മായിന്‍ ഹാജി വഖഫ് ബോര്‍ഡ് ചെയര്‍മാന്‍; പുനഃസംഘടനക്കെതിരെ കെഎസ് ഹംസ കോടതിയില്‍
കെഎസ് ഹംസ ചെയര്‍മാന്‍ ആയ വഖഫ് ബോര്‍ഡ് പിരിച്ചുവിട്ട് സംസ്ഥാന വഖഫ് ബോര്‍ഡ് പുനഃസംഘടിപ്പിച്ച് വിഡി സതീശന്‍ സര്‍ക്കാര്‍. മുസ്ലിം ലീഗ് നേതാവ് എംസി മായിന്‍ ഹാജിയാണ് പുതിയ ചെയര്‍മാന്‍. നേരത്തെ സമസ്തയുടെ നടപടി നേരിട്ട മുസ്തഫല്‍ ഫൈസിയെ ബോര്‍ഡില്‍ ഉള്‍പ്പെടുത്തി. ജമാഅത്തെ ഇസ്ലാമിയുടെ പ്രതിനിധിയും പുതിയ ബോര്‍ഡിലുണ്ട്. വനിതാ അംഗങ്ങളെയും ഉള്‍പ്പെടുത്തി.
കെഎസ് ഹംസയുടെ അധ്യക്ഷതയിലുള്ള ബോര്‍ഡിന് ഇനിയും നാല് വര്‍ഷത്തോളം കാലാവധിയുള്ളപ്പോഴാണ് അസാധാരണ ഉത്തരവിലൂടെ പിരിച്ചുവിട്ടത്. ഹൈക്കോടതി നിര്‍ദേശമുള്ളതിനാലാണ് തീരുമാനം എന്ന് വഖഫ് മന്ത്രി എന്‍ ഷംസുദ്ദീന്‍ പ്രതികരിച്ചു. അതേസമയം, എപി വിഭാഗം സമസ്തക്ക് പുതിയ ബോര്‍ഡില്‍ പ്രാതിനിധ്യമില്ല.

കുറുക്കോളി മൊയ്തീന്‍ എംഎല്‍എ, തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, മുസ്തഫല്‍ ഫൈസി, സിറാസ് ഡി കാപ്സി, സജ്ന ഫിറോസ്, ജസീം സബാഹ്, ഡോ. അബ്ദുള്‍ മജീദ്, സലാഹി മദീന ബീഗം എന്നിവരാണ് അംഗങ്ങള്‍. രണ്ട് മുസ്ലിം ഇതര അംഗങ്ങളെ നിയമിച്ചിട്ടില്ല. സുപ്രീംകോടതി ഈ വിഷയം പരിഗണിക്കുന്നതിനാല്‍ അന്തിമ വിധിക്ക് ശേഷമാകും മുസ്ലിം ഇതര അംഗങ്ങളുടെ നിയമനം.
ഇടതുസര്‍ക്കാര്‍ നിയമിച്ച കെഎസ് ഹംസയുടെ നേതൃത്വത്തിലുള്ള ബോര്‍ഡിലെ മുഴുവന്‍ അംഗങ്ങളെയും ഒഴിവാക്കിയാണ് പുതിയ സമിതി രൂപീകരിച്ചിരിക്കുന്നത്. പുതിയ സര്‍ക്കാര്‍ വരുമ്പോള്‍ അവര്‍ക്ക് ഇഷ്ടമുള്ളവരെ ബോര്‍ഡില്‍ നിയമിക്കുക പതിവാണെന്ന് മുന്‍ ബോര്‍ഡ് അംഗം ഉമര്‍ ഫൈസി മുക്കം പ്രതികരിച്ചു. വഖഫ് ബോര്‍ഡ് പുനഃസംഘടനയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന ഹൈക്കോടതി ഉത്തരവ് പരിഗണിച്ചാണ് നടപടിയെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കുന്നു.
പലതവണ വഖഫ് ബോര്‍ഡ് അംഗമായിരുന്ന മായിന്‍ ഹാജി മുസ്ലിം ലീഗിന്റെ മുതിര്‍ന്ന നേതാക്കളിലൊരാളാണ്. പുതിയ ബോര്‍ഡില്‍ വിവിധ മുസ്ലിം സംഘടനാ വിഭാഗങ്ങള്‍ക്ക് പ്രാതിനിധ്യം നല്‍കിയിട്ടുണ്ടെങ്കിലും കാന്തപുരം സുന്നി വിഭാഗത്തില്‍നിന്ന് ആരെയും ഉള്‍പ്പെടുത്തിയിട്ടില്ല. അവര്‍ ഇക്കാര്യത്തിലുള്ള അതൃപ്തി തുറന്നുപറഞ്ഞു. 90 ശതമാനം വഖഫ് സ്വത്തുകളും കൈവശം വെക്കുന്നത് സുന്നി വിഭാഗങ്ങളാണ് എന്നതും അവര്‍ ഓര്‍മിപ്പിച്ചു.
വഖഫ് സ്വത്തുക്കളുടെ സംരക്ഷണം, രജിസ്ട്രേഷന്‍, നടത്തിപ്പ്, അനധികൃത കൈയേറ്റങ്ങള്‍ തടയല്‍ തുടങ്ങിയ നിര്‍ണായക ചുമതലകള്‍ വഹിക്കുന്ന സ്ഥാപനമാണ് സംസ്ഥാന വഖഫ് ബോര്‍ഡ്. മേലാറ്റൂര്‍ ഗ്രാമപഞ്ചായത്ത് അംഗമാണ് ജമാഅത്തെ ഇസ്ലാമിയുടെ പ്രതിനിധിയായ ജസിം സബാഹ്. പെരുമ്പടപ്പ് പഞ്ചായത്ത് അംഗമാണ് സജ്‌ന ഫിറോസ്. വഖഫ് ബോര്‍ഡില്‍ അംഗത്വം ലഭിക്കാത്ത മതസംഘടനാ പ്രതിനിധികളെ ഹജ്ജ് കമ്മിറ്റിയില്‍ പരിഗണിച്ചേക്കും. ഇതര മതസ്ഥര്‍ ഇല്ലാത്ത വഖഫ് ബോര്‍ഡ് പുനഃസംഘടന നിലനില്‍ക്കില്ലെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോണ്‍ ജോര്‍ജ് പറഞ്ഞു.
അതേസമയം, കെഎസ് ഹംസ പുനഃസംഘടനക്കെതിരെ ഹൈക്കോടതിയെ സമീപിച്ചു. ഉമീദ് നിയമത്തില്‍ പറയുന്ന പോലെ അല്ല സര്‍ക്കാര്‍ നടപടി എടുത്തത് എന്ന് ഹംസ ചൂണ്ടിക്കാട്ടി. ഒഴിവുകള്‍ നികത്താനാണ് നിയമത്തില്‍ അനുമതിയുള്ളത്. പൂര്‍ണമായും പിരിച്ചുവിടാന്‍ സാധിക്കില്ലെന്നും ഹംസ വാദിച്ചു. സ്‌റ്റേ അനുവദിക്കേണ്ട സാഹചര്യമില്ലെന്ന് നിരീക്ഷിച്ച കോടതി, ഹര്‍ജി ഡിവിഷന്‍ ബെഞ്ചിന്റെ പരിഗണനയ്ക്കായി മാറ്റി.


Click it and Unblock the Notifications
