'സോണിയ ഗാന്ധിയെ ഒരിക്കൽക്കൂടി രാജ്യം തിരിച്ചറിയുകയാണ്,ഇതാണ് കരുതൽ, ഇതാണ് അനുകമ്പ'
തിരുവനന്തപുരം; ജൻമനാട്ടിലേക്ക് മടങ്ങുന്ന കുടിയേറ്റ തൊഴിലാളികളിൽ നിന്ന് വൻ തുക ടിക്കറ്റ് നിരക്ക് ഈടാക്കുന്ന കേന്ദ്രസർക്കാർ നടപടിക്കെതിരെ വലിയ വിമർശനമാണ് ഉയരുന്നത്. ലോക്ക്ഡൗണിനെ തുടര്‍ന്ന് വരുമാനം നിലച്ച തൊഴിലാളികളിൽ നിന്ന് ട്രെയിന്‍ ടിക്കറ്റ് കൂടി ഈടാക്കുന്നത് അവർക്ക് കടുത്ത തിരിച്ചടിയായിരിക്കുകയാണ്.ടിക്കറ്റ് നിരക്ക് കണ്ടെത്താനാവാതെ ദുരിതത്തിലായതിനാൽ പലരും നാട്ടിലെത്താൻ ബുദ്ധിമുട്ടുകയാണെന്നാണ് റിപ്പോർട്ടുകൾ.
ഈ സാഹചര്യത്തിൽ നിർധനരായ കുടിയേറ്റ തൊഴിലാളികളുടെ ട്രെയിന്‍ യാത്രാക്കൂലി കോണ്‍ഗ്രസ് വഹിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി. യാത്രാചെലവ് അതത് കോൺഗ്രസ് പ്രദേശ് കമ്മിറ്റികൾ വഹിക്കണമെന്ന് അവർ കീഴ്ഘടകങ്ങൾക്ക് നിർദ്ദേശം നൽകി. വിഷയത്തിൽ സോണിയയുടെ ഇടപെടലിനെ പുകഴ്ത്തുകയാണ് കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. പോസ്റ്റ് വായിക്കാം

സോണിയയെ രാജ്യം തിരിച്ചറിയുന്നു
സോണിയ ഗാന്ധി എന്ന നേതാവിനെ ഒരിക്കൽക്കൂടി രാജ്യം തിരിച്ചറിയുകയാണ്.അന്യസംസ്ഥാന തൊഴിലാളികൾക്ക് അവരവരുടെ നാടുകളിലേക്ക് മടങ്ങാൻ ട്രെയിൻ സംവിധാനം ഏർപ്പെടുത്തിയ കേന്ദ്രസർക്കാർ, അവരുടെ ടിക്കറ്റ് നിരക്ക് അവരിൽ നിന്നും ഈടാക്കി നൽകാൻ സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകിയിരിക്കുകയാണ്.

അന്യായമാണെന്ന്
ഉണ്ടായിരുന്ന വേലയും കൂലിയും, എല്ലാം നഷ്ടപ്പെട്ടു വെറുംകൈയോടെ ജന്മ നാട്ടിലേക്ക് മടങ്ങാൻ നിൽക്കുന്നവരിൽ നിന്നും ടിക്കറ്റ് നിരക്ക് വാങ്ങുന്നത് കടുത്ത അന്യായം ആണെന്നും അനീതി ആണെന്നും, കേന്ദ്ര സർക്കാരിന് കഴിയില്ലെങ്കിൽ ഈ പണം കോൺഗ്രസ് നൽകുമെന്നും സോണിയാഗാന്ധി പറഞ്ഞു. തൊഴിലാളികൾ രാജ്യത്തിന്റെ നട്ടെല്ല് ആണെന്നും, അവരെ കരുതേണ്ടത് രാജ്യത്തിന്റെ കടമയാണെന്നും സോണിയാഗാന്ധി ഓർമ്മപ്പെടുത്തി..
Recommended Video

കോൺഗ്രസുകാരന് ആവേശമാണ്
ട്രംപിനെ സ്വീകരിക്കാൻ 100 കോടി മുടക്കിയ കേന്ദ്രസർക്കാരിന്, പ്രധാനമന്ത്രിയുടെ കൊറോണ ഫണ്ടിലേക്ക് 151 കോടി നൽകിയ റെയിൽവേക്ക്, ഈ നാട്ടിലെ പട്ടിണി പാവങ്ങൾക്ക് അവരവരുടെ ജന്മ നാട്ടിലേക്ക് മടങ്ങാൻ വേണ്ടി റെയിൽവേ ടിക്കറ്റ് നൽകാൻ പണമില്ലെങ്കിൽ അത് കോൺഗ്രസ് നൽകുമെന്ന പ്രഖ്യാപനം ഓരോ കോൺഗ്രസുകാരനും ആവേശമാണ്.ഇതാണ് കരുതൽ, ഇതാണ് അനുകമ്പ, ഇതാണ് കാരുണ്യം..അതാണ് സോണിയ ഗാന്ധി..അഭിമാനമാണ് സോണിയ ഗാന്ധി..












Click it and Unblock the Notifications