പന്തീരങ്കാവിൽ വൻ ലഹരിവേട്ട; സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറടക്കം പിടിയിൽ
കോഴിക്കോട് പന്തീരങ്കാവിൽ വൻ ലഹരിവേട്ട. സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർ കൂടിയായ കോഴിക്കോട് അടിവാരം സ്വദേശി ഫാത്തിമ നസ്‌റീൻ(20), മലപ്പുറം കൊണ്ടോട്ടി കച്ചേരിക്കൽ സ്വദേശി പി.കെ.ഷഫീഖ്(35) എന്നിവരാണ് അറസ്റ്റിലായത്. രാജസ്ഥാനിൽ നിന്ന് റോഡ് മാർഗമാണ് ഇവർ രാസലഹരി എത്തിച്ചത്. പന്തീരാങ്കാവ് ടോൾ പ്ലാസയ്ക്ക് സമീപം വിവിധ എക്സൈസ് വിഭാഗങ്ങളുടെ സംയുക്ത നീക്കത്തിലാണ് അറസ്റ്റ്.
3.312 കിലോ മെതാംഫിറ്റമിനും 56 ഗ്രാം എംഡിഎംഎ എക്സ്റ്റസി ഗുളികകളുമാണ് പിടികൂടിയത്.3.5 കോടി രൂപയിലേറെ വിലവരുന്ന ലഹരി മരുന്നാണ് പിടിച്ചെടുത്തത്. എക്സൈസ് ഇന്റലിജൻസ് നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ എക്സൈസ് കമ്മിഷണറുടെ സ്ക്വാഡ്, കോഴിക്കോട് എക്സൈസ് ഇന്റലിജൻസ്, കോഴിക്കോട് ഡപ്യൂട്ടി എക്സൈസ് കമ്മിഷണറുടെ സ്ക്വാഡ്, കോഴിക്കോട് നർകോട്ടിക് സ്പെഷൽ സ്ക്വാഡ്, എക്സൈസ് സൈബർ സെൽ എന്നിവയുടെ സംയുക്ത നീക്കത്തിലാണ് ലഹരിമരുന്ന് പിടികൂടിയത്.പിടിയിലായ ഷഫീഖ് മുൻപും നിരോധിത ലഹരിമരുന്നു കടത്തുമായി ബന്ധപ്പെട്ട് പിടിയിലായ ആളാണെന്നാണ് എക്സൈസ് സംഘം അറിയിച്ചു.

മലപ്പുറം ചേലമ്പ്രയിലേക്കാണ് ഇവർ ലഹരിമരുന്നുകൾ എത്തിക്കാൻ ശ്രമിച്ചത്. മംഗളൂരുവിൽ നിന്ന് കുടുംബയാത്രയെന്ന വ്യാജേന സംശയം ഒഴിവാക്കാനാണ് ഫാത്തിമ നസ്റീനെ വാഹനത്തിൽ യാത്രക്കാരിയായി ഉൾപ്പെടുത്തിയെന്നാണ് ഷഫീഖ് നൽകുന്ന മൊഴി. കേസിൽ ഇരുവരേയും വിശദമായി ചോദ്യം ചെയ്യാനൊരുങ്ങുകയാണ് എക്സൈസ്.
സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ട; മന്ത്രി എംബി രാജേഷ്
കേരളത്തിൻ്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടകളിലൊന്നാണ് ഇന്ന് കോഴിക്കോട് പന്തീരാങ്കാവ് ടോൾ പ്ലാസക്കു സമീപം എക്സൈസ് സംയുക്ത സംഘം നടത്തിയതെന്ന് മന്ത്രി എംബി രാജേഷ്. 3.312 കിലോഗ്രാം എം ഡി എം എ യും 56 ഗ്രാം എംഡിഎംഎ എക്സ്റ്റസി ഗുളികകളുമാണ് എക്സൈസ് കമീഷണറുടെ സ്‌ക്വാഡ്, കോഴിക്കോട് എക്സൈസ് ഇൻ്റലിജൻ്റ്സ് വിഭാഗം, കോഴിക്കോട് ഡെപ്യൂട്ടി എക്സൈസ് കമീഷണറുടെ സ്‌ക്വാഡ്, കോഴിക്കോട് നാർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ്, എക്സൈസ് സൈബർ സെൽ എന്നിവയുടെ സംയുക്ത നീക്കത്തിൽ പിടികൂടിയത്. 3.5 കോടി രൂപക്കുമേൽ വിപണി മൂല്യം ഇവയ്ക്കുണ്ട്.
രാജസ്ഥാനിൽ നിന്ന് റോഡ് മാർഗം ഹ്യുണ്ടായി ക്രെറ്റ കാറിൽ കടത്തിക്കൊണ്ടു വന്ന മയക്കുമരുന്ന് കാറിൻ്റെ ബോണറ്റിനുള്ളിലെ രഹസ്യ അറയിലാണ് ഒളിപ്പിച്ചിരുന്നത്. ഇതുമായി ബന്ധപ്പെട്ട് രണ്ടു പേരെ അറസ്‌റ്റു ചെയ്തിട്ടുണ്ട്. വിശദമായ അന്വേഷണം നടത്തുന്നതിന് എക്സൈസ് വകുപ്പിലെ സീനിയർ ഉദ്യോഗസ്ഥരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കും', മന്ത്രി അറിയിച്ചു.












Click it and Unblock the Notifications