ശോഭ സുരേന്ദ്രനെ ലക്ഷ്യമിട്ടത് ബിജെപി നേതാക്കള്‍ തന്നെയോ? സാധ്യതയുണ്ടെന്ന് സന്ദീപ് വാര്യര്‍
കോഴിക്കോട്: ബി ജെ പി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രന്റെ വീടിന് സമീപം നടന്ന സ്‌ഫോടനത്തില്‍ അന്വേഷണം വേണം എന്ന് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. ശോഭാ സുരേന്ദ്രനെ പോലെ ഒരു വനിതാ നേതാവിന്റെ വീടിന് നേര്‍ക്ക് ഇത്തരത്തില്‍ ഒരു അക്രമം നടന്നു എന്നത് ഗുരുതരമായ കാര്യമാണ് എന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
' ബി ജെപിയുടെ തൃശൂര്‍ ജില്ലയിലെ നേതാക്കളുടെ പങ്ക് ഇക്കാര്യത്തില്‍ അന്വേഷിക്കപ്പെടണം. ശോഭാ സുരേന്ദ്രന്‍ തൃശ്ശൂര്‍ താമസിച്ചു പ്രവര്‍ത്തിക്കുന്നതിന് എല്ലാ കാലവും തടസ്സം നിന്നിട്ടുള്ളത് അവരാണ്,' മുന്‍ ബി ജെ പി വക്താവ് കൂടിയായിരുന്ന സന്ദീപ് വാര്യര്‍ വ്യക്തമാക്കി. ശോഭാ സുരേന്ദ്രന് ബി ജെ പിക്ക് പുറത്ത് ശത്രുക്കള്‍ ഉണ്ടാകാന്‍ ഒരു സാധ്യതയുമില്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്നലെ രാത്രിയായിരുന്നു ശോഭ സുരേന്ദ്രന്റെ വീടിന് സമീപം സ്‌ഫോടനം നടന്നത്. ശോഭയുടെ വീടിന് സമീപമുള്ള വീടിന്റെ ഗേറ്റില്‍ ആയിരുന്നു സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചത്. അയ്യന്തോള്‍ ഗ്രൗണ്ടിന് അടുത്തുള്ള വീടിന് സമീപമാണ് സ്ഫോടനം ഉണ്ടായത്. സ്ഫോടക വസ്തു വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവ സമയത്ത് ശോഭാ സുരേന്ദ്രനും വീട്ടില്‍ ഉണ്ടായിരുന്നു.
ബൈക്കില്‍ എത്തിയ നാലംഗ സംഘമാണ് സ്ഫോടക വസ്തു എറിഞ്ഞത് എന്നാണ് സംശയിക്കുന്നത്. സംഭവ ശേഷം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് ബി ജെ പി സിറ്റി പ്രസിഡന്റ് ജസ്റ്റിന്‍ ജേക്കബ് ആവശ്യപ്പെട്ടു. പ്രദേശത്തെ സി സി ടി വി ദൃശ്യങ്ങള്‍ അടക്കം കേന്ദ്രീകരിച്ച് തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ബി ജെ പി ദേശീയ നിര്‍വാഹക സമിതി അംഗമാണ് ശോഭ സുരേന്ദ്രന്‍. സംസ്ഥാനത്തെ ഔദ്യോഗിക നേതൃതവുമായി അത്ര നല്ല ബന്ധത്തില്‍ അല്ല ശോഭ സുരേന്ദ്രന്‍. അതേസമയം സംഭവത്തില്‍ പ്രതികരണവുമായി ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ രംഗത്തെത്തി. മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ബി ജെ പിയുടെ മുതിര്‍ന്ന നേതാവാണ് ശോഭാ സുരേന്ദ്രന്‍, രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
സംഭവത്തെ ബി ജെ പി ശക്തമായി അപലപിക്കുന്നതായും കോണ്‍ഗ്രസുകാരായാലും സി പി എമ്മുകാരായാലും കുറ്റവാളികളെ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം.
ശോഭാ സുരേന്ദ്രന്റെ വീടിന് ലക്ഷ്യമാക്കി നടന്ന സ്‌ഫോടക വസ്തു അക്രമണം കൃത്യമായി അന്വേഷിക്കപ്പെടണം. രാഷ്ട്രീയമായി വ്യത്യസ്ത ചേരിയില്‍ ആണെങ്കിലും ശോഭാ സുരേന്ദ്രനെ പോലെ ഒരു വനിതാ നേതാവിന്റെ വീടിന് നേര്‍ക്ക് ഇത്തരത്തില്‍ ഒരു അക്രമം നടന്നു എന്നത് ഗുരുതരമായ കാര്യമാണ്. ശോഭാ സുരേന്ദ്രന് ബിജെപിക്ക് പുറത്ത് ശത്രുക്കള്‍ ഉണ്ടാകാന്‍ ഒരു സാധ്യതയുമില്ല.
ബിജെപിയുടെ തൃശൂര്‍ ജില്ലയിലെ നേതാക്കളുടെ പങ്ക് ഇക്കാര്യത്തില്‍ അന്വേഷിക്കപ്പെടണം. ശോഭാ സുരേന്ദ്രന്‍ തൃശ്ശൂര്‍ താമസിച്ചു പ്രവര്‍ത്തിക്കുന്നതിന് എല്ലാ കാലവും തടസ്സം നിന്നിട്ടുള്ളത് അവരാണ്. ഈ അടുത്ത ദിവസങ്ങളില്‍ അവര്‍ വീണ്ടും തൃശ്ശൂര്‍ ബിജെപി ഓഫീസില്‍ പത്രസമ്മേളനം നടത്തുകയും തൃശ്ശൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനത്തില്‍ വ്യാപൃതയാവുകയും ചെയ്തത് ബിജെപിയുടെ പല നേതാക്കള്‍ക്കും സുഖിച്ചിട്ടില്ല എന്നുള്ളത് വ്യക്തമാണ്.
പോലീസ് കൃത്യമായ അന്വേഷിച്ച് ഇക്കാര്യത്തില്‍ നടപടിയെടുക്കണം. പ്രതികള്‍ ബിജെപിക്കാര്‍ ആണെങ്കില്‍ ഉഴപ്പുന്ന പരിപാടി പിണറായി പോലീസ് ചെയ്യരുത്.












Click it and Unblock the Notifications