'ഈ സ്‌നേഹം തുടരട്ടെ', കുടുംബചിത്രം പങ്കുവെച്ച് മോഹന്‍ലാല്‍: ഫാമിലി ആക്ഷന്‍ ത്രില്ലര്‍ വരട്ടെയെന്ന് ആരാധകര്‍
സമ്പൂര്‍ണ കുടുംബ ചിത്രം പങ്കുവെച്ച് മോഹന്‍ലാല്‍. ഫേസ്ബുക്കിലാണ് നടന്‍ അതിമനോഹരമായ ചിത്രം പങ്കുവെച്ചത്. ഭാര്യ സുചിത്രയും മക്കളായ പ്രണവും വിസ്മയയും അടങ്ങുന്ന സമ്പൂര്‍ണ്ണ കുടുംബചിത്രമാണ് മോഹന്‍ലാല്‍ പങ്കുവെച്ചത്. ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ടതെല്ലാം ഒരു ഫ്രെയിമില്‍ എന്നാണ് ചിത്രത്തിന് അടിക്കുറിപ്പായി മോഹന്‍ലാല്‍ കുറിച്ചത്. വളരെ അപൂര്‍മായാണ് മോഹന്‍ലാല്‍ എല്ലാവരും ഉള്‍പ്പെടുന്ന ചിത്രം സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നത്.
മോഹന്‍ലാലിന്റെ കൊച്ചിയിലെ വീട്ടില്‍ നിന്നുള്ള ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്. മോഹന്‍ലാല്‍ ഇട്ടിമാണി സിനിമയില്‍ ഉപയോഗിച്ച ലാമ്പ്രട്ട എന്ന എഴുപതുകളിലെ മോഡല്‍ സ്‌കൂട്ടറിലാണ് ചിത്രത്തില്‍ വിസ്മയ ഇരിക്കുന്നത്. കുടുംബത്തിന് ഏറെ വൈകാരികമായി അടുപ്പമുള്ളതാണ് ഈ വെള്ളയും ചുവപ്പും നിറമുള്ള സ്‌കൂട്ടര്‍. ചിത്രം പങ്കുവെച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ ആയിരക്കണക്കിന് പേരാണ് ലൈക്കും ഷെയറും നല്‍കിയിരിക്കുന്നത്. മനോഹരമായ ചിത്രം എന്നാണ് നിരവധി പേരും അഭിപ്രായപ്പെടുന്നത്. ഈ സ്‌നേഹം തുടരട്ടെ എന്നാണ് ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്. സുചിത്രയും സിനിമയിലേക്ക് എത്തണമെന്ന് അഭിപ്രായം പങ്കുവയ്ക്കുന്ന വരും ഉണ്ട്.

പ്രണവിന് പിന്നാലെ സഹോദരി വിസ്മയയും സിനിമയിലേക്ക് എത്തുന്നതിന്റെ സന്തോഷത്തിലാണ് താരകുടുംബം. കഴിഞ്ഞ ദിവസമായിരുന്നു വിസ്മയ മോഹന്‍ലാല്‍ നായികയാകുന്ന ചിത്രത്തിന്റെ പൂജ കൊച്ചിയില്‍ നടന്നത്. ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിലൂടെയാണ് വിസ്മയയുടെ വെള്ളിത്തിരയിലേക്കുള്ള അരങ്ങേറ്റം. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.
സുചിത്ര മോഹന്‍ലാലാണ് സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചത്. വിസ്മയയുടെ സഹോദരന്‍ കൂടിയായ നടന്‍ പ്രണവ് ആദ്യ ക്ലാപ്പടിച്ചു. വിസ്മയ നായികയായി എത്തുന്ന ചിത്രത്തെ വലിയ ആകാംക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. സിനിമാ മേഖലയിലെ നിരവധി പ്രമുഖരാണ് ചടങ്ങില്‍ പങ്കെടുത്തത്. ആശിര്‍വാദ് സിനിമാസിന്റെ 37-ാമത് ചിത്രമാണിത്. ആന്റണി പെരുമ്പാവൂരിന്റെ മകനും സിനിമയില്‍ അഭിനയിക്കുന്നുണ്ട്
തന്റെ മക്കള്‍ സിനിമയില്‍ അഭിനയിക്കുമെന്ന് കരുതിയിരുന്നില്ലെന്ന് മോഹന്‍ലാല്‍ പറഞ്ഞു. മോഹന്‍ലാലിന് സിനിമയിലെ സമഗ്ര സംഭാവനയ്ക്കുള്ള ദേശീയ പുരസ്‌കാരമായ ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം നേടിയത് അഭിമാന നിമിഷമായിരുന്നു. ഈ സന്തോഷങ്ങളെല്ലാം നിറഞ്ഞു നില്‍ക്കുന്ന വേളയിലാണ് സമൂഹമാധ്യമത്തില്‍ ഈ ചിത്രം മോഹന്‍ലാല്‍ പങ്കിടുന്നത്.
തായ്ലന്‍ഡില്‍ കഠിനമായ ആയോധന മുറകള്‍ ഉള്‍പ്പെടെ അഭ്യസിച്ചാണ് വിസ്മയ നാട്ടിലേക്ക് മടങ്ങിയെത്തിയത്. ആയോധന കലകള്‍ക്ക് പ്രാധാന്യമുള്ള ആക്ഷന്‍ സിനിമയാണ് ജൂഡ് ആന്റണി സംവിധാനം ചെയ്യുന്നത് എന്നാണ് സൂചന.












Click it and Unblock the Notifications