കേരളത്തിൽ രാഹുലിന് മോദിയെക്കാൾ ഇരട്ടി ജനപിന്തുണ; വി ഡി സതീശനെ ബഹുദൂരം പിന്നിലാക്കി പിണറായി, കണക്കുകൾ
തിരുവനന്തപുരം: കേരളത്തിൽ കൂടുതൽ ജനപിന്തുണ ഉള്ള നേതാവ് പിണറായി വിജയൻ. മാതൃഭൂമി - പീമാർക്ക് സർവേയാണ് ഫലം പുറത്തുവിട്ടത്. 31 ശതമാനം വോട്ടാണ് പിണറായി വിജയന് ലഭിച്ചത്. വി ഡി സതീശനും രമേശ് ചെന്നിത്തലയ്ക്കും 14 ശതമാനമാണ് വോട്ട് ലഭിച്ചിരിക്കുന്നത്. അതേ സമയം രാഹുൽ ഗാന്ധിക്ക് കേരളത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കാൾ ഇരട്ടി ജനപ്രീതി ഉണ്ട്. രാഹുൽ ഗാന്ധിക്ക് 32 ശതമാനം വോട്ടാണ് ലഭിച്ചത്. മോദിക്ക് 16 ശതമാനം വോട്ടാണ് ലഭിച്ചത്.
അതേ സമയം കേന്ദ്ര സർക്കാരിന്റെയും സംസ്ഥാന സർക്കാരിന്റെയും പ്രവർത്തനം വിലയിരുത്തിയപ്പോൾ കേന്ദ്ര സർക്കാരിന്റെ പ്രകടനം വളരെ നല്ലത് എന്ന് എട്ട് ശതമാനം പേരും നല്ലത് എന്ന് 22 ശതമാനം പേരും ഭേദപ്പെട്ടതാണെന്ന് 29 ശതമാനം പേരും പറഞ്ഞു. മോശം ആണെന്ന് 23 ശതമാനം പേരാണ് പറഞ്ഞത്. അഭിപ്രായമില്ലാത്തത് 18 ശതമാനം ആളുകൾക്കാണ്.

പിണറായി വിജയൻ സർക്കാറിന്റെ പ്രകടത്തെ വളരെ നല്ലതെന്ന് 13 ശതമാനം പേരും നല്ലത് എന്ന് 29 ശതമാനം പേരും ഭേദപ്പെട്ടത് ആണെന്ന് 33 ശതമാനം പേരും പറയുന്നു മോശമാണെന്ന് 13 ശതമാനം പേരും അഭിപ്രായമില്ല എന്ന് 12 ശതമാനം പേരും പറയുന്നു. കേരളത്തിലെ ഏഴ് മണ്ഡലങ്ങളിലെ അഭിപ്രായ സർവേയും ഇന്ന് പുറത്തുവിട്ടു. അഭിപ്രായ സർവേയിൽ തിരുവനന്തപുരത്ത് ശശി തരൂരാണ് ഒന്നാമത്.
ശശി തരൂരിന് 37 ശതമാനം വോട്ടും പന്ന്യൻ രവീന്ദ്രന് 34 ശതമാനം വോട്ടും പ്രവചിക്കുന്നു. ബി ജെ പി മൂന്നാം സ്ഥാനത്ത് ആകുമെന്ന് പ്രവചനം. കാസർഗോഡ് രാജ് മോഹൻ ഉണ്ണിത്താൻ നിലനിർത്തുമെന്ന് സർവേ പറയുന്നു. ആറ്റിങ്ങലിൽ ശക്തമായ ത്രികോണ മത്സമാണ് സർവേ പറയുന്നത്. അടൂർ പ്രകാശ് 36 ശതമാനം വോട്ട് നേടുമെന്നാണ് പ്രവചനം. വി . ജോയി 32 ശതമാനവും വി മുരളീധരൻ 29 ശതമാനം വോട്ട് നേടുമെന്നും പറയുന്നു.
ചാലക്കുടിയിൽ ബെന്നി ബെഹന്നാന് 42 ശതമാനം വോട്ടും സി രവീന്ദ്രനാഥിന് 37 ശതമാനം വോട്ടും എൻ ഡി എയ്ക്ക് 19 ശതമാനം വോട്ടും പ്രവചിക്കുന്നു. കാസർഗോഡ് രാജ് മോഹൻ ഉണ്ണിത്താന് 41 ശതമാനവും എം വി ബാലകൃഷ്ണന് 36 ശതമാനവും എം എൽ അശ്വിനിക്ക് 21 ശതമാനവും വോട്ടും പ്രവചിക്കുന്നു.
25821 പേരാണ് സർവേയിൽ പങ്കെടുത്തത്. മാർച്ച് 3 മുതൽ മാർച്ച് 17 വരെയുള്ള കാലയളവിൽ ആണ് സർവേ നടത്തിയത്.












Click it and Unblock the Notifications