യുഡിഎഫിനൊപ്പം നിൽക്കുന്ന മാവേലിക്കര ഇക്കുറി ആർക്കൊപ്പം?; കൊടിക്കുന്നിലിനെ വീഴ്ത്തുമോ അരുൺ കുമാർ?
ആലപ്പുഴ ജില്ലയിലെ മാവേലിക്കര, കുട്ടനാട്, ചെങ്ങന്നൂർ നിയമസഭാ മണ്ഡലങ്ങളും കൊല്ലം ജില്ലയിലെ കുന്നത്തൂർ,കൊട്ടാരക്കര, പത്തനാപുരം നിയമസഭാ മണ്ഡലങ്ങളും കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി നിയമസഭാ മണ്ഡലവും ചേർന്നതാണ് മാവേലിക്കര ലോക്സഭ മണ്ഡലം. മണ്ഡല ചരിത്രം പരിശോധിച്ചാൽ യു ഡി എഫിനൊപ്പമാണ് കൂടുതൽ തവണയും ഇവിടുത്തെ വോട്ടർമാർ നിലയുറപ്പിച്ചിട്ടുള്ളത്. എന്നിരുന്നാലെ സംസ്ഥാന രാഷ്ട്രീയ ട്രെന്റിനനുസരിച്ച് നിലയുറപ്പിക്കാറുമുണ്ട് മാവേലിക്കര.
1962 ൽ മണ്ഡലം രൂപീകൃതമായ ആദ്യ തിരഞ്ഞെടുപ്പിൽ വിജയം കോൺഗ്രസിനായിരുന്നു. അന്ന് ആർ അച്യുതനായിരുന്നു ഇവിടെ നിന്ന് ജയിച്ചത്. അടുത്ത വർഷം മാവേലിക്കര സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ഥിയായ ജി പി മംഗലത്തുമഠത്തിനൊപ്പം നിന്നു. 1971ല്‍ സി പി ഐ മുന്നണി സ്ഥാനാര്‍ഥിയായി മത്സരിച്ച ആർ ബാലകൃഷ്ണ പിള്ളയ്ക്കായിരുന്നു വിജയം.അന്ന് എൽ ഡി എഫിന്റെ എസ് രാമചന്ദ്രപിള്ളയായിരുന്നു എതിരാളി. പിന്നീട് നടന്ന രണ്ട് തിരഞ്ഞെടുപ്പിലും കോൺഗ്രസായിരുന്നു ഇവിടെ വിജയിച്ചത്.

1984 ൽ ജനതാപാർട്ടിയുടെ തമ്പാൻ തോമസ് പി ജെ കുര്യനെ പരാജയപ്പെടുത്തി മണ്ഡലം പിടിച്ചു. 1989 മുതൽ 1998 വരെ പിജെ കുര്യനായിരുന്നു ഇവിടെ വിജയിച്ചത്. തുടർ വിജയങ്ങൾ ആവർത്തിച്ചപ്പോഴും കുര്യന്റെ ഭൂരിപക്ഷത്തിൽ വൻ ഇടിവായിരുന്നു രേഖപ്പെടുത്തിയത്. ഒടുവിൽ 98 ൽ മത്സരിച്ചപ്പോൾ വെറും 1261 വോട്ടിനായിരുന്നു കുര്യൻ വിജയിച്ചത്. ഇതോടെ അടുത്ത തവണ അദ്ദേഹം മാവേലിക്കര ഉപേക്ഷിച്ച് ഇടുക്കിയിൽ മത്സരിച്ചു. മാവേലിക്കരയിൽ അന്ന് കോൺഗ്രസിന് വേണ്ടി ചെന്നിത്തലയായിരുന്നു മണ്ഡലത്തിൽ മത്സരിച്ചത്. മണ്ഡലത്തിലെ ആദ്യ പോരാട്ടത്തിൽ ചെന്നിത്തല ജയിച്ചെങ്കിലും 2004 ൽ സി പി എമ്മിന്റെ സി എസ് സുജാതയോട് ചെന്നിത്തല പരാജയപ്പെട്ടു.
2009ല്‍ സംസ്ഥാനത്താകെ നടന്ന മണ്ഡലം പുനര്‍ നിര്‍ണയത്തില്‍ മാവേലിക്കര സംവരണ മണ്ഡലമായി. അന്ന് അടൂരിലെ സിറ്റിങ് എംപിയായിരുന്ന കൊടിക്കുന്നില്‍ സുരേഷിനെ കോൺഗ്രസ് മത്സരിപ്പിച്ചു. കൂറ്റൻ വിജയം മണ്ഡലത്തിൽ സ്വന്തമാക്കാൻ കൊടിക്കുന്നിലിന് കഴിഞ്ഞു. 2014 ലും 19 ലും അദ്ദേഹം വിജയം ആവർത്തിച്ചു. 19 ൽ 61,138 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു കൊടിക്കുന്നിലിന്റെ വിജയം. ഇക്കുറി നാലാം അങ്കത്തിനിറങ്ങുകയാണ് കൊടിക്കുന്നിൽ. മറുവശത്ത് എൽഡിഎഫ് മത്സരിപ്പിക്കുന്നത് യുവ നേതാവ് അരുൺ കുമാറിനെയും. സീനിയർ എംപിയും പുതുമുഖവും ഏറ്റുമുട്ടുമ്പോൾ ആര് ജയിക്കും എന്നറിയാൻ കാത്തിരിക്കാം.












Click it and Unblock the Notifications