കെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവം: മേയറേയും എംഎല്‍എയേയും ഒഴിവാക്കി കുറ്റപത്രം
തിരുവനന്തപുരം: കെ എസ് ആര്‍ ടി സി വാഹനം തടഞ്ഞ് ഡ്രൈവറുമായി വാക്കേറ്റമുണ്ടായ സംഭവത്തില്‍ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെയും ഭര്‍ത്താവ് സച്ചിന്‍ ദേവ് എം എല്‍ എയേയും ഒഴിവാക്കി കുറ്റപത്രം. മേയറുടെ സഹോദരന്‍ അരവിന്ദ് മാത്രമാണ് കേസില്‍ പ്രതി. മേയറും എം എല്‍ എയും ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസപ്പെടുത്തുകയോ അസഭ്യം പറയുകയോ ചെയ്തിട്ടില്ല എന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.
അരവിന്ദിന്റെ ഭാര്യ ആര്യയേയും കുറ്റപത്രത്തില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്. കെ എസ് ആര്‍ ടി സി ഡ്രൈവര്‍ യദു നല്‍കിയ സ്വകാര്യ ഹര്‍ജി പരിഗണിച്ച് കോടതി നേരിട്ട് കേസ് എടുക്കാന്‍ നിര്‍ദ്ദേശിച്ചത് അനുസരിച്ചാണ് കേസ് എടുത്തത്. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പ്രസ്തുത കേസ് പരിഗണിക്കുന്നത്. 2024 ഏപ്രില്‍ 27 ന് രാത്രി 10 മണിക്കായിരുന്നു കേസിനാസ്പദമായ സംഭവം.

പാളയം സാഫല്യം കോംപ്ലക്‌സിന് മുന്നില്‍ വച്ച് മേയറും എം എല്‍ എയും അടക്കമുളളവര്‍ സഞ്ചരിച്ച സ്വകാര്യ വാഹനം കെ എസ് ആര്‍ ടി സി ബസിനെ തടഞ്ഞ് വെച്ച് ഡ്രൈവറുമായി വാക്കു തര്‍ക്കം ഉണ്ടായി എന്നാണ് പരാതി. അന്ന് രാത്രി തന്നെ മേയര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. അപകടകരമായ രീതിയില്‍ ബസ് ഓടിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയത്. മേയര്‍ക്കെതിരെ ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചതിനും കേസുണ്ട്.
ഈ കേസില്‍ കെ എസ് ആ ര്‍ടി സി ഡ്രൈവര്‍ യദുവിനെതിരെ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കും. മ്യൂസിയം പൊലീസാണ് കുറ്റപത്രം നല്‍കുന്നത്. എന്നാല്‍ ആര്യ രാജേന്ദ്രന്റെ ഒപ്പമുള്ളവര്‍ തന്നെ അസഭ്യം പറഞ്ഞുവെന്നായിരുന്നു ഡ്രൈവര്‍ യദുവിന്റെ ആരോപണം. മേയറാണെന്ന് അറിയാതെയാണ് ആര്യയുമായി തര്‍ക്കിച്ചത് എന്നും അവര്‍ ഇടതു വശത്തു കൂടെ ഓവര്‍ ടേക്ക് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ സ്ഥലം ഇല്ലാത്തത് കൊണ്ടാണ് കടത്തി വിടാതിരുന്നതെന്നും യദു പറഞ്ഞിരുന്നു.
അതേസമയം ബസിലെ മെമ്മറി കാര്‍ഡ് കാണാതായ കേസില്‍ അന്വേഷണം എങ്ങുമെത്തിയിട്ടില്ല. അതിനിടെ മേയറെ പ്രതി ചേര്‍ക്കണം എന്ന് ആവശ്യപ്പെട്ട് യദു വീണ്ടും കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ഹര്‍ജിക്കാരന് വേണ്ടി അഡ്വക്കറ്റ് അശോക്. പി. നായര്‍ കോടതിയില്‍ ഹാജരായി.












Click it and Unblock the Notifications