ലീഗിനും പൂട്ട് വീഴുന്നു; രണ്ടാം മാറാട് കലാപത്തില്‍ ലീഗ് നേതാക്കള്‍ പ്രതി?
രണ്ടാം മാറാട് കലാപത്തില് സിബിഐ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. രണ്ട് ലീഗ് നേതാക്കളടക്കം കേസില്‍ പ്രതികളാകും. കലാപത്തിലെ ഗൂഢാലോചനയാണ് സിബിഐ അന്വേഷിക്കുന്നത്.
കോഴിക്കോട്: രണ്ടാം മാറാട് കലാപത്തില്‍ മുസ്ലീം ലീഗും പ്രതിപ്പട്ടികയില്‍ ഇടം പിടിച്ചിരിക്കുകയാണ്. സിബിഐയാണ് മുസ്ലീം ലീഗ് നേതാക്കളേയും ഉള്‍പ്പെടുത്തി എഫ്‌ഐആര്‍ സമര്‍പ്പിച്ചിരിക്കുന്നത്. മാറാട് കലാപത്തിന്റെ ഗൂഢാലോചനയാണ് സിബിഐ അന്വേഷിക്കുന്നത്. എറണാകുളം സിജെഎം കോടതിയിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
എംസി മായിന്‍ ഹാജി, പിപി മൊയ്തീന്‍ ഹാജി എന്നീ ലീഗ് നേതാക്കളും നാല് മഹല്ല് കമ്മിറ്റി അംഗങ്ങള്‍, പേര് പറഞ്ഞിട്ടില്ലാത്ത എന്‍ഡിഎഫ് നേതാക്കള്‍, ഏതാനും തീവ്രവാദി സംഘടനാ പ്രവര്‍ത്തകര്‍ എന്നിവരാണ് പ്രതിപ്പട്ടികയിലുള്ളത്.

മാറാട് അന്വേഷണ കമ്മിഷനായ ജസ്റ്റിസ് തോമസ് പി ജോസഫിന്റെ റിപ്പോര്‍ട്ടില്‍ ദേശസുരക്ഷയെ ബാധിക്കുന്ന ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നേരത്തെയുള്ള ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യുകയാണ് സിബിഐ ചെയ്തത്. സിബിഐയുടെ തിരുവനന്തപുരം യൂണിറ്റാണ് കേസ് അന്വേഷിക്കുന്നത്.
കഴിഞ്ഞ നവംബര്‍ പത്തിനാണ് രണ്ടാം മാറാട് കലാപത്തിലെ ഗൂഢാലോചന അന്വേഷിക്കാന്‍ ഹൈക്കോടതി സിബിഐയെ ചുമതലപ്പെടുത്തിയത്. ആദ്യം സിബിഐ ചുമതല ഏറ്റെടുക്കാന്‍ വിസമ്മതിച്ചെങ്കിലും പിന്നീട് കേസ് ഏറ്റെടുക്കുകയായിരുന്നു. 2003 മെയ് രണ്ടിന് മാറാട് കടല്‍ത്തീരത്ത് നടന്ന കൂട്ടക്കൊലയില്‍ ഒമ്പത് പേരാണ് കൊല്ലപ്പെട്ടത്. രണ്ടാം മാറാട് കലാപത്തിന്റെ തീവ്രവാദ ബന്ധം പ്രത്യേകം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കൊളക്കാടന്‍ മൂസാഹാജി നല്‍കിയ ഹര്‍ജിയിലാണ് കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്.












Click it and Unblock the Notifications