മാതൃഭൂമി ന്യൂസ് എഡിറ്ററുടെ വീട്ടിൽ മുഖംമൂടി സംഘത്തിന്റെ ആക്രമണം.. പണവും സ്വർണവും മോഷ്ടിച്ചു
കണ്ണൂര്‍: മാതൃഭൂമി പത്രത്തിലെ മാധ്യമപ്രവര്‍ത്തകന്റെ വീട്ടില്‍ മുഖംമൂടി സംഘത്തിന്റെ ആക്രമണം. മാതൃഭൂമി കണ്ണൂര്‍ യൂണിറ്റിലെ ന്യൂസ് എഡിറ്ററായ വിനോദ് ചന്ദ്രന്റെ വീട്ടിലാണ് വ്യാഴാഴ്ച പുലര്‍ച്ചെ മുഖംമൂടി സംഘം അതിക്രമിച്ച് കയറിയത്. കണ്ണൂര്‍ താഴെ ചൊവ്വെയിലുള്ള വീട്ടിലാണ് അക്രമം. നാലംഗ സംഘം വിനോദ് ചന്ദ്രനേയും ഭാര്യ സരിതയേയും കെട്ടിയിട്ട് മര്‍ദ്ദിച്ചു. തുടര്‍ന്ന് വീട്ടിലുണ്ടായിരുന്ന സ്വര്‍ണവും പണവും കവര്‍ന്ന ശേഷം സംഘം കടന്ന് കളഞ്ഞു.
പുലര്‍ച്ചെ ഒരു മണിയോടെയാണ് വീടിന്റെ മുന്‍ഭാഗം തകര്‍ത്ത് മോഷ്ടാക്കള്‍ അകത്ത് കടന്നത്. ശബ്ദം കേട്ട് വിനോദ് ചന്ദ്രനും ഭാര്യയും കിടപ്പ് മുറിയില്‍ നിന്നും പുറത്ത് ഇറങ്ങിയപ്പോഴേക്കും മോഷ്ടാക്കള്‍ അകത്ത് കടന്നിരുന്നു.

വിനോദിനേയും ഭാര്യയേയും കടന്നാക്രമിച്ച സംഘം ഇരുവരുടേയും കൈകാലുകള്‍ കെട്ടിയിട്ടു. ബഹളം വെയ്ക്കാതിരിക്കാന്‍ വായും അക്രമികള്‍ മൂടിക്കെട്ടി. തുടര്‍ന്ന് സ്വര്‍ണവും പണവും എടിഎം കാര്‍ഡും അടക്കം മോഷ്ടിച്ച ശേഷം മൂന്ന് മണിയോടെയാണ് മോഷ്ടാക്കള്‍ വീട് വിട്ടത്. 25 പവന്‍ സ്വര്‍ണവും പണവും ഒപ്പം ഗൃഹോപകരണങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്.
പുലര്‍ച്ചെ നാല് മണിയോടെ വിനോദ് തന്നെയാണ് കെട്ടഴിച്ച് വിവരം പോലീസിന് അറിയിച്ചത്. പോലീസ് വീട്ടിലെത്തിയാണ് വിനോദിനേയും ഭാര്യയേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇരുവരും കണ്ണൂരിലെ എകെജി ആശുപത്രിയില്‍ ചികിത്സയിലാണ്. വിനോദിന്റെ മുഖത്തും കഴുത്തിനും ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്.












Click it and Unblock the Notifications