അവള്‍ വിവാഹത്തട്ടിപ്പ് വീരത്തി തന്നെ
കോട്ടയം: ഹൈക്കോടതി അഭിഭാഷകയെന്ന് പറഞ്ഞ് ഓട്ടോഡ്രൈവറെ വിവാഹം കഴിച്ച് പണവും സ്വര്‍ണവും തട്ടിയെടുത്ത സ്ത്രീ സ്ഥിരം വിവാഹത്തട്ടിപ്പുകാരിയാണെന്ന് പോലീസ്. വിവിധ പോലീസ് സ്‌റ്റേഷനുകളില്‍ ഇവര്‍ക്കെതിരെ കേസുകള്‍ നില നില്‍ക്കുന്നുണ്ട്. ജയില്‍ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്.
കോട്ടയം ചിങ്ങവനം സ്വദേശിയായ ഓട്ടോഡ്രൈവര്‍ ശശിധരന്‍ നായരാണ് ഒടുവില്‍ പറ്റിക്കപ്പെട്ടത്. ഹൈക്കോടതിയിലെ അഭിഭാഷക എന്ന് പറഞ്ഞ് ശാലിനി എന്ന പേരിലാണ് സ്ത്രീ തട്ടിപ്പ് നടത്തിയത്. ശശിധരന്‍നായര്‍ വിവാഹത്തിനായി വാങ്ങിയ സ്വര്‍ണാഭരണങ്ങളും വീട്ടില്‍ സൂക്ഷിച്ചിരുന്ന അമ്പതിനായിരം രൂപയും തട്ടിയെടുത്താണ് ഇവര്‍ മുങ്ങിയത്.

ജൂണ്‍ അഞ്ചിന് വെള്ളൂത്തുരുത്തി ക്ഷേത്രത്തില്‍ വച്ചാണ് ശശിധരന്‍ നായരും ശാലിനിയും വിവാഹിതരായത്. ബന്ധുവായി സഹോദരന്‍ മാത്രമേ ഉള്ളൂ എന്നും, വിവാഹത്തിന് സഹോദരന്‍ എതിരാണെന്നും ആയിരുന്നു ശാലിനി പറഞ്ഞിരുന്നത്.
വിവാഹത്തിന് ശേഷം ആലപ്പുഴയില്‍ ഒരു കേസിന്റെ കാര്യത്തിന് പോലീസ് സ്‌റ്റേഷനില്‍ പോകണമെന്ന് ശശീന്ദ്രന്‍ നായരെ ശാലിനി പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നു. വിവാഹദിവസം തന്നെ വൈകീട്ട് ഇരുവരും ആലപ്പുഴയിലെത്തി. കടല്‍ത്തീരത്ത് ഏറെ നേരം ചെലവഴിച്ചതിന് ശേഷമാണ് ഇപ്പോഴെത്താം എന്ന് പറഞ്ഞ് ശാലിന് പോലീസ് സ്‌റ്റേഷനിലേക്ക് പോയത്. രാത്രി വൈകും വരെ കാത്തിരുന്നിട്ടും കാണാതിരുന്നതോടെ ശശിധരന്‍ നായര്‍ അടുത്തുള്ള പോലീസ് സ്‌റ്റേഷനുകളിലെല്ലാം അന്വേഷിച്ചു. അപ്പോഴാണ് പറ്റിക്കപ്പെട്ട കാര്യം അറിയുന്നത്.
ശാലിനി എന്നത് കള്ളപ്പേരാണെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കൊല്ലം ചടയമംഗലം സ്വദേശിയാണ് ഇവര്‍. ചാലക്കുടിയിലും ചെങ്ങന്നൂരിലും ഇവര്‍ക്കെതിരെ കേസുകള്‍ നിലനില്‍ക്കുന്നുണ്ട്. 2010 ല്‍ ഇവര്‍ കിടങ്ങൂര്‍ സ്വദേശിയില്‍ നിന്ന് വിവാഹ വാഗ്ദാനം നല്‍കി 28 ലക്ഷം രൂപ തട്ടിയെടുത്തിട്ടുണ്ട്.












Click it and Unblock the Notifications