വിവാഹ രജിസ്‌ട്രേഷന് എത്തിയ 6000ത്തില്‍ അധികം പേരും പുരുഷന്മാര്‍; ഇനി ക്യാമ്പ് സ്ത്രീകള്‍ക്ക്
കോഴിക്കോട് കാരന്തൂരിലെ ഹരഹര മഹാദേവ ക്ഷേത്ര കമ്മിറ്റി നടത്തിയ വിവാഹ രജിസ്‌ട്രേഷന്‍ ക്യാമ്പ് സംസ്ഥാനതലത്തില്‍ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ജില്ലയില്‍ മാത്രം ഒതുങ്ങുന്ന ചെറിയ ക്യാമ്പായിരുന്നു കമ്മിറ്റിയുടെ ലക്ഷ്യം. 2000ത്തില്‍ താഴെ പേര്‍ എത്തിയേക്കാമെന്നും പ്രതീക്ഷിച്ചു. എന്നാല്‍ എല്ലാ കണക്കുകൂട്ടലും തെറ്റിച്ച് സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ നിന്ന് ജനമൊഴുകുന്നതാണ് പിന്നീട് കണ്ടത്. ക്ഷേത്ര പരിസരത്തെ റോഡില്‍ ജനം തിങ്ങിനിറഞ്ഞു.
കഴിഞ്ഞ ഞായറാഴ്ചയാണ് ക്ഷേത്ര കമ്മിറ്റി ക്യാമ്പ് നടത്തിയത്. ഇടുക്കി ഉള്‍പ്പെടെയുള്ള ജില്ലകളില്‍ നിന്ന് കോഴിക്കോട്ടേക്ക് ആളുകള്‍ വന്നു. ചിലര്‍ ശനിയാഴ്ച തന്നെ നഗരത്തിലെത്തി ഹോട്ടലില്‍ താമസിച്ചു. രക്ഷിതാക്കളും വിവാഹിതരാകാനുള്ളവരും ഒരുമിച്ചാണ് വന്നത്. 7000ത്തോളം പേര്‍ രജിസ്റ്റര്‍ ചെയ്തു. ഇതില്‍ 90 ശതമാനവും പുരുഷന്മാരായിരുന്നു. ഈ സാഹചര്യത്തില്‍ ഇനി സ്ത്രീകള്‍ക്ക് മാത്രമായി ഒരു ക്യാമ്പ് കൂടി സംഘടിപ്പിക്കാനാണ് കമ്മിറ്റിയുടെ തീരുമാനം.

2000ത്തില്‍ താഴെ അപേക്ഷ ഫോമാണ് ക്ഷേത്ര കമ്മിറ്റി തയ്യാറാക്കിയിരുന്നത്. രജിസ്‌ട്രേഷന് എത്തിയവരുടെ എണ്ണ്ം പരിധി വിട്ടതോടെ ഫോം പകര്‍പ്പ് എടുക്കാനുള്ള തിരക്കായി. ഞായറാഴ്ച ആയതിനാല്‍ മിക്ക കടകളും പൂട്ടിയിരുന്നു. ഉടമകളെ വിളിച്ചുവരുത്തി കട തുറന്ന് ഫോട്ടോ കോപ്പി എടുക്കുന്ന സംഭവവമുണ്ടായി. പ്രായമേറെ ആയിട്ടും വിവാഹം നടക്കാത്തതിനുള്ള സങ്കടം പല കുടുംബങ്ങളും പങ്കുവെച്ചു എന്ന് ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍ പറയുന്നു.
അതേസമയം, കഴിഞ്ഞ ഞായറാഴ്ച നടന്ന വിവാഹ രജിസ്‌ട്രേഷന്‍ ക്യാമ്പില്‍ എത്തിയവരില്‍ 6000ത്തില്‍ അധികം പേരും പുരുഷന്മാരും അവരുടെ ബന്ധുക്കളുമായിരുന്നു. ഇവര്‍ക്ക് അനിയോജ്യരായ ഇണകളെ കണ്ടെത്താന്‍ വനിതകള്‍ക്ക് മാത്രമായുള്ള ക്യാമ്പ് കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. തിയ്യതി നിശ്ചയിച്ചിട്ടില്ല എന്ന് ഭാരവാഹി മനോജ് പറഞ്ഞു. വൈകാതെയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലഭിച്ച ഏഴായിരത്തോളം അപേക്ഷകള്‍ വേര്‍ത്തിരിക്കുന്ന ദൗത്യമാണ് ഇനി കമ്മിറ്റിക്ക് മുമ്പിലുള്ളത്. അനിയോജ്യമാണ് എന്ന് തോന്നുന്ന കുടുംബങ്ങളെ പരസ്പരം ബന്ധിപ്പെടുത്താനാണ് കമ്മിറ്റി ലക്ഷ്യമിടുന്നത്. ഇരുവിഭാഗത്തെയും വിളിച്ചുവരുത്തി സംസാരിക്കും. തുടര്‍ന്നുള്ള കാര്യങ്ങള്‍ കുടുംബങ്ങള്‍ ആലോചിച്ച് തീരുമാനിക്കട്ടെ എന്നും ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍ പറയുന്നു.
അതേസമയം, സംഭവം വലിയ ചര്‍ച്ചയ്ക്ക് ഇടയാക്കിയിട്ടുണ്ട്. ഇത്രയും പേര്‍ അനിയോജ്യരായ വധൂവരന്മാരെ കിട്ടാതെ പ്രയാസപ്പെടുന്നുണ്ടോ, എന്തുകൊണ്ടാണ് വിവാഹത്തിന് താല്‍പ്പര്യമില്ലാതാകുന്നത്, കുടുംബ തര്‍ക്കങ്ങള്‍, സ്ത്രീധനത്തെ ചൊല്ലിയുള്ള മര്‍ദ്ദനങ്ങളും ആത്മഹത്യകളും, വിദ്യാഭ്യാസം നേടിയ പുതുതലമുറ ജോലി ലഭിച്ച ശേഷം മതി വിവാഹം എന്ന് ദൃഢനിശ്ചയം എടുക്കുന്നു... എന്നിങ്ങനെ പോകുന്നു വിവിധ തലങ്ങളിലുള്ളവരുടെ വിലയിരുത്തലുകള്‍.


Click it and Unblock the Notifications
