ഗുണ്ടാകേസില്‍ പ്രതിയായ കോണ്‍ഗ്രസ് നേതാവ് ഒളിവില്‍ പോയി
കൊച്ചി: ഗുണ്ടാകേസില്‍ പ്രതിയായ കോണ്‍ഗ്രസ് നേതാവ് ആന്റണി ആശാംപറമ്പില്‍ നഗരം വിട്ടെന്ന് പൊലീസ് വ്യക്തമാക്കി. മരട് നഗരസഭാ വൈസ് ചെയര്മാന് കൂടിയായ ആന്റണി ഐഎന്‍ടിയുസി പ്രവര്‍ത്തകനായ പരാതിക്കാരനെ തട്ടിക്കൊണ്ടുപോയി നഗ്നനാക്കി മര്‍ദ്ദിച്ച കേസില്‍ ഒന്നാംപ്രതിയാണ്.
നെട്ടൂരിലെ ഐഎന്‍ടിയുസി പ്രവര്ത്തകന് ഷുക്കൂര്‍ ആണ് പരാതിക്കാരന്. മരട് നഗരസഭാ കൗണ്‍സിലര്‍ ജിംസണ് പീറ്റര്‍ കേസില്‍ രണ്ടാം പ്രതിയാണ്. കേസില്‍ നഗരത്തിലെ കുപ്രസിദ്ധരായ നാല് ഗുണ്ടകളാണ് കൂട്ടുപ്രതികള്‍. ഇവരില്‍ മൂന്നുപേരെ കഴിഞ്ഞ ദിവം രാത്രി കസ്റ്റഡിയിലെടുത്തിരുന്നു.
ഭൂമിയിടപാടുമായി ബന്ധപ്പെട്ട തര്‍ക്കത്തിലാണ് ആന്റണി ഇടപെട്ടത്. ഏതാണ്ട് രണ്ടുവര്‍ഷത്തോളം കാലം ഗുണ്ടകളുടെ പീഡനമുണ്ടായതായി പരാതിയില്‍ പറയുന്നുണ്ട്. പ്രായപൂര്‍ത്തിയാകാത്ത മകനെ തട്ടിക്കൊണ്ടുപോയി വധിക്കുമെന്ന ഭീഷണിയും ഉണ്ടായി. ഗുണ്ടകള്‍ പാര്‍ട്ടി പിന്തുണയോടെയുള്ള ശക്തരാകയാല് പരാതിപ്പെടാനും കഴിയാത്ത സ്ഥിതിയായിരുന്നുവെന്ന് ഷുക്കൂറിന്റെ മൊഴിയില്‍ പറയുന്നു.
എന്നാല്‍, ഗുണ്ടകളെ അമര്‍ച്ച ചെയ്യുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനവും പിന്നാലെ ഐജി ശ്രീജിത്തിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിക്കുകയും ചെയ്തതോടെയാണ് ഷുക്കൂര്‍ പരാതിയുമായി രംഗത്തെത്തിയത്. സിപിഎം ഏരിയ സെക്രട്ടറിയെ പ്രതിയാക്കി കേസെടുത്തോടെ പരാതി പറയാന്‍ ധൈര്യം കാണിക്കുകയായിരുന്നു.