മലയാളിക്ക് ഏറ്റവും വെറുപ്പ് ബിജെപിയോട്; മാതൃഭൂമി-സി വോട്ടർ അഭിപ്രായ സർവ്വേ ഫലം പുറത്ത്
തിരുവനന്തപുരം; കേരളത്തിൽ ഏറ്റവും വെറുക്കപ്പെട്ട രാഷ്ട്രീയ പാർട്ടി ബിജെപിയെന്ന് മാതൃഭൂമി സി വോട്ടർ അഭിപ്രായ സർവ്വേ ഫലം. 34.3 ശതമാനം ആളുകളാണ് ബിജെപിയെ വെറുക്കുന്നുവെന്ന അഭിപ്രായം പങ്കുവെച്ചത്. സർവ്വേയിൽ രണ്ടാമത് എത്തിയ സിപിഎമ്മിനേക്കാൾ മൂന്നിരട്ടി ആളുകളാണ് ബിജെപിയെ വെറുക്കുന്നവെന്ന അഭിപ്രായം പങ്കുവെച്ചത്. സർവ്വേയിൽ പങ്കെടുത്ത 11.8 ശതമാനം പേരാണ് സിപിഎം വെറുക്കപ്പെട്ട പാർട്ടിയെന്ന് അഭിപ്രായപ്പെട്ടത്. സർവ്വേയിലെ മറ്റ് വിശദാംശങ്ങളിലേക്ക്

മൂന്നാം സ്ഥാനത്ത് ലീഗ്
സർവ്വേയിൽ പങ്കെടുത്ത 9.1 ശതമാനം പേർ മുസ്ലീം ലീഗ് എന്നും 8 ശതമാനം പേർ കോൺഗ്രസ് എന്ന അഭിപ്രായമാണ് പങ്കുവെച്ചത്. മോദി പിണറായി ബന്ധം ഊഷ്മളമോയെന്ന ചോദ്യത്തിന് 45.7 ശതമാനം പേർ അല്ലെന്ന അഭിപ്രായം പങ്കുവെച്ചു. 23.1 ശതമാനം പേർ ആണെന്നും 31. 2 ശതമാനം പേർ പറയാനാകില്ലെന്ന മറുപടിയുമാണ് പങ്കുവെച്ചത്.

സ്വാധീനിച്ച വിഷയം
ഏറ്റവും കൂടുതൽ വോട്ടർമാരെ സ്വാധീനിച്ച വിഷയം തൊഴിലില്ലായ്മയാണെന്നാണ് സർവ്വേ ഫലം വ്യക്തമാക്കുന്നത്. 41.8 ശതമാനം പേരാണ് ഇത്തരമൊരു അഭിപ്രായം പങ്കുവെച്ചത്. 10.4 ശതമാനം പേർ അഴിമതിയെന്നും 4.8 ശതമാനം പേർ ക്രമസമാധാന പ്രശ്‌നങ്ങളെന്നും 4.8 ശതമാനം പേർ പൗരത്വ നിയമ ഭേദഗതിയെന്നും 3.9 ശതമാനം പേർ കാർഷിക നിയമമെന്നും അഭിപ്രായവും പങ്കുവെച്ചു.

ശബരിമല വിവാദം
ഏറ്റവും കൂടുതൽ സ്വാധീനിക്കുന്ന വിവാദം സ്വർണക്കടത്താണെന്നാണ് സർവ്വേയിൽ ഉയർന്ന അഭിപ്രായം. 25.2 ശതമാനം പേർ സ്വർണക്കടത്ത് എന്ന് അഭിപ്രായപ്പെട്ടപ്പോൾ 20. 2 ശതമാനം പേർ ശബരിമല വിവാദമാണെന്ന അഭിപ്രായം പങ്കുവെച്ചു. 13 ശതമാനം പേർ കൊവിഡ് പ്രതിരോധമാണെന്നും 8 ശതമാനം പേർ പ്രളയ ദുരിതാശ്വാസമാണെന്നും മോദി ഫാക്ടർ 2.6 ശതമാനം ആണെന്നും സർവ്വേയിൽ പറയുന്നു.

കിറ്റും പെൻഷനും
കൊവിഡ് കാലത്ത് വിതരണം ചെയ്ത കിറ്റും പെൻഷനും തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് ഗുണം ചെയ്യുമെന്ന് സർവ്വേയിൽ പങ്കെടുത്ത 53.9 ശതമാനം പേർ അഭിപ്രായപ്പെട്ടു. നേരിയ തോതിൽ ഗുണമാകുമെന്ന് 26.2 ശതമാനം പേരും ഗുണം ചെയ്യില്ലെന്ന് 18 ശതമാനം പേരും അഭിപ്രായം പങ്കുവെച്ചു.

കിഫ്ബി ഗുണം ചെയ്തെന്ന്
കിഫ്ബി ഗുണം ചെയ്യുമെന്ന് 37. 3 ശതമാനം പേരും ചെയ്യില്ലെന്ന് 37.1 ശതമാനം പേരും തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് 15.4 ശതമാനം പേരും അഭിപ്രായപ്പെട്ടു. 10.2 ശതമാനം പേർ കഴിയില്ലെന്ന് പറയാൻ സാധിക്കില്ലെന്നും പ്രതികരിച്ചു. 140 മണ്ഡലങ്ങളില്‍ നിന്നുള്ള 14,913 പേരാണ് അഭിപ്രായ സര്‍വേയില്‍ പങ്കെടുത്തത്. 18-85 പ്രായമുളളവരാണ് സര്‍വേയില്‍ പങ്കെടുത്തത്.












Click it and Unblock the Notifications