലപ്പുറം: മാപ്പിളപ്പാട്ട് കലാമേഖലയില്‍ ഏറെ മാറ്റങ്ങള്‍ സൃഷ്ടിച്ച വിഎം കുട്ടി അന്തരിച്ചു. 86 വയസായിരുന്നു പ്രായം. ഇന്ന് പുലര്‍ച്ചെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. മാപ്പിളപ്പാട്ട് എന്ന കലാരൂപത്തെ ജനകീയ മാക്കുന്നതില്‍ ഏറെ പങ്ക്‌വഹിച്ച ഒരാളായിരുന്നു വിഎം കുട്ടി. മുസ്്‌ലിം സമുദായത്തില്‍ മാത്രം ഒതുങ്ങി നിന്ന മാപ്പിളപ്പാട്ടിനെ മറ്റ് ജനങ്ങള്‍ക്കിടയിലേക്ക് എത്തിക്കുന്നതില്‍ അദ്ദേഹം പ്രധാന പങ്ക് വഹിച്ചിരുന്നു. വടക്കുങ്ങര മുഹമ്മദ് കുട്ടി എന്നാണ് മുഴുവന്‍ പേര്. ഇരുപതാമത്തെ വയസില്‍ 1954 ല്‍ കോഴിക്കോട് ആകാശവാണിയില്‍ മാപ്പിളപ്പാട്ട് അവതരിപ്പിച്ചുകൊണ്ടാണ് അദ്ദേഹം ഈ രംഗത്തേക്ക് ചുവടി വെച്ചത്. ചെറുപ്പം മുതല്‍തന്നെ ഗാനാലാപനത്തില്‍ തല്‍പ്പരനായിരുന്നു അദ്ദേഹം.

1972ല്‍ കാസര്‍കോട് നടന്ന ഒരു സാഹിത്യ പരിഷത്ത് പരിപാടിയില്‍ കവി ഉബൈദിന്റെ ആവശഷ്യപ്രകാരമായിരുന്നു അദ്ദേഹം പൊതു പരിപാടിയില്‍ മാപ്പിളപാട്ട് ആലപിക്കുന്നത്. അന്നാണ് ആദ്യമായി മാപ്പിളപാട്ടിനെ പൊതുവേദിയില്‍ അവതരിപ്പിക്കുന്നത്. കേരളത്തില്‍ സ്വന്തമായി മാപ്പിളപാട്ടിന് ട്രൂപ്പ്് ഉണ്ടാക്കിയതും അദ്ദേഹമായിരുന്നു. ആ വര്‍ഷം തന്നെ മലപ്പുറത്ത് ഒരു എക്‌സിബിഷനോടനുബന്ധിച്ച് മാപ്പിളപ്പാട്ടുകള്‍ പാടുവാന്‍ അവസരവും ലഭിച്ചത് അദ്ദേഹത്തിന് ജനശ്രദ്ധ നേടാനായി. ആദ്യമായി തന്റെ ട്രൂപ്പുമായി അദ്ദേഹം പാടിയത് ആ വേദിയിലായിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ ട്രൂപ്പും ഗാനവുമില്ലാതെ വയ്യെന്നായി മലപ്പുറത്തിന്. മലപ്പുറം ജില്ലയില്‍ മാത്രം ഒതുങ്ങി നിന്നില്ല. ഗാനമേളകളുമായി കേരളത്തിനകത്തും പുറത്തും അദ്ദേഹം ഒരുപാട് സഞ്ചരിച്ചു. പ്രശസ്ത ഗായകന്‍ ഉദയഭാനു അദ്ദേഹത്തിന്റെ ഗാനമേളകളിലെ സ്ഥിരം അതിഥിയായി പ്രവര്‍ത്തിച്ചിരുന്നു.
1935 ല്‍ ഉണ്ണീന്‍ മുസ്ല്യാരുടേയും ഇത്താച്ചുക്കുട്ടിയുടേയും മകനായി കൊണ്ടോട്ടിക്കു സമീപമുള്ള പുളിക്കലിലായിരുന്നു വിഎം കുട്ടി ജനിച്ചത്. മട്രിക്കുലേഷനും ടി.ടി.സിയും പാസായതിന് ശേഷം 1957 ല്‍ കൊളത്തൂരിലെ എ.എം.എല്‍.പി സ്‌കൂളില്‍ പ്രധാനദ്ധ്യാപകനായി ചേര്‍ന്നു. 1985 ല്‍ അദ്ധ്യാപനരംഗത്തു നിന്ന് വിരമിക്കുകയും തുടര്‍ന്ന് മാപ്പിളപാട്ട് കലാമേഖലയില്‍ സജീവമാകുകയുമായിരുന്നു. തുടര്‍ന്ന് 1965 മുതല്‍ ഗള്‍ഫ് നാടുകളിലും വിഎം കുട്ടിയുടെ മാപ്പിളപാട്ട് ശ്രദ്ധ നേടി. അവിടങ്ങളിലെ പരിപാടികളിലും അദ്ദേഹം മാപ്പിളപാട്ട് പാടി കൈയടി നേടി.
1987ല്‍ ലക്ഷദ്വീപിലെ കവരത്തി ദ്വീപ് സന്ദര്‍ശിക്കാനെത്തിയ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്ക് മുന്നില്‍ മാപ്പിളപ്പാട്ട് പാടിയും അദ്ദേഹം ശ്രദ്ധ നേടി. ആയിരക്കണക്കിന് മാപ്പിളപാട്ട് ഗാനങ്ങള്‍ക്ക് അദ്ദേഹം, സംഗീതവും, ശബ്ദവും, രചനയും നിര്‍വഹിച്ചിട്ടുണ്ട്. ചലച്ചിത്രങ്ങള്‍ക്ക് വേണ്ടിയും, കാസറ്റുകള്‍ക്ക് വേണ്ടിയും ധാരാളം ഗാനങ്ങള്‍ പാടിയിട്ടുണ്ട്. മൈലാഞ്ചി,പതിനാലാം രാവ്,ഉല്പത്തി,സമ്മാനം,മാന്യമഹാ ജനങ്ങളേ,സമ്മേളനം,1921, മാര്‍ക്ക് ആന്റണി എന്നീ ചിത്രങ്ങളുടെ പിന്നണി ഗായകരില്‍ ഒരാളായിരുന്നു അദ്ദേഹം. കൂടാതെ ഉല്‍പ്പത്തി, പതിനാലാംരാവ്,പരദേശി എന്നീ സിനികളില്‍ അഭിനയിക്കുകയും ചെയ്തു.
എംഎന്‍ കാരശ്ശേരിയുമായി ചേര്‍ന്ന് മാപ്പിളപ്പാട്ടിന്റെ ലോകം, വൈക്കും മുഹമ്മദ് ബഷീര്‍ മാലപ്പാട്ട് എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന കൃതികള്‍. ദേശാഭിമാനി വാരികയില്‍ മാപ്പിളപാട്ടുകള്‍ ദൃശ്യ മാധ്യമങ്ങളില്‍ എന്ന ലേഖനവും എഴുതിയിരുന്നു. സംഗീത നാടക അക്കാദമി പുരസ്‌കാരം, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാപ്പിള സ്റ്റഡീസ് അവാര്‍ഡ്, സിഎച്ച് കള്‍ച്ചറല്‍ സെന്‍ട്രല്‍ അവാര്‍ഡ്, ഇന്തോ-അറബ് കള്‍ച്ചറല്‍ സെന്റര്‍ ഒരുമ അവാര്‍ഡ് തുടങ്ങിയ നിരവധി പുരസ്‌ക്കാരങ്ങള്‍ അദ്ദേഹം നേടിയിട്ടുണ്ട്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാപ്പിള സ്റ്റഡീസ് സെക്രട്ടറി, ഇന്തോ-അറബ് കള്‍ച്ചറല്‍ സൊസൈറ്റി രക്ഷാധികാരി തുടങ്ങി നിരവധി സ്ഥാനങ്ങളിലും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. കേരള ചലച്ചിത്ര അക്കാദമിയുടെ ജനറല്‍ കൗണ്‍സില്‍ അംഗമായി പ്രവര്‍ച്ചിത്തിച്ചു വരവെയാണ് അന്തരിച്ചത്.
ഇതാര്... ഭൂമിയിലേക്ക് ഇറങ്ങി വന്ന മാലാഖയോ; അലസാന്‍ഡ്രയുടെ ഫോട്ടോഷൂട്ട് വൈറല്‍












Click it and Unblock the Notifications