ആറ് വയസ്സുകാരിയായ മകളെ വെട്ടിയത് മഴു ഉപയോഗിച്ച്; പ്രതി മദ്യലഹരിയിലായിരുന്നുവെന്ന് സൂചന
ആലപ്പുഴ; മാവേലിക്കര പുന്നമ്മൂട്ടിൽ ആറു വയസുകാരിയെ പിതാവ് വെട്ടികൊലപ്പെടുത്തിയത് മദ്യലഹരിയിലെന്ന് പ്രാഥമിക വിവരം. പുന്നമൂട് ആനക്കൂട്ടിൽ നക്ഷത്ര ആണ് കൊല്ലപ്പെട്ടത്. മഴു ഉപയോഗിച്ചാണ് പിതാവായ ശ്രീമഹേഷ് (38) കുട്ടിയുടെ കഴുത്തിന് വെട്ടിയത്. സംഭവ സ്ഥലത്ത് വെച്ച് തന്നെ കുട്ടി മരിച്ചു. അതേസമയം ശ്രീമഹേഷിന് മാനസിക പ്രശ്നം ഉണ്ടായിരുന്നുവെന്നാണ് വിവരം.

ബുധനാഴ്ച രാത്രിയോടെയായിരുന്നു സംഭവം. തൊട്ടടുത്ത് ശ്രീമഹേഷിന്റെ സഹോദരിയുടെ വീട്ടിൽ താമസിക്കുന്ന അമ്മ സുനന്ദ ബഹളം കേട്ട് ഓടിയെത്തിയപ്പോൾ നക്ഷത്ര സോഫയിൽ വെട്ടേറ്റ് കിടക്കുകയായിരുന്നു. ഇത് കണ്ട് ബഹളം വെച്ച് സുനന്ദ വീടിന് പുറത്തേക്ക് ഓടി. പിന്നാലെ ഓടിയ ശ്രീമഹേഷ് ഇവരേയും ആക്രമിച്ചു. കൈക്ക് വെട്ടേറ്റ സുനന്ദ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.
ശ്രീമഹേഷിന്റെ ഭാര്യ വിദ്യ മൂന്ന് വർഷം മുൻപ് ആത്മഹത്യ ചെയ്തിരുന്നു. അതിന് ശേഷം ശ്രീമഹേഷും മകളും മാത്രമാണ് വീട്ടിലുള്ളത്. അമ്മയുടെ മാതാപിതാക്കളെ കാണാൻ കുട്ടി കഴിഞ്ഞ ദിവസം വാശി പിടിച്ചിരുന്നു. ഇതേതുടർന്നുണ്ടായ പ്രകോപനമാകാം കൊലയ്ക്ക് കാരണമെന്നാണ് പോലീസ് പറയുന്നത്.
വിദേശത്തായിരുന്നു ശ്രീമഹേഷ് അടുത്തിടെ പിതാവ് ട്രെയിൻ തട്ടി മരിച്ചതിനെ തുടർന്നാണ് നാട്ടിൽ എത്തിയത്. ഇയാളുടെ രണ്ടാം വിവാഹം പോലീസ് ഉദ്യോഗസ്ഥയുമായി ഉറപ്പിച്ചിരുന്നു. എന്നാൽ ഇയാളുടെ സ്വഭാവ വൈകൃതത്തെ തുടർന്ന് അവർ വിവാഹത്തിൽ നിന്നും പിൻമാറി. അതിനുശേഷം അവരെ ശല്യം ചെയ്തതോടെ ശ്രീമഹേഷിനെതിരെ പോലീസ് കേസെടുത്തിരുന്നു.












Click it and Unblock the Notifications