18ല്‍ താഴെ വിവാഹം:മലപ്പുറത്ത് 1000 അപേക്ഷകള്‍
മലപ്പുറം: ഒരു വിവാദ സര്‍ക്കിലറിന്റെ പേരില്‍ ഇവിടെ എന്തൊക്കെ പുകിലാണ് ഉണ്ടായത്. മുസ്ലീം പെണ്‍കുട്ടികള്‍ക്ക് 16 ലും വിവാഹം കഴിക്കാം, ഇന്തോനേഷ്യന്‍ നിയമം ഇന്ത്യയില്‍, പ്രതിഷേധം, പ്രതിരോധം... കാര്യങ്ങള്‍ അങ്ങനെ നീണ്ടു. നിവൃത്തിയില്ലാതെ സര്‍ക്കാര്‍ പുതിയ സര്‍ക്കുലര്‍ പുറത്തിറക്കുകയും ചെയ്തു.
പുതിയ സര്‍ക്കുലറിന്റെ അടിസ്ഥാനത്തില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ മലപ്പുറത്ത് മൂന്ന് മാസം കൊണ്ട് ലഭിച്ചത് ആയിരത്തിലധികം അപേക്ഷകളാണത്രെ. ഈ അപേക്ഷകളില്‍ അഞ്ഞൂറോളം വിവാഹങ്ങള്‍ രജസിറ്റര്‍ ചെയ്ത് നല്‍കിയിട്ടുണ്ടെന്നാണ് വിവരം.

ആദ്യത്തെ സര്‍ക്കുലര്‍ വിവാദമായതോടെ സര്‍ക്കാര്‍ അത് പിന്‍വലിച്ച് രണ്ടാമത് മറ്റൊരു സര്‍ക്കുലര്‍ ഇറക്കി. പക്ഷേ ആശയക്കുഴപ്പം ഉണ്ടാക്കുന്ന കാര്യത്തില്‍ രണ്ടാം സര്‍ക്കുലറും അല്‍പം പോലും മോശമല്ല.
18 വയസ്സിന് താഴെയുള്ള വിവാഹങ്ങള്‍ രജസിറ്റര്‍ ചെയ്യാന്‍ അനുമതി നല്‍കുന്നുണ്ടെങ്കിലും കൃത്യമായ പ്രായപരിധി ഇതില്‍ നിര്‍ദ്ദേശിച്ചിട്ടില്ല. ഇത് ഉദ്യോഗസ്ഥരില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ട്.
ലഭിച്ച ആയിരത്തില്‍ പരം അപേക്ഷകളില്‍ പലതിലും രേഖകള്‍ കൃത്യമല്ല എന്നാണ് അറിവ്. അത്തരം അപേക്ഷകളില്‍ പരിശോധനകള്‍ തുടരുന്നുണ്ട്. ഒരു വര്‍ഷം മുതല്‍ 20 വര്‍ഷം വരെ പഴക്കമുള്ള വിവാഹങ്ങളാണ് രജിസ്റ്റര്‍ ചെയ്യാന്‍ എത്തിയിരിക്കുന്നത്.
16 വയസ്സ് തികയാത്ത വിവാഹങ്ങളും രജിസ്‌ട്രേഷന് എത്തിയിട്ടുണ്ട്. സര്‍ക്കുലറില്‍ കുറഞ്ഞ പ്രായം വ്യക്തമാക്കുന്നില്ലെങ്കിലും ഇത്തരം വിവാഹങ്ങള്‍ അധികൃതര്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നാണ് വിവരം. ഒരു വര്‍ഷത്തിനുളില്‍ നടന്ന വിവാഹങ്ങള്‍ തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ തന്നെ രജിസ്റ്റര്‍ ചെയ്ത് നല്‍കുന്നുണ്ട്. ഒരുവര്‍ഷത്തിലധികം പഴക്കമുള്ള വിവാഹങ്ങളുടെ രജിസ്‌ട്രേഷന് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പഞ്ചായത്തിന്റെ അനുമതി വേണം.
വിവാഹക്കാര്യത്തില്‍ പെണ്‍കുട്ടികളുടെ പ്രായം മാത്രമേ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നുള്ളു. എന്നാല്‍ മലപ്പുറത്ത് 21 വയസ്സിന് മുമ്പ് വിവാഹം കഴിക്കുന്ന ആണ്‍കുട്ടികളും ഒരുപാടുപണ്ട്. സര്‍ക്കുലറില്‍ പ്രത്യേകിച്ച് പരാമര്‍ശിക്കുന്നില്ലെങ്കിലും 21 വയസ്സിന് താഴെ പ്രായമുള്ള പുരുഷന്‍മാരുടെ വിവാഹങ്ങളും രജിസ്റ്റര്‍ ചെയ്ത് നല്‍കുന്നുണ്ട്.
പെണ്‍കുട്ടിക്ക് 18 ഉം ആണിന് 21 ഉം തികയാത്ത കല്യാണങ്ങളുടെ രജിസ്ട്രേഷനും അധികൃതര്‍ക്ക് മുന്നില്‍ എത്തിയിട്ടുണ്ട്. ചില കേസുകളില്‍ പെണ്‍കുട്ടിക്ക് 18 തികഞ്ഞിട്ടുണ്ടെങ്കിലും വരന് 21 തികയാത്ത സ്ഥിതിയും ഉണ്ടത്രെ.
മലപ്പുറത്തെ കണക്ക് മാത്രമാണ് പറഞ്ഞത്. മലപ്പുറത്തെ കല്യാണമെന്നാല്‍ മുസ്ലീം കല്യാണം എന്ന് മാത്രം അര്‍ത്ഥമില്ല. പുതിയ സര്‍ക്കുലറില്‍ ഒരു മത വിഭാഗത്തേയും പരാമര്‍ശിക്കാത്തതിനാല്‍ എല്ലാ മതങ്ങളില്‍ നിന്നുള്ള വിവാഹ രജിസ്‌ട്രേഷനുകളും ഈ കണക്കില്‍ പെടും.












Click it and Unblock the Notifications