കൊച്ചി കേന്ദ്രീകരിച്ച് 700 കോടിയുടെ വൻ ബാങ്ക് വായ്പ കൊള്ള; തട്ടിപ്പ് സംഘത്തിന്റെ കെണി ഇങ്ങനെ!
കൊച്ചി കേന്ദ്രീകരിച്ച് ബാങ്ക് ജീവനക്കാരും ഇടനിലക്കാരായ ഏജന്റുമാരും ഉൾപ്പെടുന്ന മാഫിയാ സംഘം കോടികളുടെ ബാങ്ക് വായ്പ തട്ടിപ്പ് നടത്തിയതായി ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കേരളം കണ്ട ഏറ്റവും വലിയ സാമ്പത്തിക കൊള്ളകളിൽ ഒന്നായ ഇതിലൂടെ വിവിധ ബാങ്കുകളിലായി ഏകദേശം 700 കോടിയോളം രൂപയുടെ ക്രമക്കേടുകളാണ് പ്രാഥമികമായി കണ്ടെത്തിയിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി മൂലമോ സിബിൽ സ്കോർ കുറവായതു കൊണ്ടോ പുതിയ ബാങ്ക് വായ്പകൾ ലഭിക്കാൻ ബുദ്ധിമുട്ടുന്ന സാധാരണക്കാരായ ആളുകളെ ലക്ഷ്യമിട്ടാണ് ഈ സംഘം കെണിയൊരുക്കിയിരുന്നത്. വായ്പ വാഗ്ദാനം ചെയ്ത് ഇവരുടെ ഒറിജിനൽ ആധാരങ്ങളും വസ്തുവകകളുടെ പ്രമാണങ്ങളും കൈക്കലാക്കിയ ശേഷം, ഉടമകൾ പോലും അറിയാതെ ഇവരുടെ പേരിൽ കോടികളുടെ കോർപ്പറേറ്റ്-ബിസിനസ് വായ്പകൾ തട്ടിയെടുക്കുകയായിരുന്നു ഇവരുടെ തട്ടിപ്പ് രീതി. വായ്പ തിരിച്ചടവ് മുടങ്ങിയതോടെ ചതിക്കപ്പെട്ട കാര്യം പോലുമറിയാത്ത നിരവധി കുടുംബങ്ങളാണ് ഇപ്പോൾ ലക്ഷക്കണക്കിന് രൂപയുടെയും കോടികളുടെയും ജപ്തി ഭീഷണി നേരിടുന്നത്.
തട്ടിപ്പിനിരയായ പാലാരിവട്ടം സ്വദേശിയായ 58 കാരന്റെ അനുഭവം ഈ മാഫിയയുടെ പ്രവർത്തന രീതി വ്യക്തമാക്കുന്നതാണ്. ബിസിനസ് തകർച്ച നേരിട്ട ഘട്ടത്തിൽ ബാധ്യതകൾ തീർക്കാൻ തൃശ്ശൂരിലെ പാരമ്പര്യ സ്വത്ത് വിൽക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഈ അവസരം മുതലെടുത്ത് സമീപിച്ച തട്ടിപ്പ് സംഘം ബാങ്ക് ബാധ്യത തീർക്കാനായി ഇദ്ദേഹത്തിന് 1.70 കോടി രൂപ നൽകി സഹായിച്ചു. പകരമായി പാലാരിവട്ടത്തെ വീടും തൃശ്ശൂരിലെ ഒരേക്കറിലധികം വരുന്ന സ്ഥലത്തിന്റെയും പ്രമാണങ്ങൾ ഈടായി വാങ്ങി. പിന്നീട് തൃശ്ശൂരിലെ ഒരു ഷോപ്പിംഗ് കോംപ്ലക്സിന്റെ പ്രമാണവും കൈക്കലാക്കി. തുടർന്ന് കനറ ബാങ്കിൽ നിന്ന് വായ്പ എടുക്കാൻ ഉണ്ടെന്ന് പറഞ്ഞ് സാക്ഷിയായി ഒപ്പിടുവിച്ച് ഇദ്ദേഹത്തിന്റെ കോടികൾ വിലമതിക്കുന്ന സ്വത്തുക്കൾ തട്ടിയെടുക്കുകയായിരുന്നു. ഒരു രൂപ പോലും വായ്പയായി കൈപ്പറ്റിയിട്ടില്ലെങ്കിലും കൊച്ചിയിലെ കനറ ബാങ്കിലും എച്ച്ഡിഎഫ്സി ബാങ്കിലുമായി ഇദ്ദേഹത്തിന് ഇപ്പോൾ 49 കോടി രൂപയുടെ ബാധ്യതയാണ് ഉള്ളത്.

മറ്റൊരു ഇരയായ എൽദോ പോളിനും സമാനമായ ചതിയാണ് നേരിടേണ്ടി വന്നത്. സിബിൽ സ്കോർ പ്രശ്നം കാരണം വായ്പ കിട്ടാതെ നിന്ന എൽദോയ്ക്ക് എറണാകുളത്ത് നിന്നുള്ള പ്രമുഖ ബാങ്കിൽ നിന്ന് ഒരു കോടി രൂപയുടെ ലോൺ ശരിയാക്കി നൽകാമെന്ന് പറഞ്ഞാണ് തട്ടിപ്പുകാർ സമീപിച്ചത്. ഇതിനായി വീട് ഉൾപ്പെടുന്ന രണ്ട് ഏക്കർ 15 സെന്റ് സ്ഥലത്തിന്റെ രേഖകളും നികുതിച്ചീട്ടും ഏജന്റ് വാങ്ങി. ലോൺ പാസാകാൻ സമയമെടുക്കുമെന്ന് പറഞ്ഞ് താൽക്കാലിക ആവശ്യങ്ങൾക്കായി 30 ലക്ഷം രൂപ എൽദോയുടെ അക്കൗണ്ടിലേക്ക് നൽകുകയും ചെയ്തു. എന്നാൽ ഈ രേഖകൾ വെച്ച് കോടികളുടെ കോർപ്പറേറ്റ് വായ്പ എടുക്കാനാണ് നീക്കമെന്ന് മനസ്സിലാക്കിയ എൽദോ, വാങ്ങിയ പണം മുഴുവൻ തിരികെ നൽകി പ്രമാണം ആവശ്യപ്പെട്ടെങ്കിലും ഏജന്റ് ഒളിച്ചുകളിച്ചു. ഒടുവിൽ ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ കാക്കനാട് ശാഖയിൽ നിന്ന് 30 കോടി രൂപയുടെ ജപ്തി നോട്ടീസ് കിട്ടിയപ്പോഴാണ് താൻ വഞ്ചിക്കപ്പെട്ട വിവരം ഇദ്ദേഹം അറിയുന്നത്.
പൊതുമേഖലാ ബാങ്കുകളായ കനറ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര എന്നിവയെയും സ്വകാര്യ മേഖലയിലെ എച്ച്ഡിഎഫ്സി, സിറ്റി യൂണിയൻ ബാങ്ക്, കൊട്ടക് മഹീന്ദ്ര, ചോളമണ്ഡലം ഫിനാൻസ് തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങളെയും മറയാക്കിയാണ് ഈ വൻ വായ്പ തട്ടിപ്പ് നടന്നിരിക്കുന്നത്. തട്ടിപ്പിന് ബാങ്ക് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വലിയ തോതിലുള്ള ഒത്താശകൾ ലഭിച്ചിട്ടുണ്ടെന്നാണ് ഇരകൾ ആരോപിക്കുന്നത്. ഈ വൻ കൊള്ളയുമായി ബന്ധപ്പെട്ട് ഇതിനോടകം കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി പത്തിലേറെ എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ചില കേസുകളിൽ ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും, ബാങ്ക് ഉദ്യോഗസ്ഥർ തന്നെ സമ്മതിക്കുന്നത് പോലെ ഇത്രയും വലിയ വ്യാപ്തിയുള്ള ഒരു തട്ടിപ്പിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്നുള്ള കൃത്യമായ അന്വേഷണം നടത്താൻ അന്വേഷണ ഏജൻസികൾ ഇതുവരെ തയ്യാറായിട്ടില്ല എന്നതാണ്.


Click it and Unblock the Notifications