മട്ടന്നൂർ നഗരസഭാ തിരഞ്ഞെടുപ്പ്; കൊട്ടിക്കലാശത്തിനിടെ എൽഡിഎഫ്-യുഡിഎഫ് സംഘർഷം
കണ്ണൂർ: മട്ടന്നൂർ നഗരസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചരണത്തിനിടെ എൽ ഡി എഫ്- യു ഡി എഫ് സംഘർ. കൊട്ടിക്കലാശാലം അവസാനിപ്പിച്ച സമയം സംബന്ധിച്ചായിരുന്നു തർക്കം. എൽ ഡി എഫിൻ്റെ പരസ്യപ്രചാരണം വൈകിട്ട് 5.30-ന് പോലീസ് അവസാനിപ്പിച്ചെങ്കിലും യു ഡി എഫ് പ്രചാരണം അവസാനിപ്പിച്ചില്ലെന്ന് ആരോപിച്ചായിരുന്നു പ്രവർത്തകർ ഏറ്റുമുട്ടിയത്. ആഗസ്റ്റ് 20-നാണ് തെരഞ്ഞെടുപ്പ്. ആഗസ്റ്റ് 22 ന് വോട്ടെണ്ണും.

35 വാർഡുകളിലേക്കാണ് തിരഞ്ഞെടുപ്പ്. പതിനെട്ട് വാർഡുകൾ സ്ത്രീകൾക്കും ഒരെണ്ണം പട്ടികജാതിക്കും സംവരണം ചെയ്തിട്ടുണ്ട്. എല്ലാ വാർഡുകളിലുമായി 111 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. 49 പുരുഷൻമാരും 62 സ്ത്രീകളും. ഓരോ വാർഡിലും ഒന്ന് വീതം 35 പോളിംഗ് സ്റ്റേഷനുകൾ സജ്ജമാക്കിയിട്ടുണ്ട്. വോട്ടർപട്ടികയിൽ 18,201 പുരുഷൻമാർ, 20,608 സ്ത്രീകൾ, രണ്ട് ട്രാൻസ്‌ജെൻഡറുകൾ എന്നിങ്ങനെ 38,811 വോട്ടർമാരുണ്ട്.
പോളിംഗ് ബൂത്തുകളായി നിശ്ചയിച്ച സ്ഥാപനങ്ങൾക്ക് ആഗസ്റ്റ് 19നും 20നും വോട്ടെണ്ണൽ കേന്ദ്രമായ മട്ടന്നൂർ ഹയർസെക്കണ്ടറി സ്‌കൂളിന് ആഗസ്റ്റ് 19, 20, 22 തീയതികളിലും പ്രാദേശിക അവധി പ്രഖ്യാപിച്ചു.
പോളിംഗ് ഉദ്യോഗസ്ഥർക്കുള്ള പരിശീലനം പൂർത്തിയായതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു.എല്ലാ ബൂത്തുകളിലും വെബ്കാസ്റ്റിംഗും വീഡിയോഗ്രാഫിയുമുണ്ടാകും. പ്രശ്‌നബാധിത ബൂത്തുകളിൽ കൂടുതൽ പോലീസ് സേനയെ വിന്യസിക്കും. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഒബ്‌സർവർമാർ നേരിട്ട് നിരീക്ഷിക്കും. വോട്ടിംഗ് മെഷീനുകളും തിരഞ്ഞെടുപ്പ് സാമഗ്രികളും 19 ന് ഉച്ചയോടെ അതത് പോളിംഗ് ബൂത്തുകളിൽ എത്തിക്കും. വോട്ടെടുപ്പിന് ശേഷം അവ ബൂത്തുകളിൽ നിന്ന് നേരിട്ട് ശേഖരിച്ച് സ്‌ട്രോംങ് റൂമിൽ സൂക്ഷിക്കും. ഇതിനായി സെക്ടറൽ ഓഫീസർമാരുടെ നേതൃത്വത്തിൽ ഏഴ് ടീമുകളെ നിയമിച്ചിട്ടുണ്ട്.മട്ടന്നൂർ ഹയർ സെക്കൻഡറി സ്‌കൂളിലാണ് വോട്ടെണ്ണൽ. രണ്ട് കൗണ്ടിംഗ് ഹാളുകൾ സജ്ജമാക്കിയിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
നഗരസഭ രൂപീകരിച്ചതിന് ശേഷമുള്ള എല്ലാ തെരഞ്ഞെടുപ്പിലും ഇടതുമുന്നണി വൻ ഭൂരിപക്ഷത്തോടെ വിജയിച്ച നഗരസഭയാണ് മട്ടന്നൂർ.ഇത്തവണ അട്ടിമറി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് യു ഡി എഫ്. ബി ജെ പിയും ഇക്കുറി മുഴുവൻ സീറ്റുകളിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്.












Click it and Unblock the Notifications